റിയാദ് - (www.malayalamnewsdaily.com) സ്വദേശിവത്കരണം നടപ്പിലാക്കിയ ഫർണിച്ചർ ഷോപ്പുകളിൽ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 257 നിയമ ലംഘനങ്ങൾ കണ്ടെത്തി. രാജ്യത്ത് വിവിധയിടങ്ങളിലായി സുരക്ഷാ വിഭാഗങ്ങളുടെ സഹകരണത്തോടെ തൊഴിൽ മന്ത്രാലയ ഉദ്യോഗസ്ഥർ 2920 സ്ഥാപനങ്ങളിൽ നടത്തിയ റെയ്ഡുകളിലാണ് ഇത്രയും നിയമ ലംഘനങ്ങൾ രജിസ്റ്റർ ചെയ്തത്. നിയമ ലംഘനങ്ങളിൽ 217 എണ്ണം സ്വദേശികൾക്ക് സംവരണം ചെയ്ത തസ്തികയിൽ വിദേശികളെ നിയമിച്ചതുമായി ബന്ധപ്പെട്ടാണ്.
സ്വദേശികളായ യുവതീയുവാക്കളെ തൊഴിൽ വിപണിയിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായി കാർ-ബൈക്ക് ഷോറൂമുകൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ-കുട്ടികൾക്കുള്ള വസ്ത്രങ്ങൾ-പുരുഷ ഉൽപന്നങ്ങൾ, ഫർണിച്ചർ കടകൾ, പാത്രക്കടകൾ എന്നീ മേഖലകളിൽ സെപ്റ്റംബർ 11 മുതൽ സ്വദേശിവത്കരണം നിർബന്ധമാക്കിയിട്ടുണ്ട്.
ഘട്ടംഘട്ടമായി പുതുതായി 12 മേഖലകളിൽ സൗദിവൽക്കരണം നടപ്പാക്കുന്നതിനുള്ള തീരുമാനം ജനുവരി അവസാനത്തിലാണ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചത്. രണ്ടാം ഘട്ടത്തിൽ വാച്ച് കടകൾ, കണ്ണട കടകൾ (ഒപ്റ്റിക്കൽസ്), ഇലക്ട്രിക്-ഇലക്‌ട്രോണിക്‌സ് ഉൽപന്നങ്ങൾ വിൽക്കുന്ന കടകൾ എന്നിവിടങ്ങളിൽ നവംബർ ഒമ്പതു മുതലും മൂന്നാം ഘട്ടത്തിൽ മെഡിക്കൽ ഉപകരണങ്ങൾ വിൽപന നടത്തുന്ന സ്ഥാപനങ്ങൾ, സ്‌പെയർ പാർട്‌സ് കടകൾ, കെട്ടിട നിർമാണ വസ്തുക്കൾ വിൽക്കുന്ന കടകൾ, കാർപറ്റ് കടകൾ, ചോക്കലേറ്റ്-പലഹാര കടകൾ എന്നീ സ്ഥാപനങ്ങളിൽ 2019 ജനുവരി ഏഴു മുതലും സൗദിവൽക്കരണം നിർബന്ധമാക്കും. -www.malayalamnewsdaily.com