Sorry, you need to enable JavaScript to visit this website.

സൗദിയില്‍ വിദേശ നിക്ഷേപത്തിൽ  90 ശതമാനം വർധന

റിയാദ് - ഈ വർഷം ആദ്യത്തെ രണ്ടു പാദങ്ങളിലും സൗദിയിൽ വിദേശ നിക്ഷേപത്തിൽ 90 ശതമാനം വർധനവ് രേഖപ്പെടുത്തിയതായി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ വെളിപ്പെടുത്തി. സൗദിയിൽ നിന്ന് മൂലധനം പുറത്തേക്കൊഴുകുന്നതിൽ ആശങ്കയില്ല. സൗദി അറേബ്യ സ്വതന്ത്ര വിപണിയാണ്. സ്വതന്ത്രമായ മൂലധന നീക്കം രാജ്യം ഉറപ്പു നൽകുന്നു. ഈ വർഷവും കഴിഞ്ഞ കൊല്ലവും 1990 ഗൾഫ് യുദ്ധ കാലത്തും വിദേശത്തേക്കുള്ള മൂലധന ഒഴുക്ക് സൗദി അറേബ്യ തടഞ്ഞിട്ടില്ല. സ്വതന്ത്ര വിപണിയെന്നോണം രാജ്യം മുന്നോട്ടു പോകുന്നത് തുടരും. 
ധനമന്ത്രാലയത്തിനു കീഴിലെ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ മൂലധനം നാൽപതിനായിരം കോടി ഡോളറിനടുത്ത് എത്താറായിട്ടുണ്ട്. 2020 ഓടെ ഇത് അറുപതിനായിരം കോടി ഡോളറായി ഉയർത്തുന്നതിനാണ് ലക്ഷ്യമിടുന്നത്. 2020 ഓടെ ഈ ലക്ഷ്യം മറികടക്കുന്നതിന് സാധിക്കുമെന്നാണ് കരുതുന്നത്. പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് നിക്ഷേപങ്ങളിൽ പകുതിയിലേറെയും രാജ്യത്തിനകത്താണ്. വിദേശങ്ങളിലെ നിക്ഷേപം 50 ശതമാനത്തിൽ കുറവാണ്. ലോകത്ത് വിവിധ രാജ്യങ്ങളിൽ സൗദി അറേബ്യ നിക്ഷേപങ്ങൾ നടത്തും. സോഫ്റ്റ് ബാങ്ക് വിഷൻ ഫണ്ട് സ്ഥാപിച്ചത് സൗദി അറേബ്യയാണ്. ഈ ഫണ്ടിന്റെ 45 ശതമാനം ഓഹരികൾ സൗദി അറേബ്യക്കാണ്. സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ സംഭാവനയില്ലാതെ സോഫ്റ്റ് ബാങ്ക് വിഷൻ ഫണ്ട് യാഥാർഥ്യമാകുമായിരുന്നില്ല. സോഫ്റ്റ് ബാങ്കിൽ 4500 കോടി ഡോളറാണ് നിക്ഷേപിച്ചിരിക്കുന്നത്. ബാങ്കിൽ 4500 കോടി ഡോളർ കൂടി വൈകാതെ നിക്ഷേപിക്കും. സോഫ്റ്റ് ബാങ്കിൽ നടത്തിയ നിക്ഷേപം വഴി ആദ്യ വർഷം മികച്ച ലാഭം ലഭിച്ചിട്ടുണ്ട്. വലിയ ലാഭം ലഭിച്ചില്ലായിരുന്നെങ്കിൽ ബാങ്കിൽ വീണ്ടും വൻതുക നിക്ഷേപിക്കുമായിരുന്നില്ല. അമേരിക്കൻ ഇലക്‌ട്രോണിക്‌സ് ഭീമനായ ആപ്പിൾ കമ്പനി വൈകാതെ സൗദിയിൽ ഷോറൂം തുറക്കുമെന്നും കിരീടാവകാശി പറഞ്ഞു.  
ഗൾഫ് രാജ്യങ്ങളെ കൈയൊഴിയുന്നതിന് സൗദി അറേബ്യക്ക് സാധിക്കില്ല. ബഹ്‌റൈന് ആയിരം കോടി ഡോളറിന്റെ സാമ്പത്തിക സഹായം നൽകുന്നതിനുള്ള പദ്ധതിക്ക് സൗദി അറേബ്യയും യു.എ.ഇയും കുവൈത്തും ചേർന്ന് രൂപം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

Latest News