Sorry, you need to enable JavaScript to visit this website.

കരിപ്പൂരില്‍ കസ്റ്റംസ് കൊള്ളസംഘം; പണവും സമയവും നഷ്ടമാകുന്നു

കരിപ്പൂര്‍ വിമാനത്താവളത്തിലെ ചില കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പ്രവാസികളെ ചൂഷണം ചെയ്യുന്നുണ്ട്. ചില പ്രവാസികളുടെ നിയമത്തിന്റെ അജ്ഞതയും പ്രതികരിക്കാതിരിക്കുന്നതുമാണ് കരിപ്പൂരിലെ കസ്റ്റംസ് കൊള്ള സംഘത്തിന് വളമാവുന്നത്. സന്തോഷത്തോടെ നാട്ടിലേക്ക് വരുന്നവരെ മാനസികമായി തളര്‍ത്തുന്നതാണ് ഇവരുടെ നടപടി. നിരവധി പേരുടെ പണവും സമയവും ഇവര്‍ നഷ്ടപ്പെടുത്തുന്നു. ഇന്നലെ കരിപ്പൂരില്‍ എത്തിയ എനിക്കും ദുരനുഭവം നേരിടേണ്ടി വന്നു. അറിയുന്ന നിയമം പറഞ്ഞു 'ഷാകിരീയന്‍ ശൈലി'യില്‍ പ്രതികരിച്ചപ്പോള്‍ കസ്റ്റംസ് തള്ളച്ചിക്ക് (ക്ഷമിക്കുക, ആ ദ്രോഹിയെ അങ്ങിനെയേ വിളിക്കാന്‍ കഴിയൂ) പിന്തിരിയേണ്ടി വന്നു. ഞാന്‍ എത്തിയ വിമാനത്തിലെ തന്നെ നിരവധി പേര്‍ കസ്റ്റംസ് ചൂഷണം കാരണം പിറു പിറുത്താണ് അവിടെ നിന്നും പുറത്തിറങ്ങിയത്. എട്ടു ദിവസത്തെ അവധിക്കായി ഇന്നലെ മറ്റൊരു വിമാനത്തില്‍ എത്തിയ എന്റെ ഒരു സ്‌നേഹിതനെ ഒരു മണിക്കൂറോളം അവിടെ തടഞ്ഞു വെച്ചു. ചൂഷണത്തിന് സമ്മതിക്കാതെ പ്രതികരിച്ച സ്‌നേഹിതന്‍ നിയമപരമായി പോരാടും എന്ന് കൂടി പറഞ്ഞപ്പോള്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അദ്ദേഹത്തോട് പോകാന്‍ പറഞ്ഞു. അനാവശ്യമായി പണം അടപ്പിക്കല്‍, കസ്റ്റംസ് സ്‌ക്രീനിങ്ങിനായി ദീര്‍ഘനേരം യാത്രക്കാരെ കാത്തു നിര്‍ത്തല്‍, എല്ലാ പരിശോധനയും കഴിഞ്ഞ ശേഷവും ലഗേജ് ബോക്‌സ് പൊട്ടിക്കല്‍ തുടങ്ങിയവ ഇവരുടെ വിനോദമാണ്. ഇവരില്‍ ചിലരുടെ അസുഖം വര്‍ഗീയമാണ്. അന്യായമായ നടപടികളോട് പ്രവാസികള്‍ സന്ധി ചെയ്യരുത്. പ്രതികരിക്കണം. ഇക്കാര്യങ്ങള്‍ ഇന്നലെത്തന്നെ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. പ്രവാസികളുടെ കൂട്ടായ്മ എന്ന നിലയില്‍ കെഎംസിസിയും വിഷയത്തില്‍ ഇടപെടും. ലീവിന് വരുന്ന പ്രവാസി എന്തും സഹിച്ചോളും എന്ന ധാരണയില്‍ ചൂഷണം ചെയ്യരുത്. കൊണ്ടോട്ടിയുടെ സമീപത്താണ് ഈ ചൂഷക സംഘവും താമസിക്കുന്നത്. ഉപജീവന ഉപാധി എന്നത് കൊണ്ട് ക്ഷമയുടെ അങ്ങേയറ്റം അന്യനാട്ടില്‍ കാണിക്കുന്നുണ്ട്. അവിടെകൊടുക്കാന്‍ കഴിയാത്തത് ഇവിടെ വീട്ടില്‍ എത്തിച്ചു തരാന്‍ നിര്‍ബന്ധിക്കരുത്.അകത്തുവെച്ചു നിയമവിരുദ്ധ ചൂഷണം നടത്തിയാല്‍ പുറത്തു വെച്ചു തിരിച്ചും നേരിടേണ്ടി വരും. അനീതിക്കെതിരെയുള്ള 'പോരാട്ട'ത്തില്‍ ബിരുദാനന്തര ബിരുദം എടുത്തവര്‍ ഏറെയും പ്രവാസികളുടെ കൂട്ടത്തിലാണെന്ന് കൂടി ഓര്‍മപ്പെടുത്തുന്നു
 

Latest News