Sorry, you need to enable JavaScript to visit this website.

മുസ്ലിമായി മരിക്കാൻ പോലും അനുവാദമില്ലാത്ത ഈ രാജ്യത്ത് ഞാൻ മുസ്‌ലിമാകുന്നു-കമൽസി ചവറ

കോഴിക്കോട്- മുസ്‌ലിമായി ജീവിക്കാനല്ല, മുസ്‌ലിമായി മരിക്കാൻ പോലും അനുവദിക്കാത്ത മുസ്‌ലിമാകുക എന്നത് ഈ നിമിഷത്തിന്റെ ആവശ്യകതയാണെന്നും മുസ്‌ലിമാകുകയാണെന്നും ആക്ടിവിസ്റ്റ് കമൽസി ചവറ. ചൊവ്വാഴ്ച്ച അന്തരിച്ച മുൻ നക്‌സലൈറ്റ് നജ്മൽ ബാബു എന്ന ടി.എൻ ജോയിയുട മൃതദേഹം മുസ്‌ലിം ആചാരപ്രകാരം സംസ്‌കരിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ചാണ് തന്റെ തീരുമാനമെന്നും കമൽ സി ചവറ പറഞ്ഞു. 
കമൽസി ചവറയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽനിന്ന്:
ഇനിയും ഹിന്ദുവായി ജീവിക്കുന്നത് അപമാനമാണ്. ജീവിക്കാനല്ല, മുസ്‌ലിമായി മരിക്കാൻ പോലും അനുവദിക്കാത്ത നാട്ടിൽ മുസ്‌ലിമാവകുയെന്നത് ഈ നിമിഷത്തിന്റെ ആവശ്യകതയാണ്, സമരമാണ്. ഇന്ന് ഇവിടെ ഇന്ത്യയിൽ മുസ്‌ലിം ആവുകയെന്നത് വിപ്ലവപ്രവർത്തനമാണ്. സമരമാണ്. ഇസ്‌ലാമിനെ കുറിച്ച് അറിഞ്ഞോ അറിയാൻ ആഗ്രഹിച്ചോ, ഇസ്‌ലാമിന്റെ മഹത്വം കണ്ടോ അല്ല.. നജ്മൽ ബാബുവിന്റെ അനുഭവത്തിൽ പ്രതിഷേധിച്ച് ഞാൻ ഇസ്‌ലാംമതം സ്വീകരിക്കുന്നു. മുസ്‌ലിമിന് നേരെയുണ്ടാകുന്ന ആദ്യ വെട്ടിന് എന്റെ കഴുത്ത് തയ്യാർ-കമൽസി എഴുതി. 


മുൻ നക്‌സൽ നേതാവും പ്രശസ്ത മനുഷ്യാവകാശ പ്രവർത്തകനുമായ നജ്്മൽ ബാബു എന്ന ടി.എൻ ജോയിയുടെ മൃതദേഹം പ്രതിഷേധങ്ങൾക്കൊടുവിൽ സഹോദരന്റെ വീട്ടുവളപ്പിലാണ് സംസ്‌കരിച്ചത്. ചേരമാൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവു ചെയ്യണമെന്ന നജ്്മൽ ബാബുവിന്റെ ആഗ്രഹം നടപ്പാക്കണമെന്നാവശ്യപ്പെട്ട് സുഹൃത്തുക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും കുടുംബം വഴങ്ങിയില്ല. 
ചൊവ്വാഴ്ച മരിച്ച ജോയിയുടെ മൃതദേഹം ഇന്നലെ ഉച്ചയോടെ സഹോദരന്റെ വീട്ടിൽനിന്ന് ഹെൽത്ത് കെയർ കെട്ടിടത്തിലെത്തിച്ചു. ജോയ് വർഷങ്ങളോളം താമസിച്ച ഇവിടെ അന്ത്യാഞ്ജലി അർപ്പിക്കാൻ വൻ ജനാവലി എത്തിയിരുന്നു. വൈകിട്ട് മൂന്നരയോടെ കൊടുങ്ങല്ലൂർ പോലീസ് മൈതാനിയിൽ പൊതുദർശനത്തിന് വെച്ചു. വീട്ടുവളപ്പിൽ തന്നെ സംസ്‌കരിക്കണമെന്ന ബന്ധുക്കളുടെ തീരുമാനം വലിയ പ്രതിഷേധത്തിനാണ് ഇടയാക്കിയത്. ഇസ്‌ലാം സ്വീകരിച്ച നജ്മൽ ബാബു ഖബറടക്കം ചേരമാൻ ജുമാ മസ്ജിദിൽ വേണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് നജ്മൽ ബാബു കത്തും അയച്ചിരുന്നു. ഇത് നടപ്പാക്കുന്നതിന് സുഹൃത്തുക്കൾ കുടുംബവുമായി നിരവധി തവണ ചർച്ചകൾ നടത്തിയെങ്കിലും കുടുംബം വഴങ്ങിയില്ല. വൈകിട്ട് അഞ്ചരയോടെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. 

