മൂന്നുമാസത്തിനകം ഒരിക്കലും നടക്കില്ല
റിയാദ് - (www.malayalamnewsdaily.com) വിദ്യാഭ്യാസ മന്ത്രാലയം നിഷ്‌കർഷിച്ച സമയത്തിനകം സൗദിവൽക്കരണം നടപ്പാക്കുക അസാധ്യമാണെന്ന് സ്വകാര്യ സ്‌കൂൾ ഉടമകൾ പറഞ്ഞു. സ്വകാര്യ, ഇന്റർനാഷണൽ സ്‌കൂളുകളിൽ ഓഫീസ്, സൂപ്പർവൈസിംഗ്, ആക്ടിവിറ്റി ജോലികളിൽ വിദേശികളെ വിലക്കുന്നതിനും ഇത്തരം ജോലികളിൽ സൗദികളെ നിയമിക്കുന്നതിനും വിദ്യാഭ്യാസ മന്ത്രി ഡോ. അഹ്മദ് അൽഈസ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. സ്‌കൂളുകളിൽ സൗദികളെ നിയമിക്കാൻ കഴിയുന്ന മറ്റു തൊഴിലുകളിലും വിദേശികൾക്കു പകരം സ്വദേശികളെ നിയമിക്കണമെന്നും നിർദേശമുണ്ട്. ഈ അധ്യയന വർഷത്തെ ഫസ്റ്റ് ടേം അവസാനിക്കുന്നതിനു മുമ്പായി സൗദിവൽക്കരണം നടപ്പാക്കിയിരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
എന്നാൽ വിദ്യാഭ്യാസ മന്ത്രാലയം ആവശ്യപ്പെട്ടതു പോലെ മൂന്നു മാസത്തിനുള്ളിൽ സൗദിവൽക്കരണം നടപ്പാക്കാൻ ഒരിക്കലും സാധിക്കില്ലെന്ന് സ്‌കൂൾ ഉടമകൾ പറഞ്ഞു. പല വിദേശ അധ്യാപകരെയും ഒരു മാസം മുമ്പാണ് റിക്രൂട്ട് ചെയ്തത്. വിദേശ അധ്യാപകരിൽ പലരും ബാങ്കുകളിൽ നിന്ന് വായ്പകളെടുക്കുകയും കെട്ടിട ഉടമകളുമായി വാടക കരാറുകൾ ഒപ്പുവെച്ചിട്ടുമുണ്ട്. ഇവരെ പെട്ടെന്ന് പിരിച്ചുവിട്ട് പകരം സൗദികളെ നിയമിക്കുക ദുഷ്‌കരമായിരിക്കുമെന്ന് സ്‌കൂൾ ഉടമകൾ പറയുന്നു.
തങ്ങൾ സൗദിവൽക്കരണത്തിന് എതിരല്ലെന്ന് അശ്ശർഖിയ ചേംബർ ഓഫ് കൊമേഴ്‌സിലെ സ്വകാര്യ വിദ്യാഭ്യാസ കമ്മിറ്റി പ്രസിഡന്റ് ഖാലിദ് അൽജുവൈറ പറഞ്ഞു. സൗദി യുവാക്കൾ സർക്കാർ ജോലിയാണ് ഇഷ്ടപ്പെടുന്നത്. സ്വകാര്യ സ്‌കൂളുകളിൽ സൗദിവൽക്കരിക്കണമെന്ന് ആവശ്യപ്പെട്ട തൊഴിലുകളിൽ സൗദികളെ നിയമിക്കുന്നതിന് പരിശീലനവും പരിചയസമ്പത്തും ആവശ്യമാണ്. പുതുതായി ബിരുദം നേടി പുറത്തിറങ്ങുന്നവർക്ക് പരിചയസമ്പത്തുണ്ടാകില്ല. തൊഴിൽ കരാറുകൾ ഒപ്പുവെച്ച വിദേശികളെ കരാർ കാലാവധി അവസാനിക്കുന്നതിനു മുമ്പായി പിരിച്ചുവിടുന്നതു വഴി കരാർ കാലാവധിയിൽ ശേഷിക്കുന്ന കാലത്തെ വേതനം നൽകുന്നതിന് സ്‌കൂൾ ഉടമകൾ നിർബന്ധിതരായേക്കും. വിദേശികളുമായി ഒപ്പുവെച്ച തൊഴിൽ കരാർ കാലാവധികൾ പൂർത്തിയാകുന്നതുവരെ സൗദിവൽക്കരണം നടപ്പാക്കുന്നതിന് രണ്ടു വർഷത്തെ സാവകാശമെങ്കിലും വിദ്യാഭ്യാസ മന്ത്രാലയം നൽകണമെന്ന് ഖാലിദ് അൽജുവൈറ ആവശ്യപ്പെട്ടു.
