Sorry, you need to enable JavaScript to visit this website.

ബൈക്ക് യാത്രക്കാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ

അറസ്റ്റിലായ അബ്ദുൽ ഖാദർ.

കൊണ്ടോട്ടി- ബൈക്ക് യാത്രക്കാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. വാഴക്കാട് തിരുവാലൂർ ചീനക്കുഴി അബ്ദുൽ ഖാദർ (42) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ചൊവ്വാഴ്ച ബൈക്ക് യാത്രക്കാരായ വാഴക്കാട് എടതൊടി പുറായ ആസിഫ്് (23) മരിക്കുകയും സഹയാത്രികൻ കുറ്റിയോട്ട് മുബശിറിന് (23) പരിക്കേൽക്കുകയും ചെയ്ത കേസിലാണ് അബ്ദുൽ ഖാദർ അറസ്റ്റിലായത്. പാലക്കാടു നിന്നും മലപ്പുറം ഭാഗത്തേക്ക് വരുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മലപ്പുറം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റ് ഭാഗത്തുനിന്ന് ഇയാളെ പിടികൂടിയത്. ഖാദറിന്റെ വാഹനത്തിൽ നിന്ന് വാളും കസ്റ്റഡിയിലെടുത്തു.
   സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പറയുന്നത് ഇങ്ങനെ: കഴിഞ്ഞ വർഷം ഖാദറിന്റെ അയൽവാസിയായ മുഹമ്മദ് കുട്ടി എന്നയാൾ പ്രതിയായ ഒരു കേസിൽ ഇയാൾക്കെതിരെ സാക്ഷി പറഞ്ഞതിന് കഴിഞ്ഞ ജനുവരിയിൽ കാർ തടഞ്ഞു നിർത്തി മുഹമ്മദ് കുട്ടിയുടെ മകൻ മുബഷിർ പട്ടിക കൊണ്ട് അബ്ദുൽ ഖാദറിന്റെ കൈ അടിച്ച് ഒടിച്ചതിന് വാഴക്കാട് സ്റ്റേഷനിൽ കേസു നിലവിലുണ്ട്. ഈ സംഭവത്തിൽ മുബഷിർ പോലീസിന് പിടി കൊടുക്കാതെ വിദേശത്തേക്ക് രക്ഷപ്പെട്ട് 5 ദിവസം മുൻപാണ് നാട്ടിൽ എത്തി ജാമ്യം നേടിയത്. ഇതിന് മുബഷിറിനെ പകരം വീട്ടാൻ ഖാദർ ഒരുക്കിയതാണ് അപകടം. ചൊവ്വാഴ്ച രാവിലെ 9 മണിയോടെ മുബഷിറും സുഹൃത്തായ ആസിഫും ബൈക്കിൽ പോകുന്നത് കണ്ട പ്രതി തന്റെ കാറുമായി ബൈക്കിനെ പിന്തുടർന്ന് വാഴക്കാട് വെച്ച് ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ സഞ്ചരിച്ച ഇരുവരും റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു നിൽക്കുകയായിരുന്നു. ഉടൻ തന്നെ  പ്രതി രക്ഷപ്പെടുകയായിരുന്നു. ഇയാൾ വന്ന കാറിൽ നിന്നും ഒരു വടിവാളും കണ്ടെടുത്തിട്ടുണ്ട്. വാഹനം ഇടിച്ചു വീഴ്ത്തിയ ശേഷം വാളുകൊണ്ട് വെട്ടാനായിരുന്നു ശ്രമം. എന്നാൽ വാഹനം ഇടിച്ച ശബ്ദം കേട്ട് ആളുകൾ ഓടിയെത്തിയതിനെ തുടർന്ന് പ്രതി രക്ഷപ്പെടുകയായിരുന്നു. 
  തന്റെ കൈ അടിച്ച് പൊട്ടിച്ചതിലുള്ള മുൻവൈരാഗ്യമാണ് കൃത്യം ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് പ്രതി മൊഴി നൽകിയതായി പോലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി. കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങും. 
   മലപ്പുറം ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാറിന്റെ നിർദേശ പ്രകാരം മലപ്പുറം ഡി.എസ്.പി ജലീൽ തോട്ടത്തിലിന്റെ നേതൃത്വത്തിൽ കൊണ്ടോട്ടി ഇൻസ്‌പെക്ടർ എം.മുഹമ്മദ് ഹനീഫ, വാഴക്കാട് എസ്.ഐ വിജയരാജൻ, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ സത്യനാഥൻ മനാട്ട്, അബ്ദുൾ അസീസ്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണൻ മാരാത്ത്, പി.സഞ്ജീവ്, മുഹമ്മദ് സലിം,അയ്യപ്പൻ, സുബ്രഹ്മണ്യൻ, രതീഷ്, ശ്രീജിത്ത്, അജിത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

 

  

Latest News