Sorry, you need to enable JavaScript to visit this website.

നിയമത്തിന്റെ വഴിയും മൊഴിയും

നിയമം നിയമത്തിന്റെ വഴിയേ പോകട്ടെ  എന്നാണല്ലോ പറഞ്ഞു പതിഞ്ഞ മൊഴി. ആർ അത് പൊട്ടിച്ചു വിട്ടു എന്ന് ആർക്കും രൂപമില്ല. അതുകൊണ്ട് അത് ആരുടെ വായക്കും വഴങ്ങുന്നതായിരിക്കുന്നു.  നിയമം നിയമത്തിന്റെ വഴി വിട്ടു പോകുകയും മൊഴി കുഴയുകയും ചെയ്യുന്നോ എന്നേ സംശയമുള്ളൂ.
നിയമത്തിന്റെ വഴിയും മൊഴിയും താണ്ടുമ്പോൾ ഞാൻ എപ്പോഴും കൃഷ്ണ മഹാജനെ ഓർക്കും. കണ്ടിട്ട് കാൽ നൂറ്റാണ്ടിലേറെയായി.  കണ്ടിരുന്ന കാലത്തു തന്നെ അധികം സംസാരിച്ചിരുന്നില്ല. എന്നാലും ഞങ്ങൾക്ക് തമ്മിൽ തമ്മിൽ ഒട്ടൊക്കെ ബഹുമാനമായിരുന്നു. നീരസം കാട്ടേണ്ട അവസരമേ ഉണ്ടായിട്ടില്ല.  നിയമേന പലരോടും നീരസം കാട്ടാറുള്ള കൃഷ്ണ മഹാജൻ എന്നോട് അസഹ്യത കാട്ടിയില്ല എന്നത് ഞാൻ ഒരു ബഹുമതിയായി കണക്കാക്കുന്നു.
വരിഷ്ഠനായ നിയമകാര്യ ലേഖകനായിരുന്നു കൃഷ്ണ മഹാജൻ.  വലിയ ബിരുദധാരി. ഭരണഘടനയെപ്പറ്റിയോ മറ്റോ ഗവേഷണം നടത്തി പിഎച്ച്.ഡി നേടി.  വാദിക്കും പ്രതിക്കും വേണ്ടി മാറി മാറി കൊച്ചുകൊച്ചു കേസുകൾ കോടതിയിൽ പറഞ്ഞുനോക്കിയപ്പോൾ കൃഷ്ണന് ഒരു കാര്യം മനസ്സിലായി: പണം പിടുങ്ങാനും കക്ഷിയെ കബളിപ്പിക്കാനും തന്നെക്കൊണ്ടാവില്ല.  കോടതിയിലായാലും പുറത്തായാലും നിയമം ലംഘിക്കപ്പെടുന്നത് ഉറക്കെ വിളിച്ചു പറയുകയും അധ്യായവും പദ്യവും ഉരുക്കഴിച്ച് അത് പൊതുജനത്തെ മനസ്സിലാക്കാൻ ശ്രമിക്കുകയുമായി അദ്ദേഹത്തിന്റെ യോഗവും നിയോഗവും.
ഫലമെന്തായാലും തന്റെ ജോലി ചെയ്തിട്ടേ അദ്ദേഹം അടങ്ങിയിരുന്നുള്ളൂ.  വള്ളിപുള്ളിവിസർഗം തെറ്റാതെ ഓരോ വൈകുന്നേരവും അദ്ദേഹം എത്തിച്ചുകൊടുക്കുന്ന റിപ്പോർട്ടുകൾ ചില സബ് എഡിറ്റർമാരെങ്കിലും കൈകാര്യം ചെയ്തത് അത്ര അവധാനതയോടെ ആയിരുന്നില്ല. പലതും അതൊരു പേടിസ്വപ്‌നമോ വെല്ലുവിളിയോ ആയി കരുതി.  ഒന്നുകിൽ അവർക്ക് അറിയാവുന്ന ഭാഷാക്രമത്തിലേക്ക് കൃഷ്ണന്റെ ഗീർവാണം അവർ പകർത്തിയെഴുതി, അല്ലെങ്കിൽ കണ്ടില്ലെന്നു നടിച്ചു. നേരം പുലരുമ്പോൾ കൃഷ്ണൻ പരാതിയുമായി ഉദിക്കും: അദ്ദേഹത്തിന്റെ റിപ്പോർട്ട് തെറ്റായി മാറ്റിയിരിക്കുന്നു, അല്ലെങ്കിൽ മാറ്റിക്കളഞ്ഞിരിക്കുന്നു. 
