അജ്മാന്‍- വീടുവിട്ടിറങ്ങിയ ബുദ്ധിമാന്ദ്യമുള്ള ആഫ്രിക്കന്‍ ബാലനെ പിതാവിനെ തിരിച്ചേല്‍പിച്ച് അജ്മാന്‍ പോലീസ്. മാതാപിതാക്കള്‍ അറിയാതെ, വീട്ടില്‍നിന്നിറങ്ങിയ പത്തുവയസ്സുകാരന്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ചെന്നുപെടുകയായിരുന്നു. ചോദിച്ചിട്ട് ഉത്തരമൊന്നും പറയാതെ നിന്ന ബാലനെ പോലീസിനെ വിളിച്ച് ഏല്‍പിച്ചത് മാനേജറാണ്.
കുട്ടിക്ക് സംസാര ശേഷിയില്ലാത്തതിനാല്‍ എവിടെയാണ് പോകേണ്ടതെന്ന് പോലീസിന് മനസ്സിലാക്കാനായില്ല. കുട്ടിക്കു മാനസിക വളര്‍ച്ച കുറവാണെന്നും പൊലീസിനു വ്യക്തമായി. തുടര്‍ന്ന് അവന്റെ വീടു കണ്ടെത്തായി കുട്ടിയുമായി പൊലീസ് ആ മേഖല മുഴുവന്‍ കറങ്ങി. എന്നാല്‍ അതും ഫലം കണ്ടില്ല.
തിരികെ കുട്ടിയുമായി പോലീസ് സ്റ്റേഷനിലെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ കണ്ടത് മകനെ കാണാതായെന്ന പരാതിയുമായെത്തിയ ഒവ്‌സോയിലോലോ ഇവണി എന്ന യുവാവിനെയാണ്. താമസിക്കുന്ന ഫഌറ്റിന്റെ വാതില്‍ തുറന്ന് മകന്‍ ആരും അറിയാതെ പോയതാണെന്നും കുട്ടിക്ക് സംസാരശേഷിയില്ലെന്നും മാനസികവളര്‍ച്ച കുറവാണെന്നും ഇയാള്‍ പറഞ്ഞു. ഇതോടെ തങ്ങളുടെ കൈയിലുള്ളത് ഇയാളുടെ കുട്ടിയാണെന്ന് മനസ്സിലാക്കിയ പോലീസ് കൈമാറുകയായിരുന്നു. കുട്ടിയുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ശ്രദ്ധിക്കണമെന്ന് ഉപദേശിച്ചാണ് കുട്ടിയെ പോലീസ് പിതാവിനൊപ്പം അയച്ചത്.