കണ്ണൂര്‍- ഉദ്ഘാടനത്തിന് സജ്ജമാകുന്ന കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം ഈ മാസം അഞ്ച് മുതല്‍ പൊതുജനങ്ങള്‍ക്കു സന്ദര്‍ശിക്കാം. 12 വരെ എല്ലാദിവസവും രാവിലെ 10 മുതല്‍ നാലുവരെയാണു സന്ദര്‍ശകരെ പ്രവേശിപ്പിക്കുക. ഫോട്ടോ പതിച്ച തിരിച്ചറിയല്‍രേഖ കരുതണമെന്നു ചീഫ് ഓപ്പറേറ്റിങ് ഓഫിസറുടെ ചുമതലയുള്ള എക്‌സിക്യുട്ടിവ് ഡയറക്ടര്‍ കെ.പി.ജോസ് അറിയിച്ചു.
ടെര്‍മിനലിനു മുന്‍വശത്തെ പാര്‍ക്കിങ് ഏരിയയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം. സുരക്ഷാ ചുമതലയുള്ള സി.ഐ.എസ്.എഫ്, വിമാനത്താവള ഉദ്യോഗസ്ഥര്‍ എന്നിവരുടെ നിര്‍ദേശങ്ങള്‍ പാലിക്കണം. ടെര്‍മിനലിനകത്തു ഭക്ഷണ സാധനങ്ങളോ പാനീയങ്ങളോ അനുവദിക്കില്ല. സന്ദര്‍ശകര്‍ പ്ലാസ്റ്റിക്, മറ്റു മാലിന്യങ്ങള്‍ എന്നിവ വിമാനത്താവള പരിസരത്ത് ഉപേക്ഷിക്കരുതെന്നും കിയാല്‍ അധികൃതര്‍ അറിയിച്ചു.