കൃഷ്ണന്റെ മൊഴി പിടികിട്ടുന്നില്ലെന്നായിരുന്നു സബ് എഡിറ്റർമാരുടെ പരിദേവനം.  തന്റെ ലിഖിതത്തിൽ കുത്തോ കോമയോ കൂട്ടാനോ കിഴിക്കാനോ അനുവാദമില്ലെന്നായിരുന്നു കൃഷ്ണന്റെ നിലപാട്.  ഒരു മുൻ പേജ് കഥയുടെ അടിയിൽ അദ്ദേഹം ശ്രദ്ധാപൂർവം എഴുതിവെച്ചിരുന്നു: 'ഇതിൽ ഒരക്ഷരവും മാറ്റരുത്'.
ആ താക്കീതുൾപ്പെടെ അങ്ങനെ തന്നെ പിറ്റേന്നാൾ അച്ചടിച്ചുവന്നപ്പോൾ ഊറിച്ചിരിച്ചവരുടെ കൂട്ടത്തിൽ, 'ഓതി നീണ്ട ജടയും നഖങ്ങളും' എന്നീ വരികൾ ഓർമ്മിപ്പിക്കുന്ന വിരുതൻ സബ്ബും ഉണ്ടായിരുന്നു.  കൃഷ്ണന്റെ ഭാവം ചിരിയും ചൊറിയും കലർന്നതായിരുന്നു.
നിയമത്തിന്റെ മൊഴി കടുകിട മാറ്റരുതെന്നായിരുന്നു കൃഷ്ണന്റെ ശാസനം. അഷ്ടാംഗ യോഗത്തിൽ പെടുന്ന യമവും നിയമവും ഉൾക്കൊണ്ടിട്ടില്ലാത്ത സാധാരണ വായനക്കാരന് പാഠശുദ്ധി ഉറപ്പു വരുത്താനുള്ള കൃഷ്ണന്റെ പ്രയത്‌നം സുഖിക്കില്ല.  എഴുതിവിടുന്ന വാക്ക് വായിക്കാനുള്ളതാവണം എന്നൊരു നിർബന്ധം പണ്ഡിതനായ കൃഷ്ണ മഹാജനും ഉണ്ടായിരുന്നില്ല. നിയമത്തിന്റെ വഴിയും മൊഴിയും തെറ്റരുതെന്ന കാര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ. ഒടുവിൽ അദ്ദേഹം ഒരു ഒത്തുതീർപ്പിനു വഴങ്ങി: അദ്ദേഹത്തിന്റെ റിപ്പോർട്ടിൽ ഞാൻ മാത്രമേ കൈ വെക്കുകയുള്ളൂ; ഞാൻ കണ്ടേ അദ്ദേഹത്തിന്റെ റിപ്പോർട്ട് അച്ചടിക്കാൻ വിടാവൂ.  എനിക്ക് അതൊരു ശിക്ഷയായിരുന്നു; അംഗീകാരവും.
നിയമത്തിന്റെ മൊഴി നിഷ്‌കൃഷ്ടമാക്കാനായിരുന്നു കൃഷ്ണന്റെ ശ്രമം.  വിധിയോ ഹരജിയോ ലളിതവും സുഗമവുമാക്കാനുള്ള വ്യഗ്രതയിൽ അബദ്ധം കടന്നുകൂടരുത്. കോടതി കയർക്കുമെന്നതുകൊണ്ടു മാത്രമല്ല, വസ്തുതാപരമായി ഓരോ അക്ഷരവും ശരിയായിരിക്കണമെന്നായിരുന്നു കൃഷ്ണന്റെ ശാഠ്യം.  സുഗ്രാഹ്യതയുടെ ബലിപീഠത്തിൽ തർപ്പണം ചെയ്യാനുള്ളതല്ല വസ്തുത. അത്തരം ബിംബ ഭംഗിയിലും കാൽപനികത്വത്തിലും കൃഷ്ണനു താൽപര്യമുണ്ടായിരുന്നില്ല. 
ഘനഗംഭീരതയുടെ വക്താക്കളെയും പ്രയോക്താക്കളെയും ആരാധിക്കുകയോ അനുകരിക്കുകയോ ചെയ്യുന്ന കൂട്ടത്തിൽ പെടില്ല കൃഷ്ണൻ.  വി.ആർ. കൃഷ്ണയ്യരുടെ എമണ്ടൻ പ്രയോഗങ്ങളാകും ഒരു കൂട്ടം നിയമ കുതുകികളെ അദ്ദേഹത്തിലേക്ക് ആകർഷിച്ചത്. പത്തു വാക്കിൽ പറയാവുന്നത് ഒമ്പത് വാക്കാക്കി ഒതുക്കരുതെന്നതും ഒരിടക്ക് പ്രമാണമായി.  കൃഷ്ണ മഹാജൻ പറഞ്ഞുകേട്ടതാണോ വേറെ ആരാനിലും നിന്ന് അറിഞ്ഞതാണോ, എച്ച്.എം. ശീർവായ് എന്ന പണ്ഡിതനായ അഭിഭാഷകനെ ഉദ്ധരിച്ച് നിരത്തുന്ന ഒരു വാചകം ഇങ്ങനെ: 'വിധി പറയാൻ പാടില്ലാത്ത ഒരു ഭാഷാക്രമം ഇതാകും.'
