റിയാദ് - (www.malayalamnewsdaily.com) പ്രമുഖ സൗദി മാധ്യമ പ്രവർത്തകൻ ജമാൽ കശോഗി കൊല്ലപ്പെട്ടെന്ന പ്രചാരണം അസംബന്ധമെന്ന് സൗദി അറേബ്യ. ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിൽ ജമാൽ കശോഗി കൊല്ലപ്പെട്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു.
തീർത്തും അടിസ്ഥാനരഹിതമായ ആരോപണമാണിതെന്ന് സൗദി അധികൃതർ വ്യക്തമാക്കി. സുതാര്യമായ അന്വേഷണത്തിന് വേണ്ടി റോയിട്ടേഴ്‌സ് പ്രതിനിധികളെ ഇസ്താംബൂളിലെ കോൺസുലേറ്റ് പ്രവർത്തിക്കുന്ന ആറുനില കെട്ടിടത്തിൽ പ്രവേശിക്കാൻ സൗദി അറേബ്യ അനുമതി നൽകി. റോയിട്ടേഴ്‌സ് വാർത്തയുടെ ചുവട് പിടിച്ച് ടോയ്‌ലറ്റുകളും ഫയൽ കാബിനുകളും വരെ പരിശോധനക്ക് വിധേയമാക്കി തങ്ങളുടെ വാദം തെളിയിക്കാൻ സാധിക്കുമോയെന്നും തുർക്കി അധികൃതരെ സൗദി വെല്ലുവിളിച്ചു. കശോഗിയുടെ തിരോധാനത്തെ കുറിച്ച് അന്വേഷിക്കാൻ സൗദി ഉദ്യോഗസ്ഥർ കൂടി ഉൾപ്പെട്ട ഒരു അന്വേഷണ സംഘം ശനിയാഴ്ച ഇസ്താംബൂളിലെ കോൺസുലേറ്റിൽ എത്തിയിരുന്നു. സംഭവത്തിൽ യാഥാർഥ്യം വെളിച്ചത്ത് കൊണ്ടുവരുന്നതിന് സൗദി അറേബ്യ ശക്തമായി രംഗത്തുണ്ട്.
സൗദി പത്രപ്രവർത്തകന്റെ തിരോധാനവുമായി ബന്ധപ്പെട്ട് പരസ്പര വിരുദ്ധമായ രണ്ട് വാദങ്ങളാണ് ചിലർ ഉന്നയിച്ചിരുന്നത്. കശോഗി കോൺസുലേറ്റിൽ തടവിലാണെന്നായിരുന്നു ഒന്നാമത്തെ വാദം. രണ്ടാമത്തേത് ഇദ്ദേഹം കൊല്ലപ്പെട്ടെന്നുമായിരുന്നു.
അതേസമയം, മുൻവിധിക്കില്ലെന്നും കശോഗിയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഫലത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നുമാണ് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ പ്രതികരിച്ചത്. താൻ നേതൃത്വം നൽകുന്ന ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാർട്ടിയുടെ യോഗത്തിൽ അണികളെ അഭിസംബോധന ചെയ്യവേയാണ് ഉർദുഗാൻ തന്റെ നിലപാട് വ്യക്തമാക്കിയത്. -www.malayalamnewsdaily.com