ബി.ജെ.പി മലക്കം മറിഞ്ഞാൽ കോൺഗ്രസ് മറ്റെന്തു ചെയ്യും? ഹിന്ദു കാർഡിറക്കി ബി.ജെ.പി രംഗത്തിറങ്ങിയാൽ വിഷയം സി.പി. എം - ബി.ജെ.പി മത്സരമായി മാറുമെന്നു ധരിച്ച അവർക്കും ഇരിക്കപ്പൊറുതിയുണ്ടായില്ല. അങ്ങനെയാണ് ചെന്നിത്തലയെയും മുരളീധരനെയും പോലുള്ള നേതാക്കൾ രംഗത്തിറങ്ങിയത്. ബിന്ദു കൃഷ്ണയെയും ബൽറാമിനെയും പി.ടി. തോമസിനെയും ഷാനിമോൾ ഉസ്മാനെയുമൊക്കെ നിശ്ശബ്ദരാക്കി ബി.ജെ.പിയെയും കടത്തിവെട്ടിയാണ് ഇവരുടെ വരവ്.
കുപ്രസിദ്ധമായ വിമോചന സമരത്തിന്റെ 60 ാം വാർഷികമെത്തുമ്പോൾ കേരളം മറ്റൊരു വിമോചന സമരത്തിന്റെ വക്കിലാണോ? ആണെന്നു തന്നെ വേണം പറയാൻ. വിമോചന സമരത്തിനു സമാനമായ സാഹചര്യമാണ് ശബരിമലയിലെ സ്ത്രീപ്രവേശനത്തിന് അനുമതി നൽകിയ സുപ്രീം കോടതി വിധിയെ തുടർന്ന് സംസ്ഥാനത്ത് സംജാതമായിരിക്കുന്നത്. വിശ്വാസത്തേക്കാളുപരി രാഷ്ട്രീയമായി പ്രശ്‌നം വളർന്നിരിക്കുന്നു. അതോടൊപ്പം കേരളത്തിന്റെ കപടമായ പുരോഗമന മുഖം തകർന്നുപോകുന്നതും വ്യക്തമാകുന്നു.
സുപ്രീം കോടതി വിധിയെ ആദ്യഘട്ടത്തിൽ സ്വാഗതം ചെയ്യുകയോ നിശ്ശബ്ദരായിരിക്കുകയോ ചെയ്തവരെല്ലാം ഇതിലെ രാഷ്ട്രീയ സാധ്യത കണ്ട് അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുന്നു. സ്വാഭാവികമായും ബി.ജെ.പിയും കോൺഗ്രസും തന്നെ അതിൽ മുന്നിൽ. അപകടം തിരിച്ചറിഞ്ഞ് ഒരടി പിന്നോട്ടു വെച്ചിരിക്കുകയാണ് സി.പി.എം എന്നതും പറയാതെ വയ്യ. സ്ത്രീപ്രവേശനത്തെ ആർ.എസ്.എസിന്റെ കേന്ദ്ര നേതൃത്വം അതിശക്തമായി സ്വാഗതം ചെയ്തിരുന്നു. ബി.ജെ.പിയുടെ കാര്യവും വ്യത്യസ്തമല്ല. അവർ ഭരിക്കുന്ന ചില സംസ്ഥാനങ്ങളിൽ സമാനമായ സംഭവമുണ്ടായപ്പോൾ അത് യാതൊരു എതിർപ്പുമില്ലാതെ അംഗീകരിച്ചിരുന്നു. കേരളത്തിലെ ബി.ജെ.പി നേതൃത്വവും തുടക്കത്തിൽ പ്രതികരിച്ചത് കരുതലോടെയയായിരുന്നു. കെ. സുരേന്ദ്രനെ പോലുള്ളവരാകട്ടെ, കമ്യൂണിസ്റ്റുകാരേക്കാൾ ശക്തമായി സ്ത്രീപ്രവേശനത്തെ പിന്തുണച്ചിരുന്നു. എന്നാൽ രാഹുൽ ഈശ്വറിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം വിധിക്കെതിരെ ശക്തമായി രംഗത്തെത്തിയപ്പോൾ ഹൈന്ദവ സമൂഹത്തിൽ ഒറ്റപ്പെട്ടുപോകുമോ എന്ന അനാവശ്യ ഭീതിയായിരുന്നു ബി.ജെ.പി നിലപാട് മാറാൻ കാരണമായത്. രാഹുൽ ഈശ്വറിന്റെ പ്രധാന താൽപര്യം കുടുംബപരമാണെന്നുപോലും അവർ മറന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പു ആസന്നമായെന്നും ഇക്കുറിയെങ്കിലും കേരളത്തിൽ നിന്ന് രണ്ടോ മൂന്നോ സീറ്റു നേടിയില്ലെങ്കിൽ തങ്ങളുടെ രാഷ്ട്രീയ ഭാവി ഇല്ലാതാകുമെന്നറിയാവുന്ന നേതാക്കൾ മലക്കം മറിയുന്നതാണ് പിന്നെ കണ്ടത്.
