Sorry, you need to enable JavaScript to visit this website.

മതിലകത്ത് വൻ കവർച്ച; 145 പവനും ഒരു ലക്ഷവും കവർന്നു

തൃശൂർ - മതിലകത്ത് വൻ കവർച്ച. 145 പവൻ സ്വർണ്ണവും ഒരു ലക്ഷം രൂപയും കവർന്നു. മതിലകം പാലത്തിന് സമീപം താമസിക്കുന്ന മംഗലംപിള്ളി അബ്ദുൾ അസീസിന്റെ വീട്ടിലാണ് മോഷണം നടന്നത്. സംഭവസമയം വീട്ടിൽ ആളുണ്ടായിരുന്നുന്നില്ല. വീടിന്റെ പുറക് വശത്തെ വാതിലിന്റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നിട്ടുള്ളത്. വീടിനകത്തെ അലമാരകളിൽ ഉള്ള സാധനങ്ങൾ വലിച്ചു വാരിയിട്ട നിലയിലാണ്. ചുമർ അലമാരയിൽ സൂക്ഷിച്ചിരുന്ന 65 സ്വർണ്ണ നാണയങ്ങൾ, വജ്രമല, ആഭരണങ്ങൾ , ഒരു ലക്ഷം രൂപ എന്നിവയാണ് നഷ്ടപ്പെട്ടത്. ആൻഡമാനിൽ ബിസിനസ് നടത്തുന്ന അസീസ് 20 ദിവസം മുമ്പാണ് നാട്ടിലെത്തിയത്. കഴിഞ്ഞ ദിവസം ചെന്നൈയിലേക്ക് പോയിരുന്നു. ഈ സമയം ഭാര്യയും മകളുമാണ് വീട്ടിലുണ്ടായിരുന്നത്. കാറ്റും മഴയും വന്ന് വൈദ്യുതി നിലച്ചതോടെ വീട്ടുകാർ തൊട്ടടുത്ത സഹോദരന്റെ വീട്ടിലേക്ക് പോവുകയായിരുന്നു.അസീസ് രാത്രി ഒരു മണിയോടെ തിരിച്ചെത്തിയെങ്കിലും സഹോദരന്റെ വീട്ടിൽ തന്നെ താമസിക്കുകയായിരുന്നു. ഇന്നലെ രാവിലെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.വീട്ടിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ദൃശ്യങ്ങൾ ശേഖരിക്കുന്ന ഡി.വി.ആർ മോഷ്ടാക്കൾ കൊണ്ടു പോയിട്ടുണ്ട്.

വീടിന്റെ മുൻവശത്തും പുറകുവശത്തും മോഷ്ടാക്കളുടേതെന്ന് കരുതുന്ന കാൽപ്പാടുകൾ പതിഞ്ഞിട്ടുണ്ട്.അടുക്കള ഭാഗത്തെ ചുമരിലും കയറി നിന്ന കാൽപാടുകൾ ഉണ്ട്. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ഫേമസ് വർഗീസ്, മതിലകം എസ്.ഐ.കെ.പി.മിഥുൻ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് എത്തി തെളിവുകൾ ശേഖരിച്ചു.ഇരിങ്ങാലക്കുടയിൽ നിന്ന് ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

പോലീസ് നായ മുറിയിൽ നിന്ന് മണം പിടിച്ച് തൊട്ടടുത്ത വീടിന്റെ ഗേറ്റിൽ വന്ന് നിന്നു.അവിടെ ബൈക്ക് വന്ന് നിന്നതിന്റെ അടയാളമുണ്ട്. മതിൽ ചാടിക്കടന്ന അടയാളവും കാണുന്നുണ്ട്. മതിലകം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചതായി ഫേമസ് വർഗീസ് പറഞ്ഞു.
 

Latest News