ചെന്നൈ- ചാമ്പ്യന്മാരെ അവരുടെ തട്ടകത്തിൽ തകർത്തുകൊണ്ട് ഐ.എസ്.എല്ലിൽ ഗോവൻ പടയോട്ടം. 3-1 നാണ് എഫ്.സി ഗോവ, ചെന്നൈയനെ തകർത്തത്. ഈ സീസണിൽ ഗോവയുടെ ആദ്യ വിജയം.
പന്ത്രണ്ടാം മിനിറ്റിൽ സ്പാനിഷ് താരം എഡു ബീഡിയയുടെ ഗോളിലൂടെ മുന്നിലെത്തിയ ഗോവ രണ്ടാം പകുതിയിൽ രണ്ട് ഗോൾ കൂടി അടിച്ചു. 53 ാം മിനിറ്റിൽ ഫെറാൻ കോറോമിനോസും 80 ാം മിനിറ്റിൽ മുർത്തദ ഫാലും വല ചലിപ്പിച്ചു. ഇൻജുറി ടൈമിന്റെ അഞ്ചാം മിനിറ്റിൽ ഡിഫൻഡർ എലി സാബിയയാണ് ചെന്നൈയന്റെ ആശ്വാസ ഗോൾ നേടിയത്.
ഇതോടെ ചെന്നൈ മണ്ണിൽ ചെന്നൈയനെതിരെ സമ്പൂർണ വിജയത്തിന്റെ റെക്കോർഡ് തുടരുകയാണ് ഗോവ. ഇവിടെ ഇരു ടീമുകളും മുഖാമുഖം വന്ന അഞ്ച് കളികളിലും ജയം ഗോവക്കൊപ്പമായിരുന്നു.നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഫിനിഷിംഗിലെ പിഴവു മൂലം അതെല്ലാം പാഴായിപ്പോയതിന്റെ ദുരന്തമായിരുന്നു സീസണിലെ ആദ്യ ഹോം മത്സരത്തിൽ ചെന്നൈയന് നേരിടേണ്ടിവന്നത്. ഗാലറിയിൽ ആരാധകരായ മറീന മച്ചാൻസിന്റെ ആർപ്പുവിളികൾ പക്ഷേ അവരുടെ മികവുയർത്തിയില്ല. സ്‌ട്രൈക്കർ ജെജെ ലാൽപെഖുവയുടെ മോശം ഫോമായിരുന്നു മറ്റൊരു തിരിച്ചടി. ആദ്യ പകുതിയിൽ രണ്ട് സുവർണാവസരങ്ങളാണ് അനിരുദ്ധ് ഥാപ പാഴാക്കിയത്.
മറുഭാഗത്ത് കൂടുതൽ ഒത്തിണക്കത്തോടെയായിരുന്നു ഗോവയുടെ നീക്കങ്ങൾ. പന്തടക്കത്തിലും പാസിംഗിലുമെല്ലാം അവർ മുന്നിട്ടുനിന്നു. സ്പാനിഷ് താരങ്ങളുടെ ഫിനിഷ് പാടവം ഗോവക്ക് ഗോളുകൾ സമ്മാനിക്കുകയും ചെയ്തു.
സീസണിൽ തുടർച്ചയായ രണ്ടാം തോൽവിയാണ് ചെന്നൈയന്. ആദ്യ മത്സരത്തിൽ കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ബംഗളൂരുവിനോട് തോറ്റിരുന്നു.
ചെന്നൈ പ്രതിരോധത്തിന്റെ പിഴവിൽനിന്നാണ് ഗോവ ആദ്യ ഗോൾ നേടുന്നത്. ലെനി റോഡ്രിഗ്‌സ് ബോക്‌സിലേക്ക് നൽകിയ ക്രോസ് ക്ലിയർ ചെയ്യാൻ ചെന്നൈ ഡിഫൻഡർമാർക്ക് കഴിഞ്ഞില്ല. കിട്ടിയ അവസരം എഡു ബീഡിയ മുതലാക്കുകയും ചെയ്തു. ഗോൾ മടക്കാനുള്ള ആതിഥേയരുടെ ശ്രമങ്ങളെല്ലാം ഫിനിഷിംഗ് പിഴവുകൾ മൂലം പാഴായി. ആദ്യ പകുതി അവസാനിക്കുമ്പോൾ ഗോവ ഒരു ഗോളിന് മുന്നിലായിരുന്നു.
രണ്ടാം പകുതി ആരംഭിച്ച് അധികം കഴിയും മുമ്പേ ഗോവ ലീഡുയർത്തി. വലതു കോർണറിൽനിന്ന് ഹ്യൂഗോ ബോമസ് നൽകിയ പാസ് സ്വീകരിച്ച കോറോമിനോസിന് പിഴച്ചില്ല. ഗോൾ മടക്കാനുള്ള ചെന്നൈയന്റെ കഠിന പരിശ്രമത്തിനിടെയാണ് ഒഴുക്കിനെതിരെ എന്ന പോലെ എൺപതാം മിനിറ്റിൽ മുർത്തദയുടെ ഹെഡർ ഗോൾ.