കൃഷ്ണയ്യരുടെ ജാജ്വല്യമാനമായ പദാവലിയും ഉച്ചസ്ഥായിയിലുള്ള പ്രയോഗ വിശേഷവും മനസ്സിൽ വെച്ചുകൊണ്ടായിരിക്കും ആ വക്രോക്തി എടുത്തെറിഞ്ഞതെന്നു പറഞ്ഞുപരത്തി ചില ദുർബുദ്ധികൾ.
ആ പരദൂഷണം നിലനിന്നിട്ടും പലരും മോഹിച്ചതാണ് കൃഷ്ണയ്യർ പോയ വഴിയേ പോകാൻ.  ഒരു ലത്തീൻ വാക്കോ നോക്കോ ഇടക്കുണ്ടായാൽ ഏറെ നന്നായി. കേൾക്കുന്നവർ ഞെട്ടിയാൽ വിധി കേമമായി.  പ്രചാരം കുറഞ്ഞ ഒരു സംസ്‌കൃത പദമോ സന്ധിയോ ശൈലിയോ ഉപയോഗിച്ചാൽ ആനന്ദ ലബ്ധിക്കിനിയെന്തു വേണം എന്നും ചിലർ ചോദിച്ചേക്കും. തനി മലയാളമായാൽ കുണ്ടൂരിന്റെ കാലത്തേക്കുള്ള മടങ്ങിപ്പോക്കാകും എന്നാകും വിചാരം.  
അതുകൊണ്ട് സംസ്‌കൃതവും ലത്തീനും കാച്ചാൻ എല്ലാവരും അഹമഹമികയാ തള്ളിക്കേറുന്നു. ഏറെ കാലമായില്ല, ഒരു ന്യായാധിപൻ തന്റെ വിധിന്യായത്തിൽ സീസറുടെ ഭാര്യയുടെ കഥയും കഥയില്ലായ്മയും സൂചിപ്പിക്കുകയുണ്ടായി. സൂചന തെറ്റായിരുന്നു.  പക്ഷേ സംഗതി ഏറ്റു. മന്ത്രിയുടെ പണി പോയി. പിന്നെ സീസറെ ആ വഴിക്കൊന്നും കണ്ടില്ല. അതാണ് മൊഴിയുടെ വഴിയും കുഴിയും.
നിയമത്തിന്റെ വഴിയും മൊഴിയും ആലോചനാവിഷയമാക്കാൻ ഇടയാക്കിയ രണ്ടു സുപ്രീം കോടതി വിധികളെപ്പറ്റി പറയട്ടെ. രണ്ടും സ്ത്രീകൾക്ക് ന്യായവും നീതിയും എത്തിക്കാനുള്ള ദൗത്യമായിരുന്നു.  'പരാക്രമം സ്ത്രീകളൊടല്ല വേണ്ടൂ' എന്നു കവിയെക്കൊണ്ടു പാടിച്ച പശ്ചാത്തലത്തിനെതിരെ ആഞ്ഞടിക്കുകയായിരുന്നു കോടതി. ലിംഗസമത്വം ഉറപ്പിക്കാൻ കോടതി എത്ര വാക്കും വാദവും ചെലവാക്കിയെന്നോ? വൈവസ്വത മനുവും ജോൺ സ്റ്റുവർട് മില്ലും കയറി വന്നു.  അത്ര തന്നെ കേട്ടു പരിചയമില്ലാത്ത സ്ത്രീചിന്തകരും ഉദ്ധരിക്കപ്പെട്ടു. ന്യൂസ് അവറിലും ന്യൂസ് ഇല്ലാത്ത അവറിലും ചർച്ചയോടു ചർച്ച.
