Sorry, you need to enable JavaScript to visit this website.

ഹറമൈന്‍ ട്രെയിന്‍ സര്‍വീസ്; കൂടുതല്‍ വിവരങ്ങള്‍

ജിദ്ദ- ഹറമൈന്‍ ഹൈസ്പീഡ് റെയില്‍വെയില്‍ സര്‍വീസുകള്‍ നടത്തുന്നതിനുള്ള പദ്ധതി പൊതുഗതാഗത അതോറിറ്റി അംഗീകരിച്ചു. പദ്ധതിയുടെ നടത്തിപ്പ് കരാറേറ്റെടുത്ത അല്‍ശുഅ്‌ല കണ്‍സോര്‍ഷ്യം പ്രവര്‍ത്തന പദ്ധതി സമര്‍പ്പിച്ചിട്ടുണ്ടെന്ന് പൊതുഗതാഗത അതോറിറ്റി പ്രസിഡന്റും സൗദി റെയില്‍വെയ്‌സ് ഓര്‍ഗനൈസേഷന്‍ ആക്ടിംഗ് ജനറല്‍ പ്രസിഡന്റുമായ ഡോ. റുമൈഹ് അല്‍റുമൈഹ് പറഞ്ഞു.


ഹറമൈന്‍ ട്രെയിന്‍ സര്‍വീസ് ഒക്ടോബര്‍ 11 മുതല്‍


ഒക്‌ടോബര്‍ 11 വ്യാഴാഴ്ച മുതല്‍ വ്യാഴം, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ആയി പ്രതിവാരം നാലു സര്‍വീസുകള്‍ വീതമാണ് ഒരു ദിശയില്‍ തുടക്കത്തിലുണ്ടാവുക. പടിപടിയായി സര്‍വീസുകളുടെ എണ്ണം ഉയര്‍ത്തുകയും എല്ലാ ദിവസവും സര്‍വീസുകളുണ്ടാവുകയും ചെയ്യും. മക്ക, മദീന ഡയറക്ട് സര്‍വീസുകളുടെ സമയം രണ്ടു മണിക്കൂറായും ജിദ്ദ, റാബിഗ് സ്റ്റേഷനുകളില്‍ സ്റ്റോപ്പുള്ള സര്‍വീസുകളുടെ സമയം 2.20 മണിക്കൂറായും പടിപടിയായി കുറയുമെന്നും ഡോ. റുമൈഹ് അല്‍റുമൈഹ് പറഞ്ഞു.
മധ്യപൗരസ്ത്യദേശത്തെ ഏറ്റവും നീളം കൂടിയ ഹൈസ്പീഡ് ഇലക്ട്രിക് ട്രെയിന്‍ ശൃംഖലയായ ഹറമൈന്‍ ഹൈസ്പീഡ് റെയില്‍വെ പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം കഴിഞ്ഞ മാസം 25-ന്  ജിദ്ദ സുലൈമാനിയ ഡിസ്ട്രിക്ടിലെ പ്രധാന റെയില്‍വെ സ്റ്റേഷനില്‍ സംഘടിപ്പിച്ച ചടങ്ങില്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ നിര്‍വഹിച്ചിരുന്നു. പ്രതിദിനം 1,60,000 ലേറെ പേര്‍ക്ക് വീതം പ്രതിവര്‍ഷം ആറു കോടി പേര്‍ക്ക് യാത്രാ സൗകര്യം നല്‍കുന്നതിനുള്ള ശേഷിയിലാണ് പദ്ധതി രൂപകല്‍പന ചെയ്ത് നിര്‍മിച്ചിരിക്കുന്നത്. 450 കിലോമീറ്റര്‍ നീളമുള്ള പാതയില്‍ മണിക്കൂറില്‍ 300 ലേറെ കിലോമീറ്റര്‍ വേഗതയുള്ള ഇലക്ട്രിക് ട്രെയിനുകളാണ് സര്‍വീസിന് ഉപയോഗിക്കുന്നത്. 