കാസർകോട്- വിശ്വാസ കാര്യങ്ങളിൽ കോടതി ഇടപെട്ട് തീരുമാനം നടപ്പാക്കുന്നത് ശരിയായ നടപടിയല്ലെന്ന് കെ.പി.സി.സി പ്രചാരണ വിഭാഗം ചെയർമാൻ കെ.മുരളീധരൻ എം.എൽ.എ അഭിപ്രായപ്പെട്ടു. ശബരിമല വിഷയത്തിലുൾപ്പെടെ കോടതി വിധിയുടെ പാളിച്ചകൾ ചൂണ്ടിക്കാണിക്കാൻ ഏതൊരു പൗരനും സ്വാതന്ത്ര്യമുണ്ടെന്നും അത് കോടതി അലക്ഷ്യമാവില്ലെന്നും അദ്ദേഹം പറഞ്ഞു. പിലിക്കോട് മല്ലക്കര ഇന്ദിരാജി സ്മാരക സമിതിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ലീഡർ കെ.കരുണാകരന്റെ ജന്മശതാബ്ദി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മുരളീധരൻ.
ജെല്ലിക്കെട്ടിന് നിരോധം വന്നപ്പോൾ കേന്ദ്ര സർക്കാർ പ്രത്യേക നിയമമാക്കി കൊണ്ടുവന്നാണ് പരിഹരിച്ചത്. ശബരിമലയിൽ ഒരു വർഷം മുതൽ അഞ്ചു വയസു വരെയും അമ്പത് വയസിന് മുകളിലുള്ളതുമായ വനിതകൾ ഉൾപ്പെടെ ഏതാണ്ട് മൂന്നര കോടിയിൽപരം ഭക്തർ ഇപ്പോഴെത്തുന്നുണ്ട്. അവർക്ക് വേണ്ടുന്ന സഹായങ്ങളും സൗകര്യങ്ങളും ഒരുക്കാൻ കഴിയാത്ത കേരള സർക്കാർ അതിനാണ് ഉടൻ പരിഹാരം കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നാൽപത് വർഷമായി ശബരിമലയിൽ ദർശനത്തിനെത്തുന്ന താനുൾപ്പെടുന്ന മുഴുവൻ ഭക്തരും പറയുന്നത് അവിടുത്തെ കർമങ്ങൾ നടത്തേണ്ടതും അവിടുത്തെ കാര്യങ്ങളിൽ തീരുമാനം എടുക്കേണ്ടതും അവിടുത്തെ തന്ത്രിമാരാണ്.
എൽഡിഎഫുകാർ കണ്ണൂർ വിമാനത്താവളത്തെ തങ്ങളാണ് അതിന്റെ സ്ഥാപകരെന്ന് പറഞ്ഞു നടന്നാൽ എറണാകുളം നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സിപിഎം നേതാവ് എസ്.ശർമയെ കൂവിയ പോലെ ഉത്തര മലബാറിലെ ജനങ്ങൾ മുഖ്യമന്ത്രിയെയും കൂട്ടരെയും കൂവി വിടുമെന്നും കെ.മുരളീധരൻ പറഞ്ഞു. നെഹ്‌റുവും ഇന്ദിരാജിയും കെ.കരുണാകരനും നൽകുന്ന നല്ല സന്ദേശം യുവതലമുറക്ക് എന്നും മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഘാടക സമിതി ചെയർമാൻ എ.വി. കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിൽ മുഖ്യ പ്രഭാഷണം നടത്തി. യോഗത്തിന് മുമ്പ് കെ.കരുണാകരന്റെ ഛായാചിത്രത്തിൽ മുരളീധരൻ പുഷ്പാർച്ചന നടത്തി.