സൗദിവൽക്കരണം നടപ്പാക്കുന്നതിന് രണ്ടു മാസത്തെ മാത്രം സാവകാശം അനുവദിച്ച വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം തങ്ങളെ ഞെട്ടിച്ചതായി അശ്ശർഖിയ ചേംബർ ഓഫ് കൊമേഴ്‌സിലെ സ്വകാര്യ വിദ്യാഭ്യാസ കമ്മിറ്റി അംഗം ഡോ. ഖാലിദ് അൽദുഅയ്‌ലിജ് പറഞ്ഞു. ഒരു ടേമിന്റെ മധ്യത്തിൽ സൗദിവൽക്കരണ തീരുമാനം പ്രഖ്യാപിക്കുകയും ടേം അവസാനിക്കുന്നതിനു മുമ്പായി ഇത് നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്നതും കടുത്ത പ്രയാസമാണ് സൃഷ്ടിക്കുന്നതെന്ന് മറ്റൊരു കമ്മിറ്റി അംഗമായ സ്വാലിഹ് അൽഗാംദി പറഞ്ഞു.
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുമതിയോടെയും സമ്മതപത്രത്തോടെയുമാണ് സ്വകാര്യ സ്‌കൂളുകൾ വിദേശങ്ങളിൽ നിന്ന് അധ്യാപകരെയും ജീവനക്കാരെയും റിക്രൂട്ട് ചെയ്തത്. ജോലിയിൽ പ്രവേശിച്ച് കുറഞ്ഞ സമയത്തിനുള്ളിൽ അവരെ പിരിച്ചുവിടുന്നത് യുക്തിക്ക് നിരക്കുന്നതല്ല.
സൗദിവൽക്കരണ തീരുമാനം വിദ്യാഭ്യാസ മന്ത്രി പുനഃപരിശോധിക്കണം. സ്വദേശിവൽക്കരണം നടപ്പാക്കുന്നതിന് ചുരുങ്ങിയത് ഒരു വർഷത്തെ സാവകാശമെങ്കിലും അനുവദിക്കണമെന്നും സ്വാലിഹ് അൽഗാംദി ആവശ്യപ്പെട്ടു.
പ്രധാനധ്യാപകൻ, സ്‌കൂൾ സെക്രട്ടറി പോലുള്ള തസ്തികകളിൽ നിയമിക്കുന്നതിന് മാത്രം പരിചയസമ്പത്തുള്ള സൗദികളെ കിട്ടാനില്ല. പരിചയസമ്പത്തില്ലാത്തവരെ ഇത്തരം തസ്തികകളിൽ നിയമിക്കുന്നതിനും സാധിക്കില്ല.
ധിറുതി പിടിച്ച് സൗദിവൽക്കരണം അടിച്ചേൽപിക്കുന്നതിന്റെ പ്രത്യാഘാതങ്ങൾ വിദ്യാഭ്യാസ മന്ത്രാലയം പരിഗണിച്ചിട്ടില്ലെന്നും സ്വകാര്യ സ്‌കൂൾ ഉടമയായ ഡോ. അദ്‌നാൻ അൽശഖ്‌സ് പറഞ്ഞു.- www.malayalamnewsdaily.com