ബി.ജെ.പി മലക്കം മറിഞ്ഞാൽ കോൺഗ്രസ് മറ്റെന്തു ചെയ്യും? ഹിന്ദു കാർഡിറക്കി ബി.ജെ.പി രംഗത്തിറങ്ങിയാൽ വിഷയം സി.പി. എം - ബി.ജെ.പി മത്സരമായി മാറുമെന്നു ധരിച്ച അവർക്കും ഇരിക്കപ്പൊറുതിയുണ്ടായില്ല. അങ്ങനെയാണ് ചെന്നിത്തലയെയും മുരളീധരനെയും പോലുള്ള നേതാക്കൾ രംഗത്തിറങ്ങിയത്. ബിന്ദു കൃഷ്ണയെയും ബൽറാമിനെയും പി.ടി. തോമസിനെയും ഷാനിമോൾ ഉസ്മാനെയുമൊക്കെ നിശ്ശബ്ദരാക്കി ബി.ജെ.പിയെയും കടത്തിവെട്ടിയാണ് ഇവരുടെ വരവ്. ദളിത് വിഭാഗത്തിൽ പെട്ട കൊടിക്കുന്നിൽ പോലും ചരിത്രത്തിലേക്കൊന്ന് തിരിഞ്ഞുനോക്കാതെ അവർക്കൊപ്പം കൂടി.
ഇത്രയുമായപ്പോഴാണ് സി.പി.എമ്മിനു അപകടം മനസ്സിലായത്. തുടക്കത്തിൽ റിവ്യൂ ഹരജി കൊടുക്കുമെന്നു സൂചിപ്പിച്ച ദേവസ്വം പ്രസിഡന്റിനെ മുഖ്യമന്ത്രി ശാസിച്ചു. എന്നാൽ പിന്നീട് അതേ മുഖ്യമന്ത്രി തന്നെ തന്ത്രി കുടുംബത്തെ ചർച്ചക്കായി ക്ഷണിച്ചു. എന്നാൽ അത്യാവശ്യം തന്ത്രങ്ങളറിയാവുന്ന തന്ത്രി കുടുംബം റിവ്യൂ ഹരജിയുടെ തീരുമാനമറിഞ്ഞിട്ടാകാം ചർച്ചയെന്ന നിലപാടെടുത്തത് സർക്കാരിനെ വെട്ടിലാക്കി. മറുവശത്താകട്ടെ, പതിനായിരക്കണക്കിനു പേരെ, പ്രതേകിച്ച് സ്ത്രീകളെ പങ്കെടുപ്പിച്ചാണ് സംസ്ഥാനത്തുടനീളം പ്രക്ഷോഭം വ്യാപിക്കുന്നത്.
അതിനാണ് വിമോചന സമരത്തിന്റെ ഛായ കൈവന്നിരിക്കുന്നത്.
വളരെ പ്രസക്തവും ചരിത്രപരവുമായ ഒരു യാഥാർത്ഥ്യമാണ് ഈ കോലാഹലങ്ങൾക്കിടയിൽ മുങ്ങിപ്പോകുന്നത്. ആചാരങ്ങളെല്ലാം കാലാനുസൃതമാണെന്നും കാലത്തിനനുസരിച്ച് അവയെല്ലാം മാറുമെന്നുമുള്ള സത്യം.