35 ട്രെയിനുകള്‍ പദ്ധതിയില്‍ സര്‍വീസിന് ഉപയോഗിക്കും. ഓരോ ട്രെയിനിലും 417 സീറ്റുകള്‍ വീതമാണുള്ളത്. നാലു ബിസിനസ് ക്ലാസ് കോച്ചുകളും എട്ടു ഇക്കണോമിക് ക്ലാസ് കോച്ചുകളും ഒരു പാന്‍ട്രി കാറും അടങ്ങിയതാണ് ട്രെയിനുകള്‍. മക്ക-മദീന യാത്രാ സമയം രണ്ടു മണിക്കൂറിലും താഴെയായി ഹറമൈന്‍ ഹൈസ്പീഡ് റെയില്‍വെ കുറക്കും. മക്കക്കും ജിദ്ദക്കുമിടയിലെ യാത്രാ സമയം 21 മിനിറ്റ് ആയും ജിദ്ദ നഗരമധ്യത്തില്‍ നിന്ന് കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര എയര്‍പോര്‍ട്ടിലേക്കുള്ള യാത്രാ സമയം 14 മിനിറ്റ് ആയും ജിദ്ദ വിമാനത്താവളത്തില്‍ നിന്ന് റാബിഗിലേക്കുള്ള യാത്രാ സമയം 36 മിനിറ്റ് ആയും റാബിഗില്‍ നിന്ന് മദീനയിലേക്കുള്ള യാത്രാ സമയം 61 മിനിറ്റ് ആയും പദ്ധതി കുറക്കും. ഹജ്, ഉംറ തീര്‍ഥാടകരുടെ എണ്ണം വലിയ തോതില്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് തീര്‍ഥാടകര്‍ക്ക് സുരക്ഷിതവും സുഖകരവുമായ യാത്രാ സൗകര്യം ഒരുക്കുകയെന്ന ലക്ഷ്യത്തോടെ ഹറമൈന്‍ ഹൈസ്പീഡ് റെയില്‍വെ പദ്ധതി യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്. 2030 ഓടെ പ്രതിവര്‍ഷം പുണ്യഭൂമിയില്‍ എത്തുന്ന വിദേശ ഉംറ തീര്‍ഥാടകരുടെ എണ്ണം മൂന്നു കോടിയായും ഹജ് തീര്‍ഥാടകരുടെ എണ്ണം അര കോടിയായും ഉയര്‍ത്തുന്നതിന് വിഷന്‍ 2030 പദ്ധതി ലക്ഷ്യമിടുന്നു.
ജിദ്ദയില്‍ നിന്ന് മക്കയിലേക്ക് ഇക്കോണമി ക്ലാസില്‍ 40 റിയാലും ബിസിനസ് ക്ലാസില്‍ 50 റിയാലും മക്കയില്‍ നിന്ന് മദീനയിലേക്ക് ഇക്കോണമി ക്ലാസില്‍ 150 റിയാലും ബിസിനസ് ക്ലാസില്‍ 250 റിയാലുമാണ് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. യാത്രക്കാരെ ആകര്‍ഷിക്കുന്നതിന് രണ്ടു മാസക്കാലം പ്രൊമോഷന്‍ നിരക്കായിരിക്കും ബാധകം. രണ്ടു മാസക്കാലം പകുതി നിരക്കില്‍ ടിക്കറ്റുകള്‍ നല്‍കും. ഇതനുസരിച്ച് ഇക്കോണമി ക്ലാസില്‍ മക്കയില്‍ നിന്ന് ജിദ്ദയിലേക്ക് 20 റിയാലും റാബിഗിലേക്ക് 40 റിയാലും മദീനയിലേക്ക് 75 റിയാലും ജിദ്ദയില്‍ നിന്ന് റാബിഗിലേക്ക് 23 റിയാലും മദീനയിലേക്ക് 63 റിയാലും റാബിഗില്‍ നിന്ന് മദീനയിലേക്ക് 50 റിയാലും ആണ് ടിക്കറ്റ് നിരക്ക്. ബിസിനസ് ക്ലാസില്‍ മക്കയില്‍ നിന്ന് ജിദ്ദയിലേക്ക് 25 റിയാലും റാബിഗിലേക്ക് 55 റിയാലും മദീനയിലേക്ക് 125 റിയാലും ജിദ്ദയില്‍ നിന്ന് റാബിഗിലേക്ക് 33 റിയാലും മദീനയിലേക്ക് 105 റിയാലും റാബിഗില്‍ നിന്ന് മദീനയിലേക്ക് 75 റിയാലും ആണ് നിരക്ക്.

 

 

Latest News