റിയാദ്- വ്യാജ ഉൽപന്നങ്ങൾ വിൽപന നടത്തിയ കേസിൽ വ്യാപാര സ്ഥാപനത്തിന് റിയാദ് ക്രിമിനൽ കോടതി പിഴ ചുമത്തി. സൗദി പൗരൻ അലി ബിൻ മുബാറക് ബിൻ സാലിം അൽ സൈഅരിയുടെ ഉടമസ്ഥതയിലുള്ള റവാൻ അൽഖിമ്മ എസ്റ്റാബ്ലിഷ്‌മെന്റിനാണ് പിഴ ചുമത്തിയത്. അത്തറുകളും സൗന്ദര്യവർധക വസ്തുക്കളും ആക്‌സസറീസും വിൽപന നടത്തുന്ന സ്ഥാപനത്തിൽ കണ്ടെത്തിയ വ്യാജ ഉൽപന്നങ്ങൾ കണ്ടുകെട്ടുന്നതിനും കോടതി ഉത്തരവിട്ടു. സ്ഥാപനം നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും നിയമ ലംഘകന്റെ സ്വന്തം ചെലവിൽ പ്രാദേശിക പത്രത്തിൽ പരസ്യം ചെയ്യുന്നതിനും കോടതി വിധിച്ചതായി വാണിജ്യ, നിക്ഷേപ മന്ത്രാലയം അറിയിച്ചു.
റിയാദ് അൽദീറ ഡിസ്ട്രിക്ടിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ വാണിജ്യ, നിക്ഷേപ മന്ത്രാലയ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്ത ട്രേഡ് മാർക്കിലുള്ള 53 വ്യാജ അത്തർ പാക്കറ്റുകൾ കണ്ടെത്തിയിരുന്നു. പ്രാഥമികാന്വേഷണം പൂർത്തിയാക്കിയ വാണിജ്യ, നിക്ഷേപ മന്ത്രാലയം നിയമ നടപടികൾ സ്വീകരിക്കുന്നതിന് സ്ഥാപനത്തിനെതിരായ കേസ് പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു. ട്രേഡ് മാർക്ക് നിയമം ലംഘിക്കുന്നവർക്ക് ഒരു വർഷം വരെ തടവും പത്തു ലക്ഷം റിയാൽ വരെ പിഴയും ചുമത്തുന്നതിന് നിയമം അനുശാസിക്കുന്നുണ്ട്. വ്യാജ ഉൽപന്നങ്ങൾ വിൽപനക്ക് പ്രദർശിപ്പിക്കുന്ന സ്ഥാപനങ്ങളെ കുറിച്ച് 1900 എന്ന നമ്പറിൽ കംപ്ലയിന്റ് സെന്ററിൽ ബന്ധപ്പെട്ട് അറിയിക്കണമെന്ന് വാണിജ്യ, നിക്ഷേപ മന്ത്രാലയം ഉപയോക്താക്കളോട് ആവശ്യപ്പെട്ടു. മന്ത്രാലയം പുറത്തിറക്കിയ ആപ്പ് വഴിയും മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയും പരാതികൾ നൽകാവുന്നതാണ്.