തൃക്കരിപ്പൂർ- യുവതി അവിഹിത ബന്ധത്തിൽ കുഞ്ഞിന് ജന്മം നൽകിയ സംഭവത്തിൽ യുവതിയെ പീഡിപ്പിച്ച വാർപ്പ് തൊഴിലാളിക്കെതിരെ പോലീസ് കേസെടുത്തു. തൃക്കരിപ്പൂർ കന്നുവീട് കടപ്പുറത്തെ രാജനെതിരെയാണ് ചന്തേര പോലീസ് കേസെടുത്തത്. ഇയാളാണ് തന്നെ പീഡിപ്പിച്ചതെന്ന് കാണിച്ച് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം വൈകിട്ട് വയറുവേദനയും അലർജിയുമാണെന്ന് പറഞ്ഞാണ് യുവതിയും മാതാവും തൃക്കരിപ്പൂർ താലൂക്ക് ആശുപത്രിയിലെത്തിയത്. ഡ്യൂട്ടി ഡോക്ടർ നടത്തിയ പരിശോധനയിൽ യുവതി ഗർഭിണിയാണെന്ന് കണ്ടെത്തുകയും പോലീസിന്റെ സഹായത്തോടെ യുവതിയെ പയ്യന്നൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ വെച്ച് യുവതി പെൺകുഞ്ഞിന് ജന്മം നൽകി. എന്നാൽ അവിഹിത ബന്ധത്തിൽ പിറന്ന കുഞ്ഞിനെ ഏറ്റെടുക്കാൻ യുവതി തയാറായിരുന്നില്ല. ഇതോടെ പോലീസ് ചൈൽഡ് ലൈനിനെ വിവരമറിയിക്കുകയും ചൈൽഡ് ലൈൻ ഇടപെട്ട് കുഞ്ഞിനെ ചൈൽഡ് ലൈൻ പട്ടുവം ദീന സേവന സഭയെ ഏൽപിക്കുകയുമായിരുന്നു.