Sorry, you need to enable JavaScript to visit this website.

മണൽ കടത്ത് മാഫിയക്ക് ഒത്താശ: 36 പോലീസ്  ഉദ്യോഗസ്ഥർക്കെതിരെ നടപടി

കാസർകോട് -മണൽ മാഫിയ സംഘത്തിന് ഒത്താശ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് കാസർകോട് ജില്ലയിലെ എസ്‌ഐമാർ ഉൾപ്പെടെ 36 പോലീസ്   ഉദ്യോഗസ്ഥർക്കെതിരെയും എക്‌സൈസ്, മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർക്കെതിരെയും നടപടി എടുക്കാൻ ഡി ജി പി സർക്കാരിനോട് ശുപാർശ ചെയ്തു. മൂന്ന് എസ് ഐമാർ ഉൾപ്പെടെയും പോലീസുകാരും അസിസ്റ്റൻഡ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ, എക്‌സൈസ് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയും നടപടി എടുക്കാൻ ശുപാർശ ചെയ്തിട്ടുണ്ട്. ഹൈവേ പോലീസ്  ഡ്യൂട്ടി ഉണ്ടായിരുന്ന എം വി ചന്ദ്രൻ (കൺട്രോൾ റൂം കാഞ്ഞങ്ങാട്), കൃഷ്ണനായക്ക് ( കൺട്രോൾ റൂം കാസർകോട്) സോമയ്യ (ട്രാഫിക് 
കാസർകോട്) എന്നിവരാണ് നടപടിക്ക് ശുപാർശ ചെയ്യപ്പെട്ട എസ് ഐമാർ. എ എസ് ഐമാരായ പി ആനന്ദ, പി മോഹനൻ, നീലേശ്വരത്തെ സിവിൽ എക്‌സൈസ് ഉദ്യോഗസ്ഥൻ പ്രതീഷ്, പെർള ചെക്ക്‌പോസ്റ്റിലെ സിവിൽ എക്‌സൈസ് ഉദ്യോഗസ്ഥൻ, ആർ ടി ഒ ചെക്ക്‌പോസ്റ്റിലെ എ എം വി എന്നിവരും ലിസ്റ്റിലുണ്ട്  ഇതിൽ ചന്ദ്രൻ , ആനന്ദ , മോഹനൻ എന്നിവരെ നേരത്തെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു. ആരോപണം ഉയർന്ന അവസരത്തിൽ കാസർകോട് ജില്ലാ പോലീസ്  മേധാവി ഡോ.എ ശ്രീനിവാസ് പ്രാഥമികാന്വേഷണം നടത്താൻ കാസർകോട് സ്‌പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി പി. ജ്യോതികുമാറിനെ ചുമതലപ്പെടുത്തിയിരുന്നു. അതോടൊപ്പം ഡി ജി പിയുടെ നിർദ്ദേശം അനുസരിച്ചു കണ്ണൂർ ക്രൈംബ്രാഞ്ച് എസ് പി അബ്ദുൾ ഹമീദിന്റെ  നേതൃത്വത്തിലും അന്വേഷണം നടത്തുകയുണ്ടായി. കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥർക്കെതിരെ കേസ് എടുത്ത് അന്വേഷണം നടത്താൻ ശുപാർശ ചെയ്തുകൊണ്ടുള്ള രണ്ടു അന്വേഷണ സംഘത്തിന്റെയും റിപ്പോർട്ടുകൾ അംഗീകരിച്ചുകൊണ്ടാണ് ഡി ജി പി ഇപ്പോൾ നടപടിക്ക് ശുപർശ ചെയ്തിട്ടുള്ളത്. പോലീസ്   സ്വമേധയാ കേസ് എടുത്ത് അന്വേഷിക്കുകയോ വിജിലൻസിന് കൈമാറി അന്വേഷണം നടത്തുകയോ വേണമെന്ന് ഡി വൈ എസ് പിയും ക്രൈം ബ്രാഞ്ച് എസ് പിയും ആഭ്യന്തര വകുപ്പിന് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. കേരള - കർണാടക അതിർത്തിയായ തലപ്പാടി മുതൽ ജില്ലാ അതിർത്തിയായ കാലിക്കടവ് വരെയുള്ള ദേശീയ പാതയിലൂടെ ശക്തമായ പട്രോളിംഗ് സംവിധാനമുണ്ട്. എന്നാൽ മണൽ മാഫിയ സംഘങ്ങൾ പട്രോളിംഗ് സംഘത്തിലെ പോലീസ്, എക്‌സൈസ്, മോട്ടോർ വെഹിക്കിൾ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ അവിഹിതമായി സ്വാധീനിച്ച്  വൻതോതിൽ മണൽ കടത്തുന്നുണ്ടെന്ന് നേരത്തെ വ്യാപകമായ പരാതി ഉയർന്നിരുന്നു. ഉന്നതതല അന്വേഷണത്തിൽ കൈക്കൂലി ആരോപണങ്ങൾ ശരിവെക്കുന്ന വിവരങ്ങളാണ് ലഭിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. കർണാടകയിൽ നിന്നും മണൽ കയറ്റി വരുന്ന ലോറികൾ ചില കേന്ദ്രങ്ങളിൽ തടഞ്ഞുനിർത്തി കൈക്കൂലി ചോദിച്ചു വാങ്ങി കടത്തിവിടുകയാണ് പതിവ്. രാത്രി എട്ടു മുതൽ പുലർച്ചെ വരെ നൂറുകണക്കിന് മണൽ ലോറികളാണ് അതിർത്തി കടന്നുവരുന്നത്. കാസർകോട് ജില്ലയിലെ കടവുകളിൽ ശക്തമായ നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണ് മണൽ മാഫിയകൾ കർണാടക കേന്ദ്രീകരിച്ചു കേരളത്തിലേക്ക് മണൽ കടത്ത് ആരംഭിച്ചത്. മഞ്ചേശ്വരം ചെക്ക്‌പോസ്റ്റുകളിലെ ചില ഉദ്യോഗസ്ഥരുടെ അറിവോടെയാണ് അനധികൃതമായി മണൽ കൊണ്ടുവരുന്നതെന്ന് കണ്ടെത്തിയിരുന്നു. കേരളത്തിൽ മണലിന് മോഹവിലയാണ് ലഭിക്കുന്നത്. പക്ഷേ കർണാടകയിൽ നിസ്സാര വിലക്കാണ് മണൽ കിട്ടുന്നത്. ഇതാണ് മണൽ മാഫിയ കർണാടക കേന്ദ്രീകരിച്ചു കടത്തു തുടങ്ങാൻ കാരണമായത്. കാസർകോട് ജില്ലയിൽ മാത്രമല്ല കണ്ണൂർ, കോഴിക്കോട്, മലപ്പുറം , തൃശൂർ, വയനാട് തുടങ്ങിയ ജില്ലകളിലേക്ക് കർണാടകയിൽ നിന്ന് മണൽ ലോറികൾ പോകുന്നുണ്ട്. പരിശോധന നടത്താൻ നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥർ ഈ അവസരം മുതലെടുത്താണ് കാശ് ഉണ്ടാക്കുന്നത്. 


 

Latest News