ജിദ്ദ- (www.malayalamnewsdaily.com)ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിന്റെ പ്രധാന കെട്ടിടം ഒഴിയുന്ന നടപടികൾ അവസാന ഘട്ടത്തിലേക്കു കടന്നുവെങ്കിലും 'സേവ് ഇന്ത്യൻ സ്‌കൂൾ' കാമ്പയിൻ അനുദിനം ശക്തിപ്പെടുകയാണ്. കാൽനൂറ്റാണ്ടുകാലത്തെ ചരിത്രത്തിന് തിരശ്ശീലയിട്ട് സാധന സാമഗ്രികൾ ഏതാണ്ട് പൂർണമായും ഇന്നു പുറത്തുകടത്തുന്നതോടെ സ്‌കൂൾ വെറും കെട്ടിടമായി മാറും. അതോടെ ഇന്ത്യൻ സമൂഹത്തിന്റെ അഭിമാന പ്രതീകത്തിന്റെ കവാടങ്ങൾ എന്നന്നേക്കും അവർക്കു മുന്നിൽ കൊട്ടിയടക്കപ്പെടും.
എങ്കിലും നെടുവീർപ്പുകളുമായി പ്രതീക്ഷ കൈവിടാതെ രക്ഷിതാക്കളും കുട്ടികളും 'സേവ് ഇന്ത്യൻ സ്‌കൂൾ' കാമ്പയിനുമായി സജീവമായി രംഗത്തുണ്ട്. കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂർ ഇന്ത്യൻ സ്‌കൂളിനെ രക്ഷിക്കാൻ എംബസി അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ചെയ്ത ട്വീറ്റ് ഇവർക്ക് ആവേശം പകർന്നിരിക്കുകയാണ്.
2009ൽ താൻ സന്ദർശിച്ച സ്‌കൂളാണിതെന്നും ഒഴിഞ്ഞുപോകുന്നതിനേക്കാളുപരിയായി വാടകയുമായി ബന്ധപ്പെട്ട പ്രശ്‌നം ചർച്ച ചെയ്തു പരിഹരിക്കണമെന്നും അധിക സാമ്പത്തിക ബാധ്യത പരിഹരിക്കാൻ സാമ്പത്തിക ശേഷിയുള്ള എൻ.ആർ.ഐക്കാർക്കു കഴിയുമെന്നും ആ രീതിയിൽ പ്രശ്‌നത്തിനു പരിഹാരം കണ്ടെത്തി ഇന്ത്യൻ സൂഹത്തിന്റെ ആശങ്കയകറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്‌കൂൾ കെട്ടിടം തിരിച്ചു പിടിക്കണമെന്നാവശ്യപ്പെട്ടുള്ള ഓൺലൈൻ പരാതിയിൽ ഒപ്പുവെക്കുന്നവരുടെ എണ്ണവും വർധിക്കുകയാണ്. ഇന്നലെ രാവിലെ വിദ്യാർഥികൾ തുടക്കമിട്ട ഓൺലൈൻ പരാതിയിൽ ഇതിനകം അയ്യായിരത്തോളം പേർ ഒപ്പിട്ടു.
വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, മാനവ വിഭവ ശേഷി മന്ത്രി പ്രകാശ് ജാവ്‌ദേക്കർ, മാനവശേഷി മന്ത്രാലയം, സി.ബി.എസ്.ഇ എന്നിവരെ അഡ്രസ് ചെയ്തുള്ളതാണ് ഓൺലൈൻ പരാതി. 'ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികളും ജീവനക്കാരും അതിദുർഘടമായ ഘട്ടത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഇക്കാര്യത്തിൽ അടിയന്തര ഇടപെടലുകൾ ഉണ്ടാവണം.
ഇന്ത്യൻ സ്‌കൂളിന്റെ അഭിമാനമായ ഈ കെട്ടിട സമുച്ചയം ഒരു കാരണവശാലും നഷ്ടപ്പെടാൻ ഇടയാകരുത്. ദയവ് ചെയ്തു ഞങ്ങളെ സഹായിക്കൂ' എന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്.
വിദ്യാർഥികളാണ് തുടക്കമിട്ടതെങ്കിലും പരാതി രക്ഷിതാക്കളും ഏറ്റെടുത്തിരിക്കുകയാണ്. കൂടുതൽ പേരിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ വിവിധ സംസ്ഥാനക്കാരായ കുട്ടികളും രക്ഷിതാക്കളും പരാതിയുടെ ഓൺലൈൻ കോപ്പി വാട്‌സാപ് വഴി കൈമാറിക്കൊണ്ടിരിക്കുകയാണ്. ഇതിനു പുറമെ വിവിധ തലങ്ങളിലുള്ള ചർച്ചകളും കൂടിക്കാഴ്ചകളും നടക്കുന്നുമുണ്ട്. പക്ഷേ ഒന്നിനും ഒരു പരിഹാരവുമായിട്ടില്ലെന്നതാണ് ആശങ്ക വർധിപ്പിക്കുന്നത്.
അതിനിടെ പെൺകുട്ടികളുടെ വിഭാഗത്തിൽ ആൺകുട്ടികൾക്കു കൂടി പ്രവേശനം അനുവദിച്ചുള്ള ക്ലാസുകൾക്ക് ഇന്നലെ തുടക്കമായി. 11,12 ക്ലാസുകാരുടെ ടേം പരീക്ഷകളും 6 മുതൽ 10വരെ ക്ലാസുകാരുടെ ഹാഫ് ടേം പരീക്ഷകളും നടത്തിയാണ് തുടക്കമിട്ടത്. പെൺകുട്ടികൾക്ക് രാവിലെ 7.15 മുതൽ 10.45 വരെയും ആൺകുട്ടികൾക്ക് 1.30 മുതൽ 5 വരെയുമായിരുന്നു പരീക്ഷ. 1 മുതൽ 5 വരെ ക്ലാസുകൾ ഒക്‌ടോബർ 13 വരെ മരവിപ്പിച്ചിരിക്കുകയാണ്.
കോടതി ഉത്തരവ് പാലിക്കുകയെന്ന ലക്ഷ്യവുമായി കെട്ടിടം പൂർണമായും 9 നുള്ളിലായി ഒഴിഞ്ഞു കൊടുക്കുന്നതിന്റെ ഭാഗമായി സാധനങ്ങൾ നീക്കുന്ന നടപടികൾ അന്തിമ ഘട്ടത്തിലാണ്. കഴിഞ്ഞ ഏതാനും ദിവസമായി രാപ്പകലില്ലാതെയാണ് സാധനങ്ങൾ ഗോഡൗണിലേക്ക് മാറ്റിക്കൊണ്ടിരിക്കുന്നത്. ഇന്നത്തോടെ ഇത് പൂർത്തിയായേക്കും.-www.malayalamnewsdaily.com