കോട്ടയം - എ ഗ്രൂപ്പിന്റെ കോട്ടയത്തെ പാർലമെന്റ് സീറ്റ് മോഹം മുളയിലെ നുള്ളി രമേശ് ചെന്നിത്തല. യു.ഡി.എഫിന്റെ കോട്ടയം പാർലമെന്റ് മണ്ഡലം കൺവെൻഷനിലാണ് പ്രതിപക്ഷ നേതാവ് ഘടകകക്ഷികളുടെ സീറ്റ് ഒരു കാരണവശാലും ഏറ്റെടുക്കില്ലെന്ന് പ്രഖ്യാപിച്ചത്. കേരള കോൺഗ്രസ് അനുകൂലികളുടെ കൈയ്യടി വാങ്ങിയ ഈ പ്രസ്താവനയിലൂടെ രമേശ് ലക്ഷ്യമിട്ടത് എ ഗ്രൂപ്പിനെയെന്ന് വ്യക്തം. പാർലമെന്റ് തെരഞ്ഞെടുപ്പിൽ കോട്ടയം സീറ്റ് കോൺഗ്രസിന് മാണി വിഭാഗം വിട്ടുകൊടുക്കുമെന്നും പകരം ഇടുക്കിയോ പത്തനംതിട്ടയോ ആവശ്യപ്പെടുമെന്നും ഏറെ നാളായി അന്തരീക്ഷത്തിലുണ്ട്.
കേരള കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റാണ് കോട്ടയം പാർലമെന്റ് മണ്ഡലം. കഴിഞ്ഞ രണ്ടു തവണയായി ജോസ് കെ മാണിയായിരുന്നു പ്രതിനിധി. എന്നാൽ ഇക്കുറി അപ്രതീക്ഷിതമായി രാജ്യസഭാ സീറ്റ് ലഭിച്ചതോടെ ജോസ് കെ മാണി അതിലേക്ക് മാറി. ജൂലൈയിൽ രാജ്യസഭാംഗമായി മാറി. ഇതോടെ ഫലത്തിൽ കോട്ടയം പാർലമെന്റ് സീറ്റ് അനാഥമായി. ഇടക്കാല തെരഞ്ഞെടുപ്പ് നടത്താനുളള സമയകാലാവധി ഇല്ലാത്തതിനാൽ അടുത്ത ലോക്‌സഭാ ഇലക്ഷനിലെ ഇവിടെയും വിധി നിർണയിക്കപ്പെടൂ എന്നായി.
കേരള കോൺഗ്രസിന് പൂർണ രാജ്യസഭാ കാലാവധിയായ ആറുവർഷമുളള സീറ്റ് നൽകിയത് കോൺഗ്രസിൽ വിവാദത്തിനിടയാക്കിയിരുന്നു. ഈ നീക്കത്തിന് പിന്നിൽ കുഞ്ഞാലിക്കുട്ടി, കെ.എം മാണി, ഉമ്മൻ ചാണ്ടി അച്ചുതണ്ടാണെന്ന് റിപ്പോർട്ടുവന്നു. എ വിഭാഗവുമായി ഉണ്ടാക്കിയ രഹസ്യധാരണ അനുസരിച്ചാണ് രാജ്യസഭാസീറ്റ് ലഭിച്ചതെന്നും അതനുസരിച്ച് കോട്ടയം സീറ്റ് വിട്ടുകൊടുക്കുമെന്നുമായിരുന്നു പ്രചരണം.
ഡൽഹിയിലേക്ക് വണ്ടികയറി എഐസിസി സെക്രട്ടറിയായ ഉമ്മൻചാണ്ടി ലോക്‌സഭയിലേക്ക് ഒരു കൈ നോക്കുമെന്നായിരുന്നു കോട്ടയത്തെ കോൺഗ്രസ് വൃത്തങ്ങളിലെ സംസാരം. ഇതിന് സേഫ് സീറ്റായ കോട്ടയം നോക്കുന്നുണ്ടെന്നായിരുന്നു ഒരു കൂട്ടർ. അതല്ല നിലവിൽ ന്യൂഡൽഹിയിൽ തമ്പടിച്ച് കോൺഗ്രസ് രാഷ്ട്രീയത്തിലുളള മകൻ ചാണ്ടി ഉമ്മനെ മത്സരിപ്പിക്കുമെന്നായിരുന്നു മറ്റൊരു അടക്കം പറച്ചിൽ.
