- രണ്ട് പുതുമുഖങ്ങളുമായി ഇന്ത്യ ഇറങ്ങിയേക്കും
രാജ്‌കോട് - വെസ്റ്റിൻഡീസിനെതിരായ രണ്ടു മത്സര ടെസ്റ്റ് ക്രിക്കറ്റ് പരമ്പരക്ക് ഇന്ത്യൻ ടീം നാളെ പാഡ് കെട്ടുമ്പോൾ ചർച്ച വർത്തമാനകാലത്തെക്കുറിച്ചല്ല, ഭൂതത്തെയും ഭാവിയെയും കുറിച്ചാണ്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ 1-4 തോൽവിയെക്കുറിച്ച ചർച്ച അവസാനിച്ചിട്ടില്ല. ഓസ്‌ട്രേലിയൻ പരമ്പരയിലേക്ക് ടീമിനെ സജ്ജമാക്കുന്നതിനെക്കുറിച്ചാണ് വിശകലനങ്ങൾ. വിൻഡീസ് എങ്ങുമില്ല. ഇന്ത്യ 2-0 ജയിക്കുമെന്നത് കളിക്കാതെ തന്നെ തീരുമാനിച്ചതു പോലെ.
ഇത് വെറും വ്യാമോഹമല്ല. ഈ പതിറ്റാണ്ടിൽ ഏറ്റവും മികച്ച ഹോം റെക്കോർഡുള്ള ടീം ഇന്ത്യയാണ്. നാട്ടിൽ 30 ടെസ്റ്റ് ജയിച്ചു, തോറ്റത് നാലെണ്ണം മാത്രം. ഇന്ത്യൻ സാഹചര്യങ്ങളിൽ ഇന്ത്യൻ ബാറ്റിംഗിനെ പരീക്ഷിക്കാനുള്ള ബൗളിംഗ് കരുത്ത് വിൻഡീസിന് ഉണ്ടോയെന്ന് സംശയം. എന്നാൽ ബാറ്റിംഗിൽ അവർ ഇന്ത്യയുടെ കണക്കുകൂട്ടൽ തെറ്റിച്ചേക്കാം. ക്രയ്ഗ് ബ്രാത്‌വൈറ്റും ഷായ് ഹോപും റോസ്റ്റൺ ചെയ്‌സും ഷിംറോൻ ഹെത്മയറും സുനിൽ അംബ്രീസുമടങ്ങുന്ന ബാറ്റിംഗ് നിര രാജ്‌കോടിലെയും ഹൈദരാബാദിലെയും ബാറ്റിംഗ് പിച്ചുകളിൽ ഇന്ത്യൻ ബൗളിംഗിനെ വെള്ളം കുടിപ്പിച്ചേക്കാം. ഇംഗ്ലണ്ടിൽ 322 റൺസ് പിന്തുടർന്ന് ഈ ടീം ടെസ്റ്റ് ജയിച്ചിട്ടുണ്ട്.
പൃഥ്വി ഷാ അരങ്ങേറും
ഇന്ത്യയുടെ 293 ാമത്തെ ടെസ്റ്റ് ക്രിക്കറ്ററായി മുംബൈയുടെ പതിനെട്ടുകാരൻ ഓപണർ പൃഥ്വി ഷാ അരങ്ങേറും. ടോസ് വേളയിൽ മാത്രം ടീം വിവരം പുറത്തുവിടുന്ന പരമ്പരാഗത രീതിയിൽ നിന്ന് വ്യതിചലിച്ച് മത്സരത്തിന്റെ തലേന്ന് ഇന്ത്യയുടെ പന്ത്രണ്ടംഗ ടീമിനെ പ്രഖ്യാപിച്ചു. ഹനുമ വിഹാരിയും മായാങ്ക് അഗർവാളും ടീമിലില്ല.
