ആലപ്പുഴ- ആശുപത്രി കിടക്കയിൽ കൈകാലിട്ടടിച്ച് വേദന സഹിക്കവയ്യാതെ നിലവിളിക്കുന്ന ഒന്നര വയസ്സുകാരി ഫാത്തിമയെ സന്ദർശിക്കുന്നവർക്ക് കണ്ണീരോടെയല്ലാതെ തിരികെ പോകാനാവില്ല.
എല്ലാം സഹിച്ച് കരയാനിനി കണ്ണുനീരു പോലുമില്ലാതെ ഫാത്തിമയുടെ ഉമ്മ സുറുമി കുഞ്ഞിനരികിൽ തല കുനിച്ചിരിപ്പാണ്. അല്ലെങ്കിൽ തന്നെ മുതിർന്നവർക്ക് പോലും താങ്ങാനാകുമോ ആറ് കീമോതെറാപ്പി ശരീരത്ത് കഴിഞ്ഞാലുണ്ടാകുന്ന വേദന? ഫാത്തിമ മോൾക്ക് രോഗം കാൻസറാണ്. കുഞ്ഞിന്റെ കരളിനെയാണ് അസുഖം ബാധിച്ചിരിക്കുന്നത്. ഹിപ്പറ്റൊ ബ്ലാസ്‌റ്റോമ അഥവാ കരൾ അമിതമായി വളരുന്ന രോഗമാണിത്. കൊച്ചിയിലെ ലേക്‌ഷോർ ഹോസ്പറ്റിലിൽ കുറെ ദിവസം കുട്ടിയെ ചികിത്സിച്ചു. കാര്യമായ വരുമാനമില്ലാത്ത പിതാവ് ഷജീറിനെ ഇതിന് സഹായിച്ചത് സുമനസ്സുകളാണ്. പിന്നീട് ചികിത്സ തിരുവനന്തപുരം ആർ.സി.സിയിലേക്ക് മാറ്റി. അവിടെ ആറ് കീമൊ തെറാപ്പി കഴിഞ്ഞപ്പോൾ കുട്ടി തീരെ അവശയായി. കുട്ടിയെ ഏതെങ്കിലും സ്വകാര്യ ആശുപത്രിയിൽ ചികിത്സിക്കാൻ ഉപദേശിച്ചത് ആർ.സി.സി അധികൃതർ തന്നെയാണ്. നിത്യച്ചെലവുകൾക്കു പോലും വകയില്ലാത്ത ഷജീറും സുറുമിയും ചികിത്സാ ചെലവ് കേട്ട് ആകെ തളർന്നു, മുപ്പത് ലക്ഷം രൂപ.
തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ പ്രശസ്ത കാൻസർ രോഗ വിദഗ്ധൻ ഡോ. വി.പി. ഗംഗാധാരന്റെ ചികിത്സയിലാണിപ്പോൾ. ഈ ദരിദ്ര ദമ്പതികളുടെ കുഞ്ഞിന്റെ തുടർന്നുള്ള ചികിത്സയ്ക്കും അത് വഴി അവളെ വേദനയുടെ ലോകത്ത് നിന്നും കര കയറ്റി സുഖനിദ്ര പ്രദാനം ചെയ്യാനും മനുഷ്യ സ്‌നേഹികൾ മനസ്സ് വെച്ചാൽ സാധിക്കും. ആലപ്പുഴ ജനറൽ ആശുപത്രിക്ക് സമീപമുള്ള ആന്ധ്ര ബാങ്കിൽ സുറുമിയുടെ പേരിലുള്ള അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 100810100065. IFSC CODE ANDB 0001008.