മകനെ ലോക്‌സഭയിലെത്തിക്കാൻ ഉമ്മൻചാണ്ടിക്ക് ഏറ്റവും സുരക്ഷിതം കോട്ടയം ആണെന്നായിരുന്നു ഇവരുടെ സമവാക്യം. ഈ രഹസ്യ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് കോട്ടയം സീറ്റ് കേരള കോൺഗ്രസിന് തന്നെയെന്ന് രമേശ് പ്രഖ്യാപിക്കുന്നത്. ഇത്തരത്തിലുള്ള എന്തെങ്കിലും നീക്കമുണ്ടെങ്കിൽ അത് പൊളിക്കാനായിരുന്നു രമേശ് ഇങ്ങനെ തട്ടിവിട്ടതെന്നാണ് എ ഗ്രൂപ്പിന്റെ സംശയം.
കേരള കോൺഗ്രസ് എമ്മാണെങ്കിൽ കോട്ടയം സീറ്റിൽ ആരെ മത്സരിപ്പിക്കുമെന്ന ആശങ്കയിലാണ്. പാർട്ടിയിൽ സ്ഥാനമോഹികൾ ഏറെയുണ്ടെങ്കിലും പാർലമെന്റ് സീറ്റ് മാണിഗ്രൂപ്പിലെ വിശ്വസ്തർക്കല്ലാതെ കൊടുക്കാറില്ല. നേരത്തെ സ്‌കറിയാ തോമസ് കോട്ടയത്തെ രണ്ടു തവണ പ്രതിനിധീകരിച്ചിരുന്നു. അതിനുശേഷം പാർട്ടി വിട്ട സ്‌കറിയ ഇന്ന് എൽഡിഎഫിലെ പിണറായി വിശ്വസ്തരായ ഏക കേരള കോൺഗ്രസ് കക്ഷിയാണ്. സ്‌കറിയാ തോമസ് പരാജയപ്പെട്ടതോടെയാണ് സീറ്റ് കേരള കോൺഗ്രസ് കോൺഗ്രസിന് വിട്ടുകൊടുത്തത്. പിന്നീട് എത്തിയ രമേശ് ചെന്നിത്തല ഇവിടെ ഹാട്രിക് വിജയം നേടി. ഒടുവിൽ സുരേഷ്‌കുറുപ്പിനോട് തോറ്റ് പിന്മാറി. 2009ലെ തെരഞ്ഞെടുപ്പിൽ സുരേഷ്‌കുറുപ്പിനെ തോൽപ്പിച്ചാണ് ജോസ് കെ മാണി ആദ്യതവണ ലോക്‌സഭയിലെത്തുന്നത്. 2014 ൽ ഇപ്പോഴത്തെ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസിനെയാണ് ജോസ് കെ മാണി തോൽപ്പിച്ചത്.
അതിനിടെ കോട്ടയം സീറ്റ് ജോസഫ് വിഭാഗത്തിന് നൽകുമെന്നും അഭ്യൂഹമുണ്ട്. അങ്ങനെയെങ്കിൽ പിജെ ജോസഫിന്റെ മകനായിരിക്കും സ്ഥാനാർഥിയത്രെ. അതല്ല കെ.എം മാണിയുടെ മകളുടെ മകൻ മത്സരിക്കുമെന്നും ശ്രുതിയുണ്ട്. ഏതായാലും രമേശിന്റെ പ്രസ്താവനയോടെ കോട്ടയത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ചർച്ചകൾക്ക് ചൂടേറിയിരിക്കുകയാണ്.