പത്തു പേരുടെ സ്ഥാനമുറച്ചു. കെ.എൽ. രാഹുലിനൊപ്പം പൃഥ്വി ഓപൺ ചെയ്യും. അഞ്ചംഗ ബാറ്റിംഗ് നിരയിൽ ചേതേശ്വർ പൂജാര, വിരാട് കോഹ്‌ലി, അജിൻക്യ രഹാനെ എന്നിവരുമുണ്ട്. റിഷഭ് പന്താണ് വിക്കറ്റ് കീപ്പർ. ആർ. അശ്വിൻ, രവീന്ദ്ര ജദേജ എന്നിവർ സ്പിന്നാക്രമണം നയിക്കും. മുഹമ്മദ് ഷാമിക്കും ഉമേഷ് യാദവിനുമാണ് പെയ്‌സ്ബൗളിംഗ് ചുമതല. അഞ്ചാമത്തെ ബൗളർ സ്പിന്നറോ പെയ്‌സ്ബൗളറോ എന്നതു മാത്രമാണ് തീരുമാനിക്കാനുള്ളത്. കുൽദീപ് യാദവും ശാർദുൽ താക്കൂറും ടീമിലുണ്ട്. ശാർദുൽ കളിക്കുകയാണെങ്കിൽ രണ്ട് പുതുമുഖങ്ങൾ പ്ലേയിംഗ് ഇലവനിലുണ്ടാവും.
2012 നു ശേഷം ആദ്യമായാണ് മുരളി വിജയ്‌യോ ശിഖർ ധവാനോ ഇല്ലാതെ ഇന്ത്യ ടെസ്റ്റ് കളിക്കുക. ഏറെക്കാലത്തിനു ശേഷമാണ് ഒരു പതിനെട്ടുകാരനെ ഇന്ത്യ പരീക്ഷിക്കാനൊരുങ്ങുന്നത്. ഈ പരമ്പരയിൽ തിളങ്ങിയാൽ ഓസ്‌ട്രേലിയയിലേക്കുള്ള വിമാനത്തിൽ പൃഥ്വി ഉണ്ടാവും. ഏറെക്കാലം ശിഖറിന്റെയും മുരളിയുടെയും നിഴലിലായിരുന്ന കെ.എൽ. രാഹുലിനും ടീമിൽ സ്ഥാനമുറപ്പിക്കാനുള്ള അവസരമാണ് ഇത്. വിൻഡീസ് ഓപണർ ബ്രാത്‌വൈറ്റിന് ഇത് അമ്പതാം ടെസ്റ്റാണ്. ഇപ്പോൾ കളിക്കുന്നവരിൽ ഏറ്റവും സ്‌ട്രൈക്ക് കുറഞ്ഞ രണ്ടാമത്തെ കളിക്കാരനാണ് ബ്രാത്‌വൈറ്റ്.
സ്പിന്നോ പെയ്‌സോ
രഞ്ജി ട്രോഫിക്ക് രാജ്‌കോട്ടിൽ സ്പിൻ പിച്ചാണ് ഒരുക്കാറ്. എന്നാൽ ടെസ്റ്റ് അഞ്ചു ദിവസം നീളേണ്ടതിനാൽ ബാറ്റിംഗ് പിച്ചാണ് തയാറാക്കിയിരുന്നത്. ഓസീസ് പര്യടനം മുന്നിൽ കണ്ട് പെയ്‌സനുകൂല പിച്ച് വേണമെന്ന് ടീം മാനേജ്‌മെന്റ് ആവശ്യപ്പെട്ടതായി വാർത്തയുണ്ട്. ഒടുവിൽ എന്ത് പിച്ചാണ് ഒരുങ്ങുന്നതെന്ന് വ്യക്തമല്ല.
വിൻഡീസ് ടീം അവസാനമായി ഇന്ത്യയിൽ ടെസ്റ്റ് ജയിച്ചത് 1994 ലാണ്. അതിനു ശേഷം എട്ട് ടെസ്റ്റ് അവർ ഇന്ത്യയിൽ കളിച്ചു.