തബൂക്ക് - വധശിക്ഷ നടപ്പാക്കുന്നതിന് തൊട്ടുമുമ്പ് കൊലക്കേസ് പ്രതിക്ക് സൗദി പൗരൻ സായിദ് ജാബിർ അൽശദീദി നിരുപാധികം മാപ്പ് നൽകി. തബൂക്കിൽ വധശിക്ഷ നടപ്പാക്കുന്ന സ്ഥലത്ത് ഇന്നലെ രാവിലെയാണ് സംഭവം. സ്വന്തം മകനെ കൊലപ്പെടുത്തിയ പ്രതിക്കാണ് സൗദി പൗരൻ മാപ്പ് നൽകിയത്. ശിക്ഷ നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങളും ഒരുക്കങ്ങളുമെല്ലാം ബന്ധപ്പെട്ട വകുപ്പുകൾ പൂർത്തിയാക്കുകയും ശിക്ഷ നടപ്പാക്കുന്നതിന് പ്രതിയെ വധശിക്ഷ നടപ്പാക്കുന്ന സ്ഥലത്ത് എത്തിക്കുകയും ചെയ്ത ശേഷമാണ് പ്രതിക്ക് മാപ്പ് നൽകുന്നതായി സൗദി പൗരൻ പ്രഖ്യാപിച്ചത്. ശിക്ഷ നടപ്പാക്കുന്നത് കാണുന്നതിന് നിരവധി പേർ സ്ഥലത്ത് തടിച്ചുകൂടിയിരുന്നു* ശിക്ഷ നടപ്പാക്കുന്നതിന് ആരാച്ചാർ തയാറെടുപ്പ് നടത്തുന്നതിനിടെയാണ് ദൈവീക പ്രീതി മാത്രം കാംക്ഷിച്ച് പ്രതിക്ക് മാപ്പ് നൽകുന്നതായി സൗദി പൗരൻ പ്രഖ്യാപിച്ചത്. ഇത് കേട്ട് തക്ബീർ ധ്വനികൾ മുഴക്കിയും അല്ലാഹുവിനെ സ്തുതിച്ചും സൗദി പൗരന് നന്ദി പറഞ്ഞും ജനാരവം ആഹ്ലാദം പ്രകടിപ്പിച്ചു.
പ്രതിക്ക് കഴിഞ്ഞ വർഷം വധശിക്ഷ നടപ്പാക്കാനിരുന്നതാണ്. അന്ന് പ്രതിയെ ശിക്ഷ നടപ്പാക്കുന്ന സ്ഥലത്ത് എത്തിച്ചിരുന്നു* തബൂക്ക് പോലീസ് കുറ്റാന്വേഷണ വകുപ്പ് മുൻ മേധാവിയും നിലവിൽ അൽബാഹ പോലീസ് ഉപമേധാവിയുമായ ബ്രിഗേഡിയർ വലീദ് അൽഹർബിയുടെ മധ്യസ്ഥശ്രമങ്ങൾ മാനിച്ച് പ്രതിക്ക് ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെക്കുന്നതിന് അന്ന് കൊല്ലപ്പെട്ട യുവാവിന്റെ മാതാപിതാക്കളും സഹോദരങ്ങളും സമ്മതിക്കുകയായിരുന്നു. ബ്രിഗേഡിയർ വലീദ് അൽഹർബി ഇന്നലെയും ശിക്ഷ നടപ്പാക്കുന്ന സ്ഥലത്ത് എത്തിയിരുന്നു. ഇന്നലെ അവസാന നിമിഷം ഇദ്ദേഹം നടത്തിയ മധ്യസ്ഥശ്രമങ്ങളാണ് പ്രതിക്ക് നിരുപാധികം മാപ്പ് നൽകുന്നതിന് സൗദി പൗരൻ സായിദ് ജാബിർ അൽശദീദിയെ പ്രേരിപ്പിച്ചത്.