Sorry, you need to enable JavaScript to visit this website.

ജിദ്ദ ഇന്ത്യന്‍ സ്‌കൂള്‍ തിരിച്ചുപിടിക്കാന്‍ വഴിതേടി രക്ഷിതാക്കളും കുട്ടികളും

ജിദ്ദ ഇന്ത്യന്‍ സ്‌കൂള്‍ പ്രധാന കെട്ടിടത്തിലെ ക്ലാസ്മുറികളില്‍നിന്നുള്ള ഡെസ്‌കും ബെഞ്ചും ഗോഡൗണിലേക്ക് മാറ്റാനായി സ്‌കൂള്‍ മുറ്റത്ത് കൂട്ടിയിട്ടിരിക്കുന്നു.

ജിദ്ദ- (www.malayalamnewsdaily.com) കോടതി ഉത്തരവിനെത്തുടര്‍ന്ന് ഒഴിയാനുള്ള നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുമ്പോഴും ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ കെട്ടിടം എങ്ങനെയും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ രക്ഷിതാക്കളും വിദ്യാര്‍ഥികളും നോട്ടോട്ടത്തില്‍. ഇതിനായി അവര്‍ മുട്ടാത്ത വാതിലുകളില്ല. കെട്ടിട ഉടമയുമായി ഒട്ടേറെ രക്ഷിതാക്കള്‍ നേരിലും അദ്ദേഹവുമായി ബന്ധപ്പെട്ട സ്വദേശികളുടെ സഹായത്തോടെയും പലവട്ടം ചര്‍ച്ചകള്‍ നടത്തി. വിവിധ സംഘടനാ നേതാക്കളും ഇദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. കോടതി ഉത്തരവ് വന്നിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും തന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാനോ മുഖവിലക്കെടുക്കാനോ ആദ്യഘട്ടത്തില്‍ ആരും ഉണ്ടായിരുന്നില്ലെന്നും വര്‍ധിപ്പിച്ച വാടക നല്‍കിയാല്‍ കെട്ടിടം വിട്ടു നല്‍കാന്‍ തയാറാണെന്നും അദ്ദേഹം രക്ഷിതാക്കളുടെ പ്രതിനിധി സംഘത്തെ അറിയിച്ചു. വാടകയില്‍ നേരിയ വിട്ടുവീഴ്ചക്ക് തയാറാണെന്നും അദ്ദേഹം സൂചിപ്പിച്ചതായി കൂടിക്കാഴ്ചയില്‍ പങ്കെടുത്ത രക്ഷിതാക്കള്‍ പറഞ്ഞു. എന്നാല്‍ പല ഘട്ടങ്ങളിലും കെട്ടിട ഉടമയുമായി ചര്‍ച്ചകള്‍ നടത്തിയിട്ടും ഒരു വിട്ടുവീഴ്ചക്കും തയാറല്ലെന്ന മറുപടിയാണ് അദ്ദേഹത്തില്‍ നിന്നു ലഭിച്ചതെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. ഇതിനായി ഉന്നത തലത്തിലുള്ള ചര്‍ച്ചകള്‍ വരെ നടത്തി. ഇത്തരമൊരു സാഹചര്യത്തിലാണ് കെട്ടിടം ഒഴിയാന്‍ തീരുമാനിച്ചതെന്നും അതേസമയം നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും സ്‌കൂള്‍ അധികൃതര്‍ രക്ഷിതാക്കളുടെ പ്രതിനിധി സംഘത്തോട് പറഞ്ഞു. കെട്ടിട ഉടമയുമായുള്ള കൂടിക്കാഴ്ചക്കു ശേഷം സ്‌കൂള്‍ അധികൃതരുമായും രക്ഷിതാക്കളുടെ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
