ജിദ്ദ- ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തും. ആൺകുട്ടികളുടെ വിഭാഗം കെട്ടിട വാടകയുമായി ബന്ധപ്പെട്ട് ഉടമയുമായുള്ള തർക്കം ഇനിയും പരിഹരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ഷിഫ്റ്റ് ഏർപ്പെടുത്താനുള്ള നീക്കം സജീവമായത്. പെൺകുട്ടികളുടെ സ്‌കൂൾ കെട്ടിടത്തിലേക്ക് ആൺകുട്ടികളുടെ സ്‌കൂൾ കൂടി മാറ്റി പ്രവർത്തിപ്പിച്ചായിരിക്കും ഷിഫ്റ്റ് നടപ്പാക്കുക. ഇതുമായി ബന്ധപ്പെട്ട സർക്കുലർ താമസിയാതെ രക്ഷിതാക്കൾക്ക് നൽകുമെന്ന് ആക്ടിംഗ് പ്രിൻസിപ്പൽ ഡോ. നജീബ് ഖൈസ് മലയാളം ന്യൂസിനോട് പറഞ്ഞു.
അതിനിടെ സ്‌കൂൾ കെട്ടിടം മുഹറം 29ന് മുമ്പ് (ഒക്‌ടോബർ 9) ഒഴിയണമെന്നും അല്ലെങ്കിൽ ഒഴിപ്പിക്കുന്നതിനാവശ്യമായി വരുന്ന ചെലവ് സഹിതം കെട്ടിട ഉടമക്ക് നൽകണമെന്ന കോടതി ഉത്തരവ് കഴിഞ്ഞ ദിവസം സ്‌കൂൾ കവാടത്തിനു മുന്നിൽ പതിച്ചു. അതിനു ശേഷവും കെട്ടിട ഉടമയോടും അദ്ദേഹത്തിന്റെ അഭിഭാഷകനുമായും സ്‌കൂൾ അധികൃതർ ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് ഒഴിയാനുള്ള നടപടികൾക്ക് ആക്കം കൂട്ടിയത്. ഇതിനിടയിൽ പ്രശ്‌നം പരിഹരിക്കപ്പെട്ടുവെന്ന രീതിയിലുള്ള പ്രചാരണവും ഉണ്ടായിരുന്നു. പ്രതിസന്ധി തുടരുകയാണെന്നും ഒഴിയേണ്ടിവരുന്നിടത്തേക്കാണ് കാര്യങ്ങളുടെ പോക്കെന്നും സ്‌കൂൾ അധികൃതർ വ്യക്തമാക്കി.
പെൺകുട്ടികളുടെ കെട്ടിടത്തിലേക്കുള്ള ഷിഫ്റ്റിംഗ് നടപടികൾ തുടങ്ങിയിട്ട് ദിവസങ്ങളായെങ്കിലും ഇടക്കുവെച്ച് മരവിപ്പിച്ചിരുന്നു. എന്നാൽ ഇന്നലെ മുതൽ ഇത് വീണ്ടും സജീവമായി. ഓഫീസ് പ്രവർത്തിപ്പിക്കുന്നതിന് പെൺകുട്ടികളുടെ സ്‌കൂളിനു സമീപം ഫ്‌ളാറ്റുകളും വാടകക്കെടുത്തു.
കുടിശിക ഉൾപ്പെടെ വർധിപ്പിച്ച വാടക നൽകിയില്ലെങ്കിൽ കെട്ടിടം ഒഴിയണമെന്ന അന്ത്യശാസനം കെട്ടിട ഉടമ വളരെ നേരത്തെ നൽകിയിരുന്നു. ഇതിനനുകൂലമായ കോടതി ഉത്തരവും കെട്ടിട ഉടമ സമ്പാദിച്ചിരുന്നു. ഈ കെട്ടിടവുമായി ബന്ധപ്പെട്ട കേസിൽ സ്‌കൂളിന് അടുത്തിടെ 32 മില്യൺ റിയാൽ നഷ്ടപരിഹാരമായി നൽകേണ്ടി വന്നശേഷമാണ് വാടകയുമായി ബന്ധപ്പെട്ട തർക്കവും കോടതി നടപടികളും തുടർന്നത്.