സതി നിർത്തലാക്കിയതും മാറുമറക്കൽ സമരവും ക്ഷേത്രപ്രവേശന വിളംബരവും പൊതുനിരത്തിൽ കൂടി നടക്കാനുള്ള അവകാശത്തിനായുള്ള സമരങ്ങളും ദളിത് വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നേടാനുള്ള അവകാശവും സംവരണവും മിശ്രഭോജനവും ബാല്യവിവാഹം നിരോധിച്ചതും വിധവാ വിവാഹങ്ങളും അടുക്കളയിൽ നിന്ന് അരങ്ങത്തെത്തിയതും ആർത്തവ സമയത്തെ വിവേചനങ്ങളും സ്ത്രീകൾക്കുള്ള സ്വത്തവകാശവും തുടങ്ങിയുള്ള പട്ടികയിൽ തന്നെ ഈ വിഷയത്തിനും സ്ഥാനം. ഈ മാറ്റങ്ങളൊന്നും ഉണ്ടായത് ഭരണകൂടം തന്ന ഔദാര്യങ്ങളായിരുന്നില്ല. നിരവധി പോരാട്ടങ്ങൾ അവയ്ക്കു പിറകിലുണ്ട്. നവോത്ഥാന പ്രസ്ഥാനങ്ങളും ദേശീയ പ്രസ്ഥാനവും മിഷനറി വിദ്യാഭ്യാസവും കമ്യൂണിസ്റ്റ് പ്രസ്ഥാനവും കോടതികളുമെല്ലാം അവയിൽ പങ്കുവഹിച്ചിട്ടുണ്ട്. ലൈംഗികതയിലെ കാപട്യങ്ങളെ തകർക്കുന്ന സമീപകാല കോടതി വിധികളും അവയുടെ തുടർച്ചയാണ്.
ഇങ്ങനെയാക്കെയാണെങ്കിലും വളരെ പ്രകടമായ ഒരു മാറ്റം കേരളസംസ്ഥാന രൂപീകരണത്തിനു ശഷം പ്രകടമാണ്. സാമൂഹ്യ രംഗത്തെ ഇത്തരം മാറ്റങ്ങളോട് കേരളം പൊതുവിൽ മുഖം തിരിച്ചതും എല്ലാ പോരാട്ടങ്ങളും സാമ്പത്തിക മേഖലയിലേക്ക് കേന്ദ്രീകരിച്ചതുമാണത്. കൂലിക്കൂടുതലിനായുള്ള നിരവധി സമരങ്ങൾക്ക് കേരളം സാക്ഷ്യം വഹിച്ചു. ഒരു ന്യൂനപക്ഷ വിഭാഗത്തിന് അതിന്റെ നേട്ടം ലഭിച്ചു.
എൻ.ജി.ഒ, അധ്യാപക, പൊതുമേഖലാ, ചുമട്ടുതൊഴിലാളി തുടങ്ങിയ സംഘടിത മേഖലകളിലായിരുന്നു അത്. ആദിവാസികൾ, ദളിതർ, മത്സ്യത്തൊഴിലാളികൾ, തോട്ടം തൊഴിലാളികൾ, അസംഘടിത തൊഴിലാളികൾ, ഇതര സംസ്ഥാന തൊഴിലാളികൾ തുടങ്ങി മഹാഭൂരിഭാഗത്തിനും അതിന്റെ നേട്ടമുണ്ടായില്ല. മറുവശത്താകട്ടെ, നവോത്ഥാന ധാരയെ കേരളം പൂർണമായും കൈവിടുകയായിരുന്നു.
