Sorry, you need to enable JavaScript to visit this website.

ഈ പയ്യൻ ഇന്ത്യക്കു കളിക്കും -സചിൻ അന്നേ പറഞ്ഞു

മുംബൈ - പൃഥ്വി ഷായെ ആദ്യം കണ്ടപ്പോൾ തന്നെ സചിൻ ടെണ്ടുൽക്കർ പ്രവചിച്ചിരുന്നു, ഈ പയ്യൻ ഇന്ത്യക്കു കളിക്കുമെന്ന്. കളിച്ചു തുടങ്ങുന്ന കാലത്താണ് പൃഥ്വിക്ക് സചിനെ കാണാൻ അവസരം കിട്ടിയത്. അപ്പോൾ പോലും തനിക്ക് വലിയ മതിപ്പ് തോന്നിയിരുന്നുവെന്ന് സചിൻ വെളിപ്പെടുത്തി. 
ജഗദീഷ് ചവാൻ എന്ന സുഹൃത്താണ് പൃഥ്വിയുടെ കളി വീക്ഷിക്കാൻ ആദ്യം അഭ്യർഥിച്ചതെന്ന് സചിൻ ഓർക്കുന്നു. ഈ കുട്ടിക്ക് എന്നെ കാണാൻ താൽപര്യമുണ്ടെന്നും ബാറ്റിംഗ് നിരീക്ഷിച്ചാൽ നന്നായിരിക്കുമെന്നുമായിരുന്നു പറഞ്ഞത്. ആദ്യ കാഴ്ചയിൽ തന്നെ ചവാനോട് പറഞ്ഞു, ഈ കുട്ടി ഇന്ത്യക്കു കളിക്കും. ഭാവി ഇന്ത്യൻ താരത്തെയാണ് നിങ്ങൾ കാണുന്നത്. ആദ്യം മനസ്സിൽ വന്ന കാര്യമാണ് ഞാൻ പറഞ്ഞത് -സചിൻ വെളിപ്പെടുത്തി. 
കൈയും കണ്ണും തമ്മിലുള്ള ഏകോപനവും ലൈനും ലെംഗ്തും മനസ്സിലാക്കാനുള്ള പാടവവുമാണ് എന്നെ ആകർഷിച്ചത്. അപാരമായിരുന്നു അത്. ആ പ്രായത്തിൽ കരുത്തോടെ അടിക്കാൻ സാധിക്കുമായിരുന്നില്ല. പക്ഷെ ചെറുപ്രായത്തിൽ ഇത്ര സാങ്കേതികത്തികവ് അപൂർവമാണ് -സചിൻ പറഞ്ഞു. അരങ്ങേറ്റത്തിൽ വലിയ സ്‌കോർ നേടിയത് പൃഥ്വിക്ക് വലിയ ഗുണം ചെയ്യുമെന്ന് സചിൻ കരുതുന്നു. ആഭ്യന്തര ക്രിക്കറ്റിൽ മികവു കാട്ടിയ എല്ലാവരും നേരിടുന്ന ചോദ്യമാണ് ഇന്റർനാഷനൽ ക്രിക്കറ്റിൽ അത് ആവർത്തിക്കാനാവുമോയെന്നത്. ആ കടമ്പ പൃഥ്വി കടന്നു കഴിഞ്ഞു -സചിൻ പറഞ്ഞു. 
സാങ്കേതികമായ മാറ്റങ്ങൾ ആരെങ്കിലും നിർദേശിച്ചാൽ സ്വീകരിക്കരുതെന്ന് ഉപദേശിച്ചിരുന്നു. അങ്ങനെ നിർദേശിക്കുന്നവരോട് ആദ്യം എന്നോട് സംസാരിക്കാൻ പറയാനാണ് ആവശ്യപ്പെട്ടത് -സചിൻ പറഞ്ഞു. രാഹുൽ ദ്രാവിഡും ഇതേ ഉപദേശമാണ് പൃഥ്വിക്ക് നൽകിയത്. ചില സാങ്കേതിക പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ ദ്രാവിഡ് ചോദിച്ചത് അതുകൊണ്ട് ബുദ്ധിമുട്ടുണ്ടോയെന്നാണ്. ഇല്ലെന്ന് പറഞ്ഞപ്പോൾ ആശങ്കപ്പെടേണ്ടെന്ന് മറുപടി കിട്ടി. 

Latest News