Sorry, you need to enable JavaScript to visit this website.

നഗര സമിതി പ്രസിഡന്റിന്റെ കൊലപാതകം: ഭാര്യക്കും സിറിയക്കാരനും വധശിക്ഷ

ബുറൈദ- ബുറൈദ നഗര സമിതി പ്രസിഡന്റ് അഡ്വ.ഇബ്രാഹിം അൽഗസ്‌നിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യക്കും സിറിയക്കാരനും ബുറൈദ ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. സൗദി പൗരത്വം ലഭിച്ച സിറിയൻ വംശജക്കും സ്വന്തം നാട്ടുകാരനുമാണ് കോടതി വധശിക്ഷ വിധിച്ചത്. സ്വന്തം വീട്ടിനകത്ത് കിടപ്പറയിൽ വെച്ചാണ് നഗര സമിതി പ്രസിഡന്റിനെ രണ്ടാം പ്രതിയായ സിറിയക്കാരൻ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്. കൊലപാതകം നടത്തുന്നതിന് രണ്ടാം പ്രതിക്ക് ആവശ്യമായ സഹായങ്ങൾ സിറിയക്കാരിയാണ് ചെയ്തു കൊടുത്തത്. ഭർത്താവിനെ ഇല്ലാതാക്കുന്നതിന് സിറിയക്കാരി രണ്ടാം പ്രതിയുമായി ചേർന്ന് പദ്ധതി തയാറാക്കുകയായിരുന്നു. ഭർത്താവിനെ കൊലപ്പെടുത്തുന്നതിന് രണ്ടാം പ്രതിക്ക് വാതിൽ തുറന്നു കൊടുത്തതും മർദിക്കുന്നതിനുള്ള ഉപകരണവും മാസ്‌കിംഗ് ടേപ്പും നൽകിയതും ഒന്നാം പ്രതിയായിരുന്നു. വിധിക്കെതിരെ അപ്പീൽ നൽകുന്നതിന് പ്രതികൾക്ക് മുപ്പതു ദിവസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്. 
കഴിഞ്ഞ വർഷമാണ് കേസിനാസ്പദമായ സംഭവം. ബുറൈദയിലെ ഗോഡൗണിലാണ് അഡ്വ.ഇബ്രാഹിം അൽഗസ്‌നിന്റെ മൃതദേഹം കൈകാലുകൾ ബന്ധിച്ച നിലയിൽ സുരക്ഷാ വകുപ്പുകൾ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ കാറിൽ രക്തക്കറകളും കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ സുരക്ഷാ വകുപ്പുകൾ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. 
 

Latest News