അതിനാൽ തന്നെ ഐക്യ കേരളത്തിനു മുമ്പേ നേടിയ നേട്ടങ്ങൡ നാം നിശ്ചലരായി നിന്നു. ജാതി മത ലിംഗ ഭേദമില്ലാതെ ക്ഷേത്ര പ്രവേശനം, സ്ത്രീകളും ദളിതരുമടക്കം ഏവർക്കും പുരോഹിതരാകാനുള്ള അവസരം, ജാതി മത ഭേദമില്ലാതെയുള്ള വിവാഹങ്ങൾ, സാമൂഹ്യ ജീവിതത്തിലെ ജാതി - ലിംഗ വിവേചനങ്ങളില്ലാതാകൽ എന്നിവയൊന്നും ഇവിടെ നടന്നില്ല. മാത്രമല്ല, പല കാര്യങ്ങളിലും നാം പിറകോട്ടു പോയി.
രാജ്യത്തെങ്ങും ശക്തമായ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അലയൊലികൾ കാര്യങ്ങളെ കൂടുതൽ രൂക്ഷമാക്കി. സവർണ സംസ്‌കാരമായി നമ്മുടെ മുഖമുദ്ര. ഇപ്പോൾ ഭരിക്കുന്നതിനാൽ മാത്രം സുപ്രീംകോടതി വിധി നടപ്പാക്കുമെന്നു പറയുന്ന സി.പി.എം പോലും സാമൂഹ്യ നീതിക്കായുള്ള പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയില്ല. കേരളത്തിൽ ഈ മേഖലയിലുണ്ടായ മാറ്റങ്ങളിൽ മിക്കവാറും കമ്യൂണിസ്റ്റ് പാർട്ടി രൂപീകരണത്തിനു മുമ്പായിരുന്നു എന്ന ചരിത്രസത്യവും നമ്മുടെ മുന്നിലുണ്ട്. അതിനാൽ തന്നെ ഈ കോടതി വിധി നടപ്പാക്കാൻ ഭരണത്തെ ബാധിക്കുന്ന റിസ്‌കൊന്നും അവരെടുക്കുമെന്നു കരുതുക വയ്യ. ഇപ്പോൾ വളരെ കരുതലോടെയാണ് നേതാക്കളുടെ പ്രതികരണമെന്നത് നൽകുന്ന സൂചനയും മറ്റൊന്നല്ല.
എന്തായാലും ഇടയ്ക്കു മുറിഞ്ഞുപോയ സാമൂഹ്യ നീതിക്കായുള്ള പോരാട്ടങ്ങളുടെ തുടർച്ചയാണ് ചരിത്ര പ്രസിദ്ധമായ ഈ വിധി. ആർത്തവമടക്കം എന്തിന്റെ പേരിലും എവിടെയും ലിംഗനീതി നിഷേധിക്കാനാവില്ല എന്നതാണതിന്റെ സന്ദേശം. കേരളവും ഇന്ത്യയുമടക്കം ലോകത്തെമ്പാടും നടക്കുന്ന സ്ത്രീമുന്നേറ്റങ്ങളുടെ ഭാഗം തന്നെയാണിത്. ഇന്ന് ഭൂരിപക്ഷം സ്ത്രീകളും അതിനെതിരായിരിക്കാം.
ഏതു മാറ്റം നടക്കുമ്പോഴും അതങ്ങനെയാണ്. എന്നാൽ എല്ലാ വിധ വിവേചനങ്ങൾക്കുമെതിരെ ഇനിയും ശക്തമാകാൻ പോകുന്ന സമരങ്ങളുടെ മുന്നോടി തന്നെയാണ് പരമോന്നത നീതി പീഠത്തിന്റെ ഈ വിധി. താൽക്കാലിക തിരിച്ചടികളുണ്ടായാൽ തന്നെ ഈ പോരാട്ടം മുന്നോട്ടു പോവുക തന്നെ ചെയ്യും. വോട്ട് ബാങ്കും കക്ഷിരാഷ്ട്രീയ നേട്ടങ്ങളും മാത്രം മുന്നിൽ കണ്ടുള്ള വിമോചന സമരം നയിക്കാൻ ശ്രമിക്കുന്നവർ താൽക്കാലിക നേട്ടം നേടിയാലും അത് ശാശ്വതമാവില്ല എന്നുറപ്പ്.