രക്ഷിതാക്കള്‍ പല മാര്‍ഗങ്ങളിലൂടെയും ഇപ്പോഴും പ്രശ്‌നത്തിനു പരിഹാരം കാണാനാവുമോ എന്ന കാര്യം പരിശോധിച്ചു വരികയാണ്. ഇതിനായി സ്വദേശികള്‍ക്കിടയിലെ സ്വാധീനമുള്ള വ്യക്തികളെയും നിയമ വിദഗ്ധരെയും രക്ഷിതാക്കള്‍ കാണുന്നുണ്ട്. അതോടൊപ്പം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പ്രശ്‌നം കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. നേരത്തെ വിദേശകാര്യ മന്ത്രി, വിദ്യാഭ്യാസ മന്ത്രി അടക്കമുള്ളവരുടെ ശ്രദ്ധയില്‍ സാമൂഹ്യ മാധ്യമങ്ങളുടെ സഹായത്തോടെ പ്രശ്‌നം കൊണ്ടുവന്നിരുന്നു. വീണ്ടും കൊണ്ടുവരുന്നതിനുള്ള ശ്രമം തുടരുകയാണ്.
സ്‌കൂള്‍ വിദ്യാര്‍ഥികളും പൂര്‍വ വിദ്യാര്‍ഥികളും തങ്ങളുടെ പ്രിയപ്പെട്ട സ്ഥാപനം നഷ്ടപ്പെടുന്നതില്‍ ഏറെ ദുഃഖിതരാണ്. അടിയന്തരമായി പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് വിദ്യാര്‍ഥികളും അലുംനി അംഗങ്ങളും സാമൂഹ്യ മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. സ്‌കൂള്‍ കെട്ടിടം നഷ്ടപ്പെടുന്നുവെന്ന വാര്‍ത്ത കേട്ട് ഇവിടെ പഠിച്ചിരുന്ന മുന്‍ വിദ്യാര്‍ഥികള്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് അധ്യാപകരെയും സുഹൃത്തുക്കളെയും എങ്ങനെയും സ്‌കൂള്‍ കെട്ടിടം നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണ്. ലക്ഷക്കണക്കിനു റിയാല്‍ ചെലവഴിച്ചിട്ടും സ്‌കൂളിനു വന്നുപെട്ട ദുര്യോഗത്തില്‍ ഇന്ത്യന്‍ സമൂഹം ഒന്നാകെ ഏറെ വിഷമത്തിലാണ്. കൂട്ടിയ വാടക നല്‍കി ഈ അക്കാദമിക് വര്‍ഷം വരെയെങ്കിലും പിടിച്ചു നില്‍ക്കാനുള്ള ശ്രമങ്ങളുണ്ടാവണമെന്ന ആവശ്യവും ശക്തമായി ഉയര്‍ന്നിട്ടുണ്ട്. നടപ്പ് അധ്യയന വര്‍ഷം പകുതി ആയ വേളയില്‍ പഠനാന്തരീക്ഷം ഒന്നാകെ മാറുമ്പോള്‍ അതു കുട്ടികളുടെ പഠനത്തെ ബാധിക്കുമെന്നതാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
എന്നാല്‍ കുട്ടികളുടേയും രക്ഷിതാക്കളുടേയും ആശങ്കകളെ അസ്ഥാനത്താക്കിക്കൊണ്ട് കെട്ടിടം ഒഴിഞ്ഞു കൊടുക്കുന്നതിനുള്ള നടപടികള്‍ അതിവേഗത്തിലാണ് പുരോഗമിക്കുന്നത്. ഇവിടെ നിന്നു മാറ്റുന്ന ഫര്‍ണിച്ചറുകളും മറ്റും സൂക്ഷിക്കുന്നതിന് ഗോഡൗണ്‍ എടുത്തു സാധനങ്ങള്‍ മാറ്റുന്ന ജോലികള്‍ നടന്നു വരികയാണ്. ഇന്നു മുതല്‍ ക്ലാസുകള്‍ ഗേള്‍സ് സ്‌കൂളിലേക്ക് മാറ്റുന്നതോടെ ഇതേ കെട്ടിടത്തിലേക്ക് ഇനി ഒരു മടങ്ങിവരവ് സാധ്യമാകുമോ എന്ന കാര്യം സംശയമാണ്. -www.malayalamnewsdaily.com

Latest News