തൊടുപുഴ- പർദയിട്ട് സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയുടെ പ്രസവ വാർഡിൽ പ്രവേശിച്ച കേസിൽ പിടിയിലായ പോലീസ് ഉദ്യോഗസ്ഥനെ റിമാൻഡ് ചെയ്തു. കുളമാവ് സ്‌റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ നൂർ സമീർ ആണ് ബുധനാഴ്ച കീഴടങ്ങിയത്.
ഇന്നലെ പ്രതിയെ ആശുപത്രിയിലെത്തിച്ച് തെളിവെടുപ്പ് നടത്തിയെങ്കിലും കാര്യമായ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. ഇതിന് പിന്നാലെ പർദ വാങ്ങിയ തൊടുപുഴയിലെ തുണിക്കടയിലും പ്രതിയെ എത്തിച്ചു തെളിവെടുത്തു. ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ പോലിസിനെ വട്ടം ചുറ്റിക്കുന്ന നിലപാടാണ് പ്രതി തുടരുന്നത്. എന്തിനാണ് ആശുപത്രിയിലെത്തിയത് എന്ന ചോദ്യത്തിന് സുഹൃത്തിനെ കാണാനാണെന്നാണ് മറുപടി നൽകിയത്. ഈ സുഹൃത്ത് യുവതിയാണെന്നും പ്രസവ വാർഡിൽ പർദ ധരിച്ച് പ്രതിയെത്തുമ്പോൾ ഇവിടെ എട്ട് സ്ത്രീകൾ പ്രസവിച്ച് കിടപ്പുണ്ടായിരുന്നെന്നും പോലിസ് കണ്ടെത്തിയിട്ടുണ്ട്. കുട്ടികളെ തട്ടിക്കൊണ്ട് പോകാനാണോ വേഷം മാറിയെത്തിയതെന്നും പോലിസ് സംശയിക്കുന്നുണ്ട്. കൂടുതൽ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനുള്ള നീക്കത്തിലാണ് പോലീസ്.
സെപ്റ്റംബർ 28ന് രാത്രി എട്ടു മണിയോടെയാണ് പർദയിട്ടയാൾ ചുറ്റിത്തിരിയുന്നത് പ്രസവ വാർഡിൽ ഉണ്ടായിരുന്നവർ ശ്രദ്ധിച്ചത്. ഇവർ ബഹളമുണ്ടാക്കിയതോടെ പോലിസുകാരൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. സെക്യൂരിറ്റി ജീവനക്കാരൻ പിടികൂടി പർദ പൊക്കിയപ്പോൾ താൻ പോലിസുകാരനാണെന്ന് പറഞ്ഞ് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് തൊടുപുഴ പോലിസ് കേസെടുക്കുകയും ജില്ലാ പോലീസ് മേധാവി അന്വേഷണ വിധേയമായി നൂർ സമീറിനെ സസ്പെന്റ് ചെയ്യുകയുമായിരുന്നു.