കാൽനൂറ്റാണ്ടോളമായി പ്രവർത്തിച്ചുവരുന്ന ആൺകുട്ടികളുടെ വിഭാഗം കെട്ടിടത്തിൽ സ്‌കൂൾ ലക്ഷങ്ങളുടെ മുതൽമടക്ക് പലഘട്ടങ്ങളിലായി നടത്തിയിട്ടുണ്ട്. സൗകര്യപ്രദമായ ക്ലാസ് മുറികൾ, വിശാലമായ മൈതാനം, ആകർഷകമായ ഓഡിറ്റോറിയം തുടങ്ങി അതിവിപുലമായ സൗകര്യങ്ങളുള്ള കെട്ടിടമാണ് സ്‌കൂളിന് നഷ്ടപ്പെടുന്നത്.
സ്‌കൂൾ ഭരണ സമിതിയെയും പ്രിൻസിപ്പലിനെയും പിരിച്ചുവിട്ടതാണ് കെട്ടിടവുമായി ബന്ധപ്പെട്ട പ്രശ്‌നം രൂക്ഷമാകുന്നതിനും പരിഹരിക്കപ്പെടാതെ പോകുന്നതിനും ഇടയാക്കിയത്. പിരിച്ചുവിട്ട ഭരണ സമിതി ഉണ്ടായിരിക്കെ ആരംഭിച്ച തർക്കം ഉടമയുമായുള്ള ചർച്ചയിൽ രമ്യമായി പരിഹരിക്കാനുള്ള നടപടികൾ അന്തിമ ഘട്ടത്തിലായിരുന്നുവെന്ന് പിരിച്ചുവിട്ട സമിതിയിലെ അംഗങ്ങൾ പറഞ്ഞു. എന്നാൽ പിന്നീട് ചർച്ചകൾ മുന്നോട്ടു കൊണ്ടുപോകുന്നതിനും പ്രശ്‌നത്തിന് പരിഹാരം കാണുന്നതിലും ഉണ്ടായ കാലതാമസമാണ് പ്രശ്‌നം ഗുരുതരമാക്കുന്നതിനും ഒഴിയാനുള്ള അന്തിമ വിധിയിലേക്ക് കാര്യങ്ങൾ എത്തിച്ചതും.
കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ ഏറെ പ്രയാസം സൃഷ്ടിക്കുന്നതാണ് ഷിഫ്റ്റ് സമ്പ്രദായം. ജിദ്ദ ഇന്ത്യൻ സ്‌കൂൾ പഠനനിലവാരത്തിൽ മാത്രമല്ല, സൗദിയിലെ ഇന്ത്യൻ സ്‌കൂളുകളിൽ കായിക രംഗത്തും മികച്ച നിലവാരമാണ് പുലർത്തിയിരുന്നത്. അതിനു പ്രധാന കാരണം കുട്ടികൾക്ക് കളിക്കുന്നതിനുള്ള വലിയ മൈതാനമായിരുന്നു. പെൺകുട്ടികളും ഇവിടെ വന്നാണ് കായിക മത്സരങ്ങൾക്കായി പ്രാക്ടീസ് ചെയ്തിരുന്നത്. ആൺകുട്ടികളുടെ സ്‌കൂളിനെ അപേക്ഷിച്ച് പെൺകുട്ടികളുടെ സ്‌കൂളിന് പരിമിതികൾ ഏറെയാണ്. അത്രയും സൗകര്യം ഇവിടെ ഏർപ്പെടുത്തുക ഏറെ പ്രയാസകരമായിരിക്കും. ഏറെ പ്രശ്‌നങ്ങളും പ്രയാസങ്ങളുമായിരിക്കും ഷിഫ്റ്റിലൂടെ ഉണ്ടാകാൻ പോകുന്നത്. ഒരു മുന്നറിയിപ്പുമില്ലാതെ രക്ഷിതാക്കളാൽ തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയെ ഓഗസ്റ്റ് ഏഴിനാണ്് പിരിച്ചുവിട്ടത്. ജൂലൈ 30 മുതൽ പ്രിൻസിപ്പൽ സെയ്ദ് മസൂദ് അഹമ്മദിനെ സർവീസിൽനിന്ന് നീക്കം ചെയ്യുകയും ചെയ്തിരുന്നു. പകരം സംവിധാനം ഇതുവരേയും ഉണ്ടായിട്ടില്ല.
പി.എം. മായിൻകുട്ടി