കൊടുങ്ങല്ലൂര്‍- മുന്‍ നക്‌സല്‍ നേതാവും പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തകനുമായ നജ്്മല്‍ ബാബു എന്ന ടി.എന്‍ ജോയിയുടെ മൃതദേഹം പ്രതിഷേധങ്ങള്‍ക്കൊടുവില്‍ സഹോദരന്റെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ചേരമാന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവു ചെയ്യണമെന്ന നജ്്മല്‍ ബാബുവിന്റെ ആഗ്രഹം നടപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു സുഹൃത്തുക്കളുടെ പ്രതിഷേധം.
ചൊവ്വാഴ്ച മരിച്ച ജോയിയുടെ മൃതദേഹം ഇന്നലെ ഉച്ചയോടെ സഹോദരന്റെ വീട്ടില്‍നിന്ന് ഹെല്‍ത്ത് കെയര്‍ കെട്ടിടത്തിലെത്തിച്ചു. ജോയ് വര്‍ഷങ്ങളോളം താമസിച്ച ഇവിടെ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വന്‍ ജനാവലി എത്തിയിരുന്നു. വൈകിട്ട് മൂന്നരയോടെ കൊടുങ്ങല്ലൂര്‍ പോലീസ് മൈതാനിയില്‍ പൊതുദര്‍ശനത്തിന് വെച്ചു. വീട്ടുവളപ്പില്‍ തന്നെ സംസ്‌കരിക്കണമെന്ന ബന്ധുക്കളുടെ തീരുമാനം വലിയ പ്രതിഷേധത്തിനാണ് ഇടയാക്കിയത്. ഇസ്‌ലാം സ്വീകരിച്ച നജ്മല്‍ ബാബു ഖബറടക്കം ചേരമാന്‍ ജുമാ മസ്ജിദില്‍ വേണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇത് നടപ്പാക്കുന്നതിന് സുഹൃത്തുക്കള്‍ കുടുംബവുമായി നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും കുടുംബം വഴങ്ങിയില്ല. വൈകിട്ട് അഞ്ചരയോടെയായിരുന്നു വീട്ടുവളപ്പില്‍ സംസ്‌കാരം.