തിരൂർ- വീടിനു പരിസരത്ത് കണ്ടുവെന്നാരോപിച്ചു യുവാവിനെ വെട്ടിയ നിലയിൽ. തിരുനാവായ കൊടക്കലിലാണ് നടുറോഡിലിട്ടു സദാചാര ഗുണ്ടായിസം ചമഞ്ഞു യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമം നടന്നത്. വെട്ടേറ്റ കൊടക്കൽ പി.കെ പടി സ്വദേശി കാളിയാടൻ ഫിറോസ് മണി(40)യെ ഗുരുതര പരിക്കുകളോടെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ രണ്ടു മണിയോടെയാണ് ഫിറോസിനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചത്. വീടിനു പരിസരത്ത് രാത്രിയിലെത്തിയെന്നു ആരോപിച്ചായിരുന്നു മൂന്നു പേരടങ്ങുന്ന സംഘം ഫിറോസിനെ വെട്ടിയത്. മാരകായുധങ്ങളുമായെത്തി തന്നെ അക്രമിച്ചത് വീടിനടുത്ത് തന്നെയുള്ളവരാണെന്നു ഫിറോസ് പോലീസിൽ മൊഴി നൽകി. തന്നെ ആസൂത്രിതമായി വധിക്കാനാണ് മൂന്നു പേർ എത്തിയതെന്നു ഫിറോസ് പറഞ്ഞു. വാളുകൊണ്ട് വെട്ടുകയും കത്തി കൊണ്ടു ദേഹമാസകലം വരഞ്ഞു മുറിവേൽപ്പിച്ച നിലയിലുമാണ്. തലയിലെ പരിക്ക് ഗുരുതരമാണ്. അർധരാത്രിയിൽ പി.കെ പടിയിലെ സംഗമം ക്ലബിൽ ഇരിക്കുകയായിരുന്ന ഫിറോസിനെ ഇവിടെ വച്ച് വെട്ടുകയായിരുന്നു. വെട്ടേറ്റ ശേഷം ഓടാൻ ശ്രമിച്ചെങ്കിലും നടുറോഡിലിട്ടും സംഘം അതിക്രൂരമായി വെട്ടുകയായിരുന്നു. അതേസമയം തന്നെ അക്രമിച്ചവർക്ക് കാർ വാടകയ്ക്ക് നൽകിയതായും ഇതിന്റെ വാടക തുക ചോദിക്കാൻ ഇവരുടെ വീട്ടിൽ പോയപ്പോൾ വാക്കേറ്റം ഉണ്ടായിരുന്നതായും ഫിറോസിന്റെ ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ പോലീസ്് കേസെടുത്തു അന്വേഷണം ആരംഭിച്ചു. തലയ്ക്കും കൈകാലുകൾക്കും പുറത്തുമാണ് വെട്ടേറ്റത്.