ആദ്യം കോടിയേരിയുടെ വാക്കുകള്‍ അതേ പടി,
കോടിയേരി : .....എല്ലാ മതത്തിലും സമുദായത്തിലും നടക്കുന്ന പരിഷ്‌കരണ പ്രസ്ഥാനങ്ങളുടെ കൂടെയാണ് കമ്മ്യൂണിസ്റ്റുകാര്‍ നിലകൊണ്ടിട്ടുള്ളത്. ഈ പ്രശ്‌നത്തിലും ഞങ്ങളുടെ നിലപാട് അതുതന്നെയാണ്..
ലേഖകന്‍ : ശബരിമല വിധി വന്നതിനുശേഷം ഈ സുന്നി ദേവാലയത്തില്‍ ഉള്‍പ്പെടെ സ്ത്രീകളെ കയറ്റണമെന്ന് കേരളത്തില്‍നിന്ന് വരെ ആവശ്യം ഉയര്‍ന്നു വന്നിട്ടുണ്ട്. ഇത്തരം വിഷയങ്ങളില്‍ പാര്‍ട്ടിയുടെ നിലപാട് എന്താണ് ?
കോടിയേരി: ഒരു സ്ഥലത്തും സ്ത്രീ വിവേചനം പാടില്ല എന്നുള്ള നിലപാടാണ് ഞങ്ങള്‍ക്കുള്ളത്. ഇപ്പോള്‍ ചില മുസ്ലിം പള്ളികളില്‍ സ്ത്രീകള്‍ പോകുന്നുണ്ടല്ലോ ? തിരുവനന്തപുരത്തെ ബീമാപള്ളിയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം ഉണ്ടല്ലോ ? ധാരാളം പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം ഉണ്ട്. ഹജ്ജിന് സ്ത്രീകള്‍ പോകുന്നില്ലേ ? അങ്ങനെയാണെങ്കില്‍ മക്കയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം പാടുണ്ടോ?
ലേഖകന്‍ : .....സുന്നികളുടെ പള്ളികളില്‍ പ്രവേശനം....
കോടിയേരി: ഏത് സുന്നിയായാലും അവര് ആരായാലും ഞങ്ങളെ സംബന്ധിച്ചിടത്തോളം നിലപാട് ഒന്നാണ്. അതുകൊണ്ട് ആരു പറയുന്നു എന്നതല്ല. സ്ത്രീ പ്രവേശനം സംബന്ധിച്ച ഏതു കാര്യത്തിലും..... സ്ത്രീകള്‍ക്ക് വിവേചനം പാടില്ല. ഭരണഘടന അനുശാസിക്കുന്ന ഈ തത്വം നടപ്പില്‍ വരുത്തണം. അതിന്റെ പ്രായോഗികമായ പ്രശ്‌നങ്ങള്‍ ബന്ധപ്പെട്ടവര്‍ ആലോചിക്കണം. സമുദായത്തിനകത്ത് തന്നെ ഉള്ളവരാണ് പുരോഗമന വീക്ഷണം ഉയര്‍ത്തിക്കൊണ്ടു വരേണ്ടത്. അതിനെക്കുറിച്ച് ആയിരിക്കണം ചിന്തിക്കേണ്ടത്. സമൂഹത്തെ പിറകോട്ട് നയിക്കാനായിരിക്കരുത് രാഷ്ട്രീയപാര്‍ട്ടികള്‍ ശ്രമിക്കേണ്ടത്, മുന്നോട്ട് നയിക്കുന്നതിന് കുറിച്ചായിരിക്കണം. കെ പി സി സി എടുത്ത ഈ സമീപനം കേരളത്തിലെ കോണ്‍ഗ്രസിന്റെ ചരിത്രത്തിനും പാരമ്പര്യത്തിനും നിരക്കാത്തതാണ്. അവര്‍ വലിയ അപചയത്തില്‍ പെട്ടിരിക്കുകയാണ്. അവര്‍ക്ക് ഒരു രാഷ്ട്രീയ നിലപാട് എടുക്കാന്‍ കഴിയുന്നില്ല ഹിന്ദുത്വ വര്‍ഗ്ഗീയ വാദികളെ തൃപ്തിപ്പെടുത്താനുള്ള നീക്കമാണ് കെപിസിസിയില്‍ ഒരുവിഭാഗം നടത്തിക്കൊണ്ടിരിക്കുന്നത്. ഈ നിലപാട് മാറണം ഐസിസിയുടെ നിലപാടിനെ കൂടെ കേരളത്തിലെ കെപിസിസി നില്‍ക്കണം. അപ്പോള്‍ എഐസിസിയുടെ നിലപാട് അംഗീകരിക്കാത്ത കെപിസിസി പിരിച്ചുവിടണം അതിനൊക്കെയുള്ള ധൈര്യമുണ്ടോ ? അപ്പോള്‍ ഇരട്ടത്താപ്പ് സമീപനം പാടില്ല.....
ആര്‍ജവമുള്ള, മാന്യമായ, ജനാധിപത്യ സങ്കല്പങ്ങളോട് നീതി പുലര്‍ത്തുന്ന ഈ വാക്കുകളെ വളച്ചൊടിച്ചാണ് 'മുസ്ലിം സ്ത്രീകളെ സുന്നി പള്ളികളിലും പ്രവേശിപ്പിക്കണം' എന്ന് കോടിയേരി പറഞ്ഞെന്ന രീതിയില്‍ ഒരുളുപ്പുമില്ലാതെ പ്രചരിപ്പിക്കുന്നത്. കോടിയേരി സുന്നികളെയോ മുസ്ലിങ്ങളെയോ ലക്ഷ്യമിട്ടിട്ടില്ലെന്ന് മാത്രമല്ല ആ രീതിയിലുള്ള ബാലന്‍സിംഗ് പ്രചാരണങ്ങള്‍ക്കെതിരായ വാദങ്ങള്‍ ഉയര്‍ത്തുകയാണ് ചെയ്തത്. എന്നിട്ടും കുപ്രചാരണം ഏറ്റെടുക്കുന്നവര്‍ ആരുടെ അജണ്ടയാണ് ഏറ്റെടുക്കുന്നതെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണവും കലാപവും ലക്ഷ്യമിട്ട് ഹിന്ദുത്വ രാഷ്ട്രീയ ശക്തികള്‍ നടത്തുന്ന പ്രചാരണത്തിന് ചൂട്ട് കത്തിക്കുകയാണവര്‍. ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്നവര്‍ ഏത് മതത്തിലോ പാര്‍ട്ടിയിലോ ആദര്‍ശത്തിലോ വിശ്വസിക്കുന്നരാവട്ടെ, നിരന്തരം തുടരുന്ന ഈ വിഷ പ്രചാരണത്തിന് കൂട്ട് നില്‍ക്കരുത് ! സിപിഎം നേതൃത്വത്തിലുള്ള ഭരണം മാത്രമാവില്ല ഈ നുണ പ്രചാരണങ്ങളുടെ ഇര എന്നെങ്കിലും മനസ്സിലാക്കണം.