Sorry, you need to enable JavaScript to visit this website.

ഖശോഗി എംബസിക്കകത്ത് കൊല്ലപ്പെട്ടുവെന്ന പ്രചാരണം അടിസ്ഥാനരഹിതം- സൗദി

റിയാദ് - പ്രമുഖ സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖശോഗി ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിനകത്ത് കൊല്ലപ്പെട്ടുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് സൗദി അറേബ്യ. സൗദി കോൺസുലേറ്റിനകത്ത് ഖശോഗി കൊല്ലപ്പെട്ടുവെന്ന റോയിട്ടേഴ്‌സ് വാർത്ത അടിസ്ഥാനരഹിതമാണെന്ന് സൗദി വാർത്ത ഏജൻസിയായ എസ്.പി.എ വ്യക്തമാക്കി. സൗദി കോൺസുലേറ്റിലെത്തിയ ജമാൽ ഖശോഗി ചില പേപ്പർ വർക്കുകൾ പൂർത്തിയാക്കിയ ശേഷം കോൺസുലേറ്റിൽനിന്ന് പുറത്തുപോയതായി നേരത്തെ തന്നെ സൗദി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞദിവസം കോൺസുലേറ്റിലെത്തിയ റോയിട്ടേഴ്‌സ് പ്രതിനിധികൾക്ക് ഇവിടെ പരിശോധിക്കാനുള്ള അവസരവും നൽകിയിരുന്നു. ഖശോഗി കോൺസുലേറ്റിലോ സൗദിയിലോ ഇല്ലെന്ന് കോൺസൽ ജനറൽ മുഹമ്മദ് അൽ ഒതൈബി വ്യക്തമാക്കുകയും ചെയ്തു. 
തുർക്കി സുരക്ഷാ വകുപ്പുകൾക്ക് സൗദി കോൺസുലേറ്റ് പരിശോധിക്കാവുന്നതാണെന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ സൗദി അറേബ്യക്ക് മറച്ചുവെക്കാൻ ഒന്നുമില്ല. കോൺസുലേറ്റ് ആസ്ഥാനം സൗദി അറേബ്യയുടെ പരമാധികാരത്തിൽ പെട്ട പ്രദേശമാണെങ്കിലും തുർക്കി അധികൃതർ ആഗ്രഹിക്കുന്ന പക്ഷം കോൺസുലേറ്റ് അവർക്ക് പരിശോധിക്കാവുന്നതാണ്. ജമാൽ ഖശോഗിയുടെ തിരോധാനത്തിൽ തുർക്കി അധികൃതരുമായി സഹകരിച്ച് സൗദി വിദേശ മന്ത്രാലയം അന്വേഷണം നടത്തുന്നുണ്ട്. ജമാൽ ഖശോഗി എവിടെയാണെന്ന് അറിയുന്നതിന് സൗദി അറേബ്യ ആഗ്രഹിക്കുന്നു. ജമാൽ ഖശോഗി ഇസ്താംബൂൾ സൗദി കോൺസുലേറ്റ് ആസ്ഥാനത്തുണ്ടെന്ന് തുർക്കി അധികൃതർ സൂചിപ്പിച്ചതിനെ കുറിച്ച ചോദ്യത്തിനുള്ള മറുപടിയെന്നോണമാണ് തുർക്കി അധികൃതർക്ക് സൗദി കോൺസുലേറ്റ് പരിശോധിക്കാവുന്നതാണെന്ന് കിരീടാവകാശി വ്യക്തമാക്കിയത്. 
കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് ജമാൽ ഖശോഗിയെ കാണാതായത്. സൗദി കോൺസുലേറ്റിൽ പ്രവേശിച്ച ഖശോഗിയെ കാണാതാവുകയായിരുന്നെന്നാണ് തുർക്കി, ഖത്തർ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്. ജമാൽ ഖശോഗിയെ സൗദി അറേബ്യ തട്ടിക്കൊണ്ടുപോയി എന്നാണ് പ്രചാരണം. എന്നാൽ വിവാഹമോചന രേഖകൾക്ക് കോൺസുലേറ്റിൽ എത്തിയ ഖശോഗി വൈകാതെ നടപടികൾ പൂർത്തിയാക്കി കോൺസുലേറ്റിൽ നിന്ന് പുറത്തിറങ്ങിയതായും ഇതിനു ശേഷമാണ് അദ്ദേഹത്തെ കാണാതാതയെന്നും സൗദി വിദേശ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഖശോഗിയുടെ തിരോധാനത്തിലേക്ക് സൗദി അറേബ്യയെ വലിച്ചിഴക്കുന്നതിനാണ് തുർക്കി, ഖത്തർ മാധ്യമങ്ങൾ ശ്രമിക്കുന്നത്.
 

Latest News