കൊച്ചി- സംഘപരിവാറിലെ ഒരു വിഭാഗം സൈബര്‍ ഗുണ്ടകളുടെ ഉള്ളിലെ അശുദ്ധ രക്തത്തെ പുറത്തേക്കൊഴുക്കിക്കളയേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്ന് എഴുത്തുകാരി ശാരദക്കുട്ടി. അവര്‍ നമ്മുടെ സഹോദരന്മാരാണ്. അവര്‍ രോഗവിമുക്തരാകേണ്ടത് ഒരു സാമൂഹികാവശ്യമാണെന്നും ശാരദക്കുട്ടി ഫേസ് ബുക്കില്‍ കുറിച്ചു.
ഫേസ് ബുക്ക് പോസ്റ്റ് വായിക്കാം:
നിരന്തര പ്രകോപനങ്ങളിലൂടെ സംഘപരിവാറിലെ ഒരു വിഭാഗം സൈബര്‍ ഗുണ്ടകളുടെ ഉള്ളിലെ അശുദ്ധ രക്തത്തെ പുറത്തേക്കൊഴുക്കിക്കളഞ്ഞ് അവരെ വിമലീകരിച്ചെടുക്കുക എന്നതുകൂടി നമ്മുടെ മനോഹരവും ദൃഢവുമായ വലിയ ഉത്തരവാദിത്വമെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു സഖികളേ...
നമ്മുടെ വാക്കുകള്‍ അവര്‍ക്ക് സ്വന്തംഉള്ളിലെ മാലിന്യം പുറന്തള്ളിക്കളയാനുള്ള വിരേചനൗഷധമാകണം.. അവര്‍ നമ്മുടെ സഹോദരന്മാരാണ്. അവര്‍ രോഗവിമുക്തരാകേണ്ടത് ഒരു സാമൂഹികാവശ്യമാണ്.
ഉള്ളില്‍ കെട്ടിക്കിടക്കുന്നത് അഴുക്കാണെന്നറിയാത്തത് അവരുടെ കുറ്റമായി കാണരുത്. വായിലൂടെ വമിക്കുന്നത് മാലിന്യമാണെന്നറിയാത്തത് അവരുടെ അജ്ഞതയെന്നു മാത്രം മനസ്സിലാക്കാനുള്ള വിവേകം നമുക്കുണ്ടായാല്‍ മതി.