നജ്മൽ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അനൂപ് കുമാരൻ എഴുതിയ പോസ്റ്റ് 

ടി.എൻ.ജോയിയെപോലും നജ്മൽ ബാബുവായി ഖബറടക്കപ്പെടാൻ അനുവദിക്കാത്ത ഹിന്ദു യുക്തിവാദം അഥവാ ഇടതുലിബറൽ വരേണ്യത

കൊടുങ്ങല്ലൂരിലെ വലിയ പാരമ്പര്യമുള്ള കമ്യൂണിസ്റ്റ് ഈഴവ കുടുംബത്തിലെ ഏറ്റവും ഇളയ സന്തതിയായി പിറന്നജോയ്. മകന് മതേതര പേര് 70 വർഷം മുൻപ് തിരഞ്ഞെടുത്ത മാതാപിതാക്കളും മുതിർന്ന സഹോദരങ്ങളും. അടിയന്തിരാവസ്ഥക്കാലത്ത് നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്ന മനുഷ്യൻ. തോമസ് ഐസക്കും എം.എ.ബേബിയും എൻ.എസ്.മാധവനും ജോയ് മാത്യുവും എൻ.മാധവൻകുട്ടിയും അടങ്ങുന്ന ഉറ്റ സൗഹൃദങ്ങളുടെ വലിയ നിര. കേരളത്തിലെ ബുദ്ധിജീവികളുടെ ബുദ്ധിജീവി. മർദ്ധിത ജാതി മത ന്യൂനപക്ഷ ഐക്യവും മതേതര രാഷ്ട്രീയ പാർട്ടികളുടെ പൊതു പ്ലാറ്റ്‌ഫോമും പതിറ്റാണ്ടുകൾക്കു മുൻപേ സ്വപ്നം കണ്ടയാൾ.


മലയാളം ന്യൂസ് വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക


2013 ൽ അദ്ദേഹം ഇന്ത്യയിലെ ആദ്യകാല മുസ്ലിം പള്ളിയായ ചേരമാൻ ജുമാ മസ്ജിദിന്റെ അധികാരികളോട് തന്നെ അവിടെ ഖബറടക്കണമെന്ന് സ്വന്തം കൈപ്പടയിൽ എഴുതി സമർപ്പിക്കുന്നു. 2014 ൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഹിന്ദുത്വവാദം മുസ്ലിമിനെ അപരവൽക്കരിച്ച് തച്ചുകൊല്ലുന്ന പരമ്പരകൾ തുടർന്നപ്പോൾ സൂക്ഷ്മ രാഷ്ട്രീയ നിലപാടായി നജ്മൽ ബാബു വെന്നപേർ സ്വീകരിച്ച് ഇസ്ലാംമതം സ്വീകരിച്ച ജോയ്. പതിറ്റാണ്ടായി ഹെൽത്ത് കെയർ ഇൻസ്റ്റിറ്റിയൂട്ട് (ഒഇക) എന്ന താൻതന്നെ മുൻകയ്യെടുത്ത് തുടങ്ങിയ സ്ഥാപനത്തിൽ ഒറ്റയാനായി ജീവിച്ച അവിവാഹിതൻ. മരണം വരെ സുഹൃത്തുക്കളിൽനിന്നും സ്വീകരിച്ച സമ്പത്തിന്റെ നൂറിലൊരംശംപോലും സ്വന്തം കുടുംബത്തിൽ നിന്നും 'സ്വന്തക്കാർ' എന്നലേബലിൽ സ്വീകരിക്കാതിരുന്ന അഭിമാനിയായ യാചകൻ.  20ഹ8 ഒക്ടോബർ 2ന് രാത്രി 8.15ന് മെഡികെയർ ആശുപത്രിയിൽ തന്റെ സുഹ്രത്തുക്കളായ ഡോ.മുഹമ്മദ് സഈദ്, ഡോ.ജോസ് ഊക്കൻ എന്നിവരുടെ പരിചരണം ലഭിച്ചിട്ടും മരണപ്പെട്ടപ്പോൾ തന്റെ സഹോദരങ്ങളുടെ വെറും പ്രോപ്പർട്ടിയായി മാറി. 

ജോയിയെ നജ്മൽ ബാബുവെന്ന മുസ്ലിമായി അംഗീകരിക്കാൻ കഴിയാതെ, തങ്ങളിലൊരാളുടെ വീട്ടുവളപ്പിൽ സംസ്‌ക്കരിക്കുമെന്നു തീരുമാനിച്ച ആ ഹിന്ദു കമ്യൂണിസ്റ്റുകളെ, ജോയിയുടെ ഇഷ്ടം അതല്ലെന്നും ജോയിയെ അദ്ദേഹത്തിന്റെ ജീവിതം പോലെ തന്നെ മരണത്തിലും വെറുതെ വിടണമെന്നും നേരിട്ടും ഫോണിലും അപേക്ഷിച്ചവരിൽ ചിലരുടെ പേരുകൾ കെ.വേണു, കെ.സച്ചിദാനന്ദൻ, സുനിൽ.പി.ഇളയിടം, പ്രഫ.ബി.രാജിവൻ, കെ.ജി.ശങ്കരപ്പിള്ള, ഷഹബാസ് അമൻ, പി.എൻ.ഗോപീകൃഷ്ണൻ, വി.കെ.ശ്രീരാമൻ,സി.ഗൗരിദാസൻ നായർ, സി.എസ്.വെങ്കിടേശ്വരൻ, ദിലീപ് രാജ് എന്നിങ്ങനെയാണ്.

