Sorry, you need to enable JavaScript to visit this website.

എത്യോപ്യയിൽനിന്നുള്ള റിക്രൂട്ട്‌മെന്റ് പുനരാരംഭിക്കുന്നു

റിയാദ് - എത്യോപ്യയിൽനിന്ന് അടുത്ത മാസാദ്യം മുതൽ ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് പുനരാരംഭിക്കുമെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. 2013 ലാണ് എത്യോപ്യയിൽനിന്ന് വേലക്കാരുടെ റിക്രൂട്ട്‌മെന്റ് നിർത്തിവെച്ചത്. എത്യോപ്യയിൽ നിന്ന് റിക്രൂട്ട്‌മെന്റ് പുനരാരംഭിക്കുന്നതിനുള്ള ഏതാനും വ്യവസ്ഥകൾ ഇരു രാജ്യങ്ങളും അംഗീകരിച്ചിട്ടുണ്ട്. റിക്രൂട്ട്‌മെന്റ് ചെലവ് 900 ഡോളറിൽ കൂടാൻ പാടില്ല എന്നതാണ് ഇതിൽ പ്രധാനം. എത്യോപ്യൻ ഗാർഹിക തൊഴിലാളികളുടെ വേതനം 850 റിയാലായും നിശ്ചയിച്ചിട്ടുണ്ട്. വേതനത്തിനു പുറമെ ഭക്ഷണവും താമസവും സ്‌പോൺസർമാർ വഹിക്കണം. താമസവും ഭക്ഷണവും അടക്കം ഹൗസ് ഡ്രൈവർമാരുടെ വേതനവും 850 റിയാലായാണ് നിശ്ചയിച്ചിരിക്കുന്നത്. ഭക്ഷണം നൽകാത്തപക്ഷം ഭക്ഷണ അലവൻസ് ആയി മാസത്തിൽ 200 റിയാൽ വീതം സ്‌പോൺസർമാർ വഹിക്കണമെന്ന് വ്യവസ്ഥയുണ്ട്. 
രണ്ടു വർഷം വേലക്കാർ ജോലി സ്ഥലത്തുനിന്ന് ഒളിച്ചോടില്ല എന്നതിന് തൊഴിലാളികളെ സൗദിയിലേക്ക് അയക്കുന്ന എത്യോപ്യയിലെ റിക്രൂട്ട്‌മെന്റ് ഓഫീസുകൾ ഗ്യാരണ്ടി നൽകണമെന്നും വ്യവസ്ഥയുണ്ട്. രണ്ടു വർഷത്തിനകം വേലക്കാർ ഒളിച്ചോടുന്ന പക്ഷം ബദൽ തൊഴിലാളികളെ ലഭ്യമാക്കുന്നതിനുള്ള മുഴുവൻ ചെലവും എത്യോപ്യയിലെ റിക്രൂട്ട്‌മെന്റ് ഓഫീസ് വഹിക്കൽ നിർബന്ധമാണ്. 
സൗദിയിലേക്ക് അയക്കുന്ന സ്ത്രീപുരുഷ ഗാർഹിക തൊഴിലാളികൾക്ക് എത്യോപ്യ പരിശീലനം നൽകുകയും സൗദിയിലെ പാരമ്പര്യങ്ങളെയും ആചാരങ്ങളെയും കുറിച്ച് അവരെ ബോധവൽക്കരിക്കുകയും വേണം. സൗദിയിലേക്ക് അയക്കുന്ന ഗാർഹിക തൊഴിലാളികളുടെ മാനസികാരോഗ്യ നില എത്യോപ്യയിൽ വെച്ച് പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും വ്യവസ്ഥയുണ്ട്. എത്യോപ്യൻ വേലക്കാരികളുടെ ഭാഗത്ത് ആവർത്തിച്ച് കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് എത്യോപ്യയിൽ നിന്ന് വേലക്കാരെ റിക്രൂട്ട് ചെയ്യുന്നതിന് വിസകൾ അനുവദിക്കുന്നത് 2013 ൽ സൗദി അറേബ്യ നിർത്തിവെച്ചത്. 

Latest News