രാജ്‌കോട് - ടെസ്റ്റ് അരങ്ങേറ്റത്തിനൊരുങ്ങുന്ന തന്നെ ശാന്തനായി നിർത്താൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി മറാത്തി ഭാഷയിൽ സംസാരിക്കാൻ ശ്രമിച്ചതായി ഓപണർ പൃഥ്വി ഷാ വെളിപ്പെടുത്തി. കളിക്കളത്തിന് പുറത്ത് വലിയ തമാശക്കാരനാണ് കോഹ്‌ലി. മറാത്തി പറയാൻ ശ്രമിച്ചത് നല്ല ഹരമായി -പതിനെട്ടുകാരൻ പറഞ്ഞു.
കഴിഞ്ഞ അണ്ടർ-19 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച പൃഥ്വി രഞ്ജി ട്രോഫിയിലും ദുലീപ് ട്രോഫിയിലും അരങ്ങേറ്റത്തിൽ സെഞ്ചുറിയടിച്ചിരുന്നു. പതിനാലാം വയസ്സിൽ സ്‌കൂൾ ക്രിക്കറ്റിൽ അഞ്ഞൂറിലേറെ റൺസടിച്ചാണ് ലോക ശ്രദ്ധയിലേക്ക് വന്നത്. ഇംഗ്ലണ്ടിനെതിരായ അവസാന രണ്ടു ടെസ്റ്റിൽ ടീമിലുണ്ടായിരുന്നു. എന്നാൽ കളിക്കാൻ അവസരം ലഭിച്ചില്ല.
കളി ആസ്വദിക്കാൻ ശ്രമിക്കാൻ കോച്ച് രവിശാസ്ത്രി ഉപദേശിച്ചതായി പൃഥ്വി വെളിപ്പെടുത്തി. ഇതുവരെ കളിച്ച രീതിയിലും രഞ്ജി ട്രോഫിയിൽ കളിച്ചതിന്റെ ഓർമയിലും കളിക്കണമെന്നും കോച്ച് ഓർമിപ്പിച്ചു. എങ്കിലും ടെസ്റ്റ് ക്യാപ് കിട്ടിയത് വലിയ സന്തോഷമാണ് നൽകുന്നതെന്ന് പൃഥ്വി പറഞ്ഞു.