ഒരിടത്ത് ഞാൻ യാന്ത്രികമായ ഒരു വാദഗതി പയറ്റി നോക്കി.  തുല്യതയുടെ പേരിൽ ഇനി പുരുഷന്മാർ പൊങ്കാലയിടുകയും സ്ത്രീകൾ പട്ടാളത്തിൽ ചേരുകയും വേണം. വാസ്തവത്തിൽ ആ കുതർക്കം എന്റെ ഉള്ളിൽ ഒളിഞ്ഞിരുന്ന ആൺ ചായ്‌വിന്റെ അടയാളമായിരുന്നു.  കാലാകാലമായി നിലനിൽക്കുന്ന ആൺകോയ്മക്കെതിരെ ഇത്ര ഉറക്കെ സംസാരിക്കാൻ ഒരു മുഖ്യ ന്യായാധിപൻ പിരിയാറാവുന്നതുവരെ കാത്തിരിക്കേണ്ടി വന്നല്ലോ എന്ന് ആലോചിക്കുക. വേദവും വാദവും നിരത്തിക്കൊണ്ട് പരമോന്നത ന്യായപീഠം പ്രഖ്യാപിച്ചതിന്റെ ചുരുക്കം ഇതായിരുന്നു: സ്ത്രീകളും പുരുഷന്മാരും തുല്യരത്രേ. 
അവസാനിക്കത്ത ഒരു സംവാദത്തിന്റെ ആരംഭമായിരുന്നു ആ വിളംബരം എന്നു തോന്നുന്നു.
ചർച്ചക്ക് വഴങ്ങുന്നതായിരുന്നു രണ്ടിൽ ഒരു വിധി. സ്ത്രീകൾ മല കയറാമോ? പല നിറങ്ങളുള്ള തോരണങ്ങൾക്കു കീഴെ സമരക്കാർ ഇറങ്ങി. അവരെ തോൽപിക്കാൻ സ്ത്രീകളെ മല കയറ്റിയേ അടങ്ങൂ എന്നു ശഠിക്കുന്നവർ അവരുടെ സ്വന്തം ഇടത്തും പട പുറപ്പെട്ടു.  പക്ഷേ അങ്ങനെയൊരു സമരവും കാഹളവും ഉണ്ടാക്കാതെ പോയി മറ്റേ ന്യായപ്രസ്താവം. ഭരണഘടനയുടെ ഭംഗിയെ പുകഴ്ത്തിക്കൊണ്ടു തുടങ്ങുന്ന നമ്മുടെ ചില കുടുംബ സങ്കൽപങ്ങളെയും സാമൂഹ്യ സ്ഥാപനങ്ങളെയും അട്ടിമറിക്കുന്നതായിരുന്നു. അതിന്മേൽ നീണ്ട ചർച്ചയൊന്നും കാണാതെ ഞാൻ അന്തം വിട്ടിരുന്നു.
വിവാഹത്തിനു പുറത്തുള്ള ലൈംഗിക ബന്ധം കുറ്റമല്ലെന്നാണ് കോടതി വിധി. അതിനപ്പുറം ഒരു വിധി വരാനില്ലാത്തതുകൊണ്ട് അതു തന്നെയാവണം അന്തിമ വിധി. രണ്ടു ചോദ്യങ്ങൾ എന്റെ മനസ്സിൽ പത്തി വിടർത്തി. ഒന്നാമതായി, വിവാഹത്തിനു പുറത്ത് എത്ര വേണമെങ്കിലും ബന്ധമാകാമോ? രണ്ടാമതായി, അങ്ങനെ ബന്ധപ്പെടുന്നവർ ഒരുമിച്ചു കഴിയാമോ? അതിനുത്തരം കിട്ടിയാൽ മൂന്നാമതൊരു ചോദ്യവും ഉയരും: വിവാഹേതര ബന്ധത്തിൽനിന്നുണ്ടാകുന്ന കുട്ടികളുടെ സ്ഥാനവും അവകാശവും എന്തായിരിക്കും?
കോടതിയുടെ ധീരസുന്ദരമായ വിധിയെ ശ്ലാഘിച്ചുകൊണ്ടുള്ള പ്രസ്താവങ്ങൾക്കിടയിൽ ആ ചോദ്യങ്ങൾ മുഴങ്ങിയില്ല. കേസിൽ കക്ഷി ചേർന്നിരുന്ന ആഭാ സിംഗ് എന്ന ഒരു അഭിഭാഷക മാത്രം അങ്ങനെ വഴി വിട്ടു ചിന്തിക്കുന്നതു കണ്ടു.  ഇപ്പോൾ വന്നിട്ടുള്ള വിധി നില നിന്നാൽ വിവാഹം എന്ന സാമൂഹ്യ സ്ഥാപനം തന്നെ തകരും. സമൂഹം അഭിലഷിക്കാത്ത ആ സാഹചര്യമായിരുന്നോ കോടതി ിധിയുടെ ലക്ഷ്യം? ഇനി അതു തിരുത്തണമെങ്കിൽ വിധിക്കപ്പുറം പോകുന്ന ഒരു നിയമം കൊണ്ടുവരികയേ സർക്കാരിനു നിർവാഹമുള്ളൂ എന്നു ചൂണ്ടിക്കാട്ടുന്നു ആഭാ സിംഗ്. 

Latest News