Sorry, you need to enable JavaScript to visit this website.

ഒരു പോയന്റുമായി പൂനെ രക്ഷപ്പെട്ടു

റാണാ ഗറമിയുടെ ലോംഗ്‌റെയ്ഞ്ച് പൂനെ ഗോൾകീപ്പർ വിശാൽ കൈതിനെ കീഴടക്കുന്നു. 
  • പൂനെയുടെ സമനില ഗോൾ രണ്ട് മിനിറ്റ് ശേഷിക്കെ

ന്യൂദൽഹി - ഗോൾവലക്കു മുന്നിൽ ധൂർത്തടിച്ചതിന് ഐ.എസ്.എല്ലിൽ ദൽഹി ഡൈനാമോസ് വില നൽകേണ്ടി വന്നു. അവസാന വേളയിൽ ഗോളടിച്ച പൂനെ എഫ്.സിയുമായി അവർ 1-1 സമനില വഴങ്ങി. കളി തീരാൻ രണ്ട് മിനിറ്റ് ശേഷിക്കെ ഡിയേഗൊ കാർലോസാണ് പൂനെക്കു വേണ്ടി ഗോൾ മടക്കിയത്. നാൽപത്തിനാലാം മിനിറ്റിൽ അരങ്ങേറ്റക്കാരൻ സെൻട്രൽ ഡിഫന്റർ റാണാ ഗറമിയുടെ ലോംഗ്‌റെയ്ഞ്ച് ഗോളിലൂടെയാണ് ദൽഹി ലീഡ് നേടിയത്. 

പൂനെയുടെ വിംഗിൽ തീപ്പൊരിയായി മലപ്പുറം സ്വദേശി ആശിഖ് കുരുണിയൻ കയറിയിറങ്ങി കളിച്ചതോടെ ഏതു നിമിഷവും ദൽഹി ഗോൾ വഴങ്ങുമെന്ന പ്രതീതിയായിരുന്നു. പതിമൂന്നാം മിനിറ്റിൽ പ്രിതം കോടാലിനെ വെട്ടിച്ച് ആശിഖ് നൽകിയ ക്രോസ് എമിലിയാനൊ അൽഫാരൊ ഗോളാക്കേണ്ടതായിരുന്നു. എന്നാൽ അവസാന സെക്കന്റിൽ ഗറമി അടിച്ചകറ്റി. മധ്യനിരയിൽ ജോനാഥൻ വിയയും കരുത്തുകാട്ടിയതോടെ ദൽഹി മത്സരത്തിലേ ഇല്ലായിരുന്നു. 
ലാലിൻസുവാല ചാംഗ്‌ടെയിലൂടെയാണ് ദൽഹി തിരിച്ചടിയാരംഭിച്ചത്. നന്ദകുമാറിന്റെ ഷോട്ട് പൂനെ ഗോളി വിശാൽ കൈതിന്റെ കീഴടക്കിയ ശേഷം അൽപമുയർന്നു. ആദ്യ പകുതിയുടെ അവസാന സെക്കന്റുകളിൽ ദൽഹി ഗോളടിച്ചു. ആരാലും തടയപ്പെടാതെ മധ്യത്തിലൂടെ കുതിച്ച ഗറമി അവസരം നോക്കി വലയിലേക്ക് വെടിയുതിർത്തു. 
രണ്ടാം പകുതിയിൽ കളി വിരസമായി. അറുപത്തേഴാം മിനിറ്റിൽ നന്ദകുമാറും കോടാലും തമ്മിലുള്ള നീക്കം ദൽഹിയുടെ രണ്ടാം ഗോളിൽ കലാശിക്കേണ്ടതായിരുന്നു. പത്തു മിനിറ്റിനു ശേഷം വിയയുടെ ഷോട്ട് ദൽഹി ഗോളി പറന്നു തടുത്തു. ക്രമേണ ദൽഹി പൂർണ ആധിപത്യം നേടി. ചാംഗ്‌ടെയുടെ ശ്രമം കൈതും സമർഥമായി നിർവീര്യമാക്കി. പകരക്കാരനായി ഇറങ്ങിയ കാർലോസാണ് ഒടുവിൽ പൂനെക്ക് സമനില നൽകിയത്. താഴ്ത്തിപ്പറത്തിയ ഷോട്ട് ദൽഹി ഗോളിക്ക് തടുക്കാനായില്ല. 

 

Latest News