Sorry, you need to enable JavaScript to visit this website.

ശബരിമലയെ മറ്റൊരു അയോധ്യയാക്കാൻ അനുവദിക്കില്ല -മുല്ലപ്പള്ളി

കോഴിക്കോട്ടെത്തിയ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ പ്രവർത്തകർ സ്വീകരിക്കുന്നു.

കോഴിക്കോട്- സംഘർഷത്തിലൂടെ ശബരിമലയെ മറ്റൊരു അയോധ്യയാക്കാനുള്ള കുത്സിത ശക്തികളുടെ ശ്രമം അനുവദിക്കില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. 
വിഷയത്തിൽ കോൺഗ്രസ് വിശ്വാസികൾക്കൊപ്പമാണ്. ശബരിമല വിഷയം പ്രശ്‌നവൽക്കരിച്ചാൽ സ്ഥാപിത താത്പര്യക്കാർക്കാണ് ഗുണമുണ്ടാവുക. കഴുകൻ കണ്ണോടെ അവർ കാത്തിരിക്കയാണ്. വിഷയം കൂടുതൽ വിവാദമാക്കരുതെന്ന് പറയാൻ കാരണം ഇതാണെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി. കെപിസിസി പ്രസിഡന്റായ ശേഷം ആദ്യമായി സ്വന്തം ജില്ലയിൽ എത്തിയ മുല്ലപ്പള്ളി കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നടന്ന മീറ്റ് ദ പ്രസ്സിൽ സംസാരിക്കുകയായിരുന്നു. 
 കോടതി വിധികളെ എന്നും ബഹുമാനിച്ച ചരിത്രമാണ് തങ്ങൾക്കുള്ളത്. അതേസമയം സ്ത്രീകൾ ഉൾപ്പെടെ വിശ്വാസികൾ തെരുവിലിറങ്ങുകയും അഭിപ്രായ സമന്വയം ഉണ്ടാക്കാൻ സാധിക്കാതെ വരികയും ചെയ്ത സാഹചര്യത്തിൽ സർക്കാർ റിവ്യൂ ഹർജി നൽകണം. കോൺഗ്രസ് കക്ഷി ചേരുമോ എന്ന കാര്യം അപ്പോൾ തീരുമാനിക്കും. വിശ്വാസികളുടെ വികാരം മുതലെടുക്കാനാണ് വർഗീയ ശക്തികളുടെ ശ്രമം. 
എല്ലാ അർഥത്തിലും മതേതരത്വം കാത്ത് സൂക്ഷിക്കുന്ന ക്ഷേത്രമാണ് ശബരിമല. കോടതി വിധി സംബന്ധിച്ച് അഭിപ്രായ ഐക്യം ഉണ്ടാക്കാനാണ് സർക്കാർ ശ്രമിക്കേണ്ടിയിരുന്നത്. ശബരിമല വിഷയത്തിൽ സർവകക്ഷി യോഗം വിളിക്കാൻ സർക്കാർ തയാറാകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
 പ്രളയത്തിന്റെ മറവിൽ ഡിസ്റ്റിലറി, ബ്രൂവറികൾ അനുവദിച്ചതിൽ ജുഡീഷ്യൽ അന്വേഷണം നടത്തണം. കോടികളുടെ അഴിമതിയാണ് ഇതിലൂടെ നടത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ മന്ത്രി തയാറാകുന്നില്ല. മുഖ്യമന്ത്രി കണ്ണുരുട്ടിയപ്പോൾ ഫയലിൽ കണ്ണടച്ച് ഒപ്പിട്ട എക്‌സൈസ് മന്ത്രി അഴിമതിയിൽ കൂട്ടുപ്രതിയാണ്. 
 പ്രളയ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് സമാഹരണം സുതാര്യമായിരിക്കണം. അതിന് പ്രത്യേക അക്കൗണ്ട് വേണമെന്ന് ആവശ്യപ്പെട്ടിട്ടും സജ്ജമാക്കാൻ മുഖ്യമന്ത്രി തയാറായില്ല. ഡാമുകൾ കൂട്ടത്തോടെ മുന്നറിയിപ്പില്ലാതെ തുറന്നുവിട്ട പ്രളയ കാരണത്തെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു. ഡാമുകളുടെ ഷട്ടറുകൾ തുറന്നതും മദ്യ ഷാപ്പുകളുടെ ഷട്ടറുകൾ തുറന്നതും ഒഴിച്ചാൽ രണ്ടര വർഷത്തിനിടെ പിണറായി സർക്കാർ ഒന്നും ചെയ്തിട്ടില്ല. കണ്ണൂർ വിമാനത്താവളം ഉൾപ്പെടെ യുഡിഎഫ് സർക്കാർ ആവിഷ്‌കരിച്ച വികസന പ്രവൃത്തികളുടെ പൂർത്തീകരണമാണ് പിണറായി നടപ്പാക്കുന്നത്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് കോൺഗ്രസിന് നിർണായകമാണ്. മതേതര ശക്തികൾ ഭരണത്തിൽ വരേണ്ടത് രാജ്യത്തിന്റെ ആവശ്യമാണ്. കേരളീയ  സമൂഹം തങ്ങളുടെ കൂടെ നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മോഡിയെ പുറത്താക്കണമെന്നാണ് എല്ലാ മേഖലകളിലെയും ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് നേരിട്ടതിൽ യുഡിഎഫിന് വീഴ്ച സംഭവിച്ചിട്ടുണ്ട്. ജനകീയ മുഖമുള്ള മുഖ്യമന്ത്രിയായിരുന്നു ഉമ്മൻചാണ്ടി. എന്നിട്ടും ഭരണം നിലനിർത്താൻ സാധിച്ചില്ല. ഈ മാസം എട്ടിന് റഫാൽ അഴിമതിക്കെതിരെ രാജ്ഭവന് മുന്നിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ധർണ നടത്തും. ബൊഫോഴ്‌സ്, റ്റു ജി സ്‌പെക്ട്രം ഇടപാടുകൾ സംബന്ധിച്ച് നടത്തിയതു പോലെ റഫാൽ അഴിമതിയിൽ സംയുക്ത പാർലിമെന്ററി സമിതി അന്വേഷണം ആവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം നൽകും. 
 ഡിസിസി പ്രസിഡന്റ് അഡ്വ. ടി.സിദ്ദിഖ്, മുൻ മന്ത്രി അഡ്വ. പി ശങ്കരൻ, പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് കെ.പ്രേംനാഥ്, സെക്രട്ടറി വി.വിപുൽനാഥ് എന്നിവർ സംബന്ധിച്ചു.

 

Latest News