കോഴിക്കോട് - പ്രളയ ദുരിതാശ്വാസമായി ലഭിച്ച പതിനായിരം രൂപയിൽ യഥാർഥ നഷ്ടം കഴിച്ച് ബാക്കി വന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തിരിച്ച് നൽകി യുവാവ് മാതൃകയായി. കോഴിക്കോട് പുതിയങ്ങാടി സ്വദേശി വി.പി. അയ്യൂബാണ് ദുരിതാശ്വാസമായി കിട്ടിയ തുകയിൽ മുക്കാൽ പങ്കിലധികവും തിരിച്ചടച്ച് അപൂർവ്വ മാതൃക സൃഷ്ടിച്ചത്. കണ്ടംകുളങ്ങരയിൽ അയ്യൂബ് താമസിക്കുന്ന വാടക വീട്ടിൽ പ്രളയ സമയത്ത് വെള്ളം കയറിയതിനെ തുടർന്ന് 10,000 രൂപ നഷ്ടപരിഹാരം ലഭിച്ചിരുന്നു. ഇതിൽ തനിക്കു വന്ന യഥാർഥ നഷ്ടമായ 1585 രൂപ കിഴിച്ച് ബാക്കി 8415 രൂപയാണ് അയ്യൂബ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തിരിച്ചടച്ചത്. തുക എസ്.ബി.ഐ പാവങ്ങാട് ബ്രാഞ്ചിൽ അടച്ച് രശീതി ജില്ലാ കലക്ടർ യു.വി ജോസിന് അയ്യൂബ് കൈമാറി. പള്ളി-മദ്രസ ശുചീകരണ ജോലി ചെയ്യുന്ന അയ്യൂബിന്റെ മഹാമനസ്‌കതയെ ജില്ലാ കലക്ടർ അഭിനന്ദിച്ചു.