- സ്വദേശിവത്കരണ നിയമലംഘനം
റിയാദ് - (www.malayalamnewsdaily.com) സ്വദേശിവത്കരണ നിയമം പ്രാബല്യത്തിൽ വരുത്തിയില്ലെന്ന കാരണത്താൽ പ്രമുഖ ടെലികോം കമ്പനിയായ മൊബൈലിയുടെ ചില സേവനങ്ങൾക്ക് വിലക്ക്. ഇന്നലെ ചേർന്ന കമ്മ്യൂണിക്കേഷൻ ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷൻ (സി.ഐ.ടി.സി) ഡയരക്ടർ ബോർഡ് യോഗത്തിലാണ് തീരുമാനം എടുത്തത്. പ്രസിഡന്റ് കൂടിയായ കമ്മ്യൂണിക്കേഷൻ, ഐ.ടി വകുപ്പ് മന്ത്രി എൻജി. അബ്ദുല്ല ബിൻ ആമിർ അൽസവാഹയുടെ അധ്യക്ഷതയിലായിരുന്നു യോഗം.
നിലവിലുള്ള ഉപഭോക്താക്കളെ ബാധിക്കാത്ത വിധത്തിൽ പുതിയ പോസ്റ്റ് പെയ്ഡ്, പ്രീ പെയ്ഡ് പാക്കേജുകൾ പ്രഖ്യാപിക്കുന്നതിൽനിന്ന് മൊബൈലിക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
അഡ്മിനിസ്‌ട്രേഷൻ മേഖലയിൽ സ്വദേശിവത്കരണം നടപ്പാക്കണമെന്ന ലൈസൻസ് വ്യവസ്ഥ പാലിക്കാത്തതിനെ കുറിച്ച് കഴിഞ്ഞ ഡിസംബറിൽ മൊബൈലിക്ക് ഔദ്യോഗികമായി കത്തു നൽകിയിരുന്നതായി സി.ഐ.ടി.സി ഗവർണർ ഡോ. അബ്ദുൽ അസീസ് ബിൻ സാലിം അൽറുവൈസ് പറഞ്ഞു. ടെലികോം കമ്പനികളിൽ സൗദിവത്കരണ നിയമം ലംഘിക്കുന്നത് സസൂക്ഷ്മം നിരീക്ഷിച്ച് കർശന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. -www.malayalamnewsdaily.com