തിരുവനന്തപുരം- ശബരിമല സ്ത്രീ പ്രവേശന ഉത്തരവില്‍ പുനഃപരിശോധന ഹരജി നല്‍കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പുനഃപരിശോധന ഹരജി നല്‍കിയാല്‍ അതു കോടതിക്കു നല്‍കിയ ഉറപ്പിനു വിരുദ്ധമാകും. ഏതു വിധിയായാലും നടപ്പാക്കുമെന്ന സത്യവാങ്മൂലം സര്‍ക്കാര്‍ നല്‍കിയിരുന്നു.
തെറ്റിദ്ധാരണകള്‍ തിരുത്താന്‍ ആരുമായും ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയാറാണ്. വിശ്വാസികളുമായി ഏറ്റുമുട്ടാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ രാഷ്ട്രീയപ്രേരിതമായി സംഘര്‍ഷമുണ്ടാക്കുന്നവര്‍ക്കു മുന്നില്‍ കീഴടങ്ങില്ലെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.
പ്രളയകാലത്തു കണ്ട മതേതര ഐക്യം ഇല്ലാതാക്കാന്‍ ശ്രമം നടക്കുന്നുണ്ട്. മന്നത്ത് പത്മനാഭന്റെ നവോത്ഥാന ഇടപെടല്‍ ഈ ഘട്ടത്തില്‍ ശ്രദ്ധിക്കേണ്ടതാണ്. സമുദായത്തിനുള്ളിലെ അനാചാരങ്ങള്‍ക്ക് എതിരെയും മന്നത്ത് പത്മനാഭന്‍ പോരാടിയിരുന്നു. സാമൂഹിക പരിഷ്‌കരണങ്ങളിലൂടെയാണു കേരളം മുന്നേറിയതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.