തിരുവനന്തപുരം- ഞായറാഴ്ച മലപ്പുറം, ഇടുക്കി ജില്ലകളില്‍ അതിതീവ്ര മഴയ്ക്കു സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനത്തെ തുടര്‍ന്ന് പുറപ്പെടുവിച്ച അതിജാഗ്രതാ (റെഡ് അലര്‍ട്ട്) നിര്‍ദേശം പിന്‍വലിച്ചു. അതേസമയം അതീവ ജാഗ്രത (ഓറഞ്ച് അലര്‍ട്ട്) തുടരണമെന്ന് മുന്നറിയിപ്പ് തുടരുന്നു. കേരള തീരത്തു നിന്ന് 500 കിലോമീറ്ററോളം അകലെ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം കൂടുതല്‍ ശക്തി പ്രാപിക്കുന്നതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇത് അതിതീവ്രമാകുന്നതോടെ രാത്രി ചുഴലിക്കാറ്റായി മാറിയേക്കുമെന്നാണ് മുന്നറിയിപ്പ്. ലുബാന്‍ എന്നു പേരിട്ടിരിക്കുന്ന ഈ ചുഴലിക്കാറ്റ് ലക്ഷദ്വീപിനു പടിഞ്ഞാറു വഴി ഒമാന്‍ തീരത്തേക്കു നീങ്ങുമെന്നാണ് നിഗമനം. ഇത് കേരളത്തില്‍ ഇന്നു മുതല്‍ അടുത്ത നാലു ദിവസം വരെ ശക്തമായ കാറ്റിനും മഴയ്ക്കും ഇടയാക്കുമെന്നും മുന്നറിയിപ്പുണ്ട്.