കാസർകോട് - കോടതികളിൽ കേസുകൾ തീർപ്പാകാതെ അനന്തമായി കെട്ടിക്കിടക്കുന്നത് ഒഴിവാക്കണമെന്ന് ഗവർണർ പി. സദാശിവം പറഞ്ഞു. കാസർകോട് സബ് കോടതിയുടെ വജ്ര ജൂബിലി ആഘോഷങ്ങളുടെ സമാപന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ അതിവേഗം നീതി ലഭിക്കുന്നതിനുള്ള സാഹചര്യമുണ്ടാകണം. ഇതിനായി അദാലത്തുകൾ സംഘടിപ്പിക്കണം. കോടതികളിൽ അടിസ്ഥാന സൗകര്യമൊരുക്കുന്നതിന് ജനപ്രതിനിധികൾ മുൻകൈയെടുക്കണം. എം.പി, എം.എൽ.എ ഫണ്ട് തുടങ്ങിയവ ഇതിനായി പ്രയോജനപ്പെടുത്തണം. കോടതികൾ സമ്മർ വെക്കേഷൻ എന്ന പേരിൽ ഏഴ് ആഴ്ചയും വിന്റർ വെക്കേഷൻ രണ്ട് ആഴ്ചയും എടുക്കുന്നത് ശരിയാണോ എന്ന് പരിശോധിക്കണം.
കോടതികളിൽ ചൂടുകാലത്ത് ശീതീകരണത്തിനുള്ള സൗകര്യവും ശൈത്യകാലത്ത് ചൂട് ലഭിക്കുന്നതിനുള്ള സൗകര്യങ്ങളും ഇപ്പോൾ ഉണ്ട്. പിന്നെ ഈ കാലയളവിൽ അവധി നൽകുന്നതിന്റെ സാംഗത്യം മനസ്സിലാവുന്നില്ലെന്നും ഗവർണർ പറഞ്ഞു. കാസർകോട് കുടുംബ കോടതിയും എം.എ.സി.ടി കോടതിയും സ്ഥാപിക്കുന്നതിന് മുൻകയ്യെടുക്കും. ഇതിനായി മുഖ്യമന്ത്രി, നിയമ മന്ത്രി എന്നിവരുമായി സംസാരിക്കും. രാജധാനി ട്രെയിനിന് കാസർകോട് സ്റ്റോപ് അനുവദിക്കുന്നതിന് റെയിൽവെ മന്ത്രാലയവുമായി ബന്ധപ്പെട്ട് നടപടികൾ സ്വീകരിച്ച് വരുന്നതായും ഗവർണർ പറഞ്ഞു.
കോടതികളുടെ പ്രവർത്തനങ്ങൾക്ക് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് കൂടുതൽ സൗകര്യപ്രദമാകും. ജുഡീഷ്യറിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ കൃത്യനിഷ്ഠ പാലിക്കുന്നതോടൊപ്പം തൊഴിൽ ധാർമ്മികതയും പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കോടതി അങ്കണത്തിൽ നടന്ന ചടങ്ങിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋഷികേഷ് റോയ് അധ്യക്ഷനായി. റവന്യുവകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരൻ മുഖ്യപ്രഭാഷണം നടത്തി. ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് അലക്‌സാണ്ടർ തോമസ്, എൻ.എ നെല്ലിക്കുന്ന് എം.എൽ.എ എന്നിവർ സംസാരിച്ചു. കാസർകോട് പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് ജഡ്ജ് എസ്.മനോഹർ കിണി സ്വാഗതവും കാസർകോട് ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.എ സി അശോക് കുമാർ നന്ദിയും പറഞ്ഞു. ചടങ്ങിൽ വജ്രജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ച് പുറത്തിറക്കുന്ന സ്മരിണകയുടെ പ്രകാശനം ഗവർണർ ഗവർണർ പി.സദാശിവം ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋഷികേഷ് റോയിക്ക് നൽകി നിർവഹിച്ചു. ആഘോഷങ്ങളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് മഹാത്മാഗാന്ധിയുടെ പ്രതിമ കോടതി വളപ്പിൽ സ്ഥാപിച്ചു.