അഭ്യർത്ഥനകൾക്കു മുന്നിൽ കുലുങ്ങാതിരുന്ന സഹോദരങ്ങൾ ഇങ്ങനെ കൂടി വിശദീകരിച്ചുവത്രേ. തങ്ങൾ മതാചാരങ്ങൾ തങ്ങളുടെ  വീടുകളിൽ പ്രാക്റ്റീസ് ചെയ്യുന്നില്ല. ജോയിയുടെ മൃതദേഹത്തിനടുത്ത് ഒരു നിലവിളക്കുപോലും കൊളുത്തുന്നില്ല, മറ്റു കർമ്മങ്ങളോ ചെയ്യുന്നില്ല. തങ്ങളുടെ ഈ ഉയർന്ന മൂല്യത്തിനു വിരുദ്ധമായി ഇസ്ലാം മതാചാരപ്രകാരം ഖബറടക്കുന്നത് മോശം കാര്യമാണ്. ജോയിയുടെ ഇസ്ലാംമത സ്വീകരണവും ഖബറടക്കൽ കുറിപ്പും ജോയിയുടെ തമാശകളിൽ ചിലതു മാത്രം.

ഒരു വ്യക്തിയെ അദ്ദേഹത്തിന്റെ ശരികളിൽ ജീവിക്കാനും തന്റെ തീരുമാനപ്രകാരം മൃതദേഹം മറവു ചെയ്യാനും അനുവദിക്കാതെ തങ്ങളുടെ ശരികൾ അടിച്ചേൽപ്പിക്കുന്നത് (അവ എത്ര ഉന്നതമോ ആത്യന്തിക ശരിയോ ആകട്ടെ) തികഞ്ഞ അനീതിയാണ്. തങ്ങളുടെ ശരികൾ ന്യായീകരിക്കാൻ പറയുന്ന വാചകങ്ങളാകട്ടെ അളിഞ്ഞ യുക്തിവാദവും ലിബറൽ വരേണ്യതയും. തന്റെ ലോജിക്ക് തന്റെ ജീവിതത്തിൽ അപ്ലേചെയ്യാം എന്നാൽ ജോയിയുടെ ജിവിതത്തിൽ തന്റെ ലോജിക്കല്ല, ജോയിയുടെ ലോജിക്കാണ് അപ്ലേ ചെയ്യേണ്ടതെന്ന പ്രാഥമിക നീതിബോധം പോലുമിവർ സ്വാംശീകരിച്ചിട്ടില്ല.  തങ്ങളുടെ യുക്തിവാദം ജോയിയിൽ അടിച്ചേൽപ്പിക്കുന്ന ഈ സഹോദരങ്ങൾ ജോയിയുടെ പ്രസിദ്ധമായ വാചകം മറക്കുന്നു. ഇന്ത്യനവസ്ഥയിൽ യുക്തിവാദം, ഹിന്ദുത്വവാദത്തിന്റെ ഇരട്ട സഹോദരനാണ് എന്നത്. ജോയി അടുത്ത കാലത്ത് ഏറ്റവും കലഹിച്ചത് ഈ ഹിന്ദു യുക്തിവാദത്തോടാണ്. ഈ കലഹത്തിന്റെ പ്രത്യക്ഷ രാഷ്ട്രീയ പ്രഖ്യാപനമായിരുന്നു ജോയി ഇസ്ലാം സ്വീകരിച്ചതും നജ്മൽ ബാബുവായതും. 

ജോയിയുടെ കുടുംബത്തിനു പോലും സംഭവിക്കുന്ന ഈ അപചയം സൂക്ഷമമായി തിരിച്ചറിയാനോ പ്രതിരോധിക്കാനോ സ്ഥലം എം.എൽ.എക്കും  സി.പി.എം നേതൃത്വത്തിനും കഴിയുന്നില്ലെന്നതും ആർ.എസ്.എസിനും ഇസ്ലാമിക തീവ്രവാദത്തിനും നാം വടിവെട്ടി കൊടുക്കരുത്, ഈ സന്ദർഭത്തിൽ നാം കുടുംബത്തോടൊപ്പം നിൽക്കണമെന്ന' അഴകൊഴമ്പൻ നിലപാടെടുക്കുന്ന നേതൃത്വങ്ങളും ഉണ്ടാകുന്നത് നമ്മുടെ കമ്യൂണിസ്റ്റു പാർട്ടികൾ നേരിടുന്ന ബൗദ്ധിക പാപ്പരത്വത്തിന്റെയും അതുവഴി അവരെത്തി ചേർന്നിരിക്കുന്ന അപചയത്തിന്റെ ആഴവും വ്യക്തമാക്കുന്നു.

Latest News