തായിഫ്- ദേശീയദിനാവധി പ്രയോജനപ്പെടുത്തിയതിന് സൗദി യുവാവിനെ സ്വകാര്യ സ്ഥാപനം പിരിച്ചു വിട്ടതിൽ തായിഫ് ലേബർ ഓഫീസ് അന്വേഷണം ആരംഭിച്ചു. അന്യായമായി പിരിച്ചു വിട്ടതിനെതിരെ യുവാവ് ലേബർ ഓഫീസിന് പരാതി നൽകുകയായിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായി സ്ഥാപന ഉടമയെ ലേബർ ഓഫീസ് വിളിപ്പിച്ചിട്ടുണ്ട്. ഇത്തവണ ദേശീയദിനത്തിന് രണ്ടു ദിവസം അവധി നൽകിയിരുന്നു. ദേശീയദിനമായ സെപ്റ്റംബർ 23 നു പുറമെ 24 ന് കൂടി സർക്കാർ, സ്വകാര്യ ജീവനക്കാർക്ക് അവധി നൽകിയിരുന്നു. ഇതുപ്രകാരം സെപ്റ്റംബർ 24 ന് തിങ്കളാഴ്ച ജോലിക്ക് ഹാജരാകാത്തതിനാണ് സൗദി യുവാവിനെ സ്ഥാപനം പിരിച്ചുവിട്ടത്. നോട്ടീസ് നൽകാതെ, അന്യായമായാണ് തന്നെ പിരിച്ചുവിട്ടതെന്ന് സൗദി യുവാവ് ഫഹദ് സ്വലാഹ് അൽറൂഖി പറഞ്ഞു. സ്വകാര്യ സ്ഥാപനത്തിനു കീഴിൽ തായിഫിൽ പ്രവർത്തിക്കുന്ന ശാഖയിൽ മാനേജറായി എട്ടു മാസം മുമ്പാണ് തന്നെ നിയമിച്ചത്. ഇക്കാലയളവിൽ ഒരു ദിവസം പോലും ജോലിയിൽ നിന്ന് വിട്ടുനിന്നിട്ടില്ല. നിയമാനുസൃതമുള്ള അവധികൾ മാത്രമാണ് പ്രയോജനപ്പെടുത്തിയിരുന്നത്. ദേശീയദിനം പ്രമാണിച്ച് ഞായറാഴ്ച അവധിയായിരിക്കുമെന്ന് ജീവനക്കാരെ കമ്പനി അറിയിച്ചിരുന്നു. ദേശീയദിനാവധി തിങ്കളാഴ്ചയിലേക്ക് ദീർഘിപ്പിക്കുന്നതിന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ഉത്തരവിട്ടിരുന്നു. ഇതുപ്രകാരം താൻ തിങ്കളാഴ്ച രാവിലെ ജോലിക്ക് ഹാജരായിരുന്നില്ല. തിങ്കളാഴ്ച വൈകീട്ട് തന്നെ സ്ഥാപനത്തിലേക്ക് വിളിച്ചുവരുത്തി താക്കോലുകളും മറ്റും കൈമാറുന്നതിന് ആവശ്യപ്പെടുകയായിരുന്നു. ഓഫീസിൽനിന്ന് പുറത്തിറങ്ങിയ ഉടൻ രാജിവെച്ചതിനാൽ തന്നെ ജോലിയിൽ നിന്ന് അകറ്റിനിർത്തിയ കാര്യം അറിയിച്ച് ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിൽ നിന്ന് മെസ്സേജ് ലഭിച്ചു. ജോലിയിൽ നിന്ന് താൻ രാജിവെച്ചതല്ല. ദേശീയദിനാവധി പ്രയോജനപ്പെടുത്തിയതാണ് തന്നെ പിരിച്ചുവിടുന്നതിന് കാരണമെന്നും ഫഹദ് സ്വലാഹ് അൽറൂഖി പറഞ്ഞു.
അതേസമയം, പുതിയ ജിദ്ദ എയർപോർട്ട് പദ്ധതി നടപ്പാക്കുന്ന കമ്പനി 21 എൻജിനീയർമാർ അടക്കം 63 സൗദികളെ കൂട്ടത്തോടെ പിരിച്ചുവിട്ടതായി പരാതി. കമ്പനി പ്ലാനിംഗ് വിഭാഗം മാനേജറായിരുന്ന സൗദി യുവാവ് മുഹമ്മദ് അൽശഹ്‌രിയെ പിരിച്ചുവിട്ട് തൽസ്ഥാനത്ത് 30,000 റിയാൽ വേതനത്തിന് വിദേശിയെ നിയമിച്ച് ഒരു മാസം പിന്നിടുന്നതിനു മുമ്പാണ് കമ്പനി എൻജിനീയർമാർ അടക്കം 63 സൗദികളെ കൂടി പിരിച്ചുവിട്ടത്. സൗദികളെ കൂട്ടത്തോടെ പിരിച്ചുവിട്ടതിൽ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം അടക്കമുള്ള വകുപ്പുകൾ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശിക്ഷാ നടപടികളെടുക്കണമെന്ന് പിരിച്ചുവിടലിനിരയായ സൗദി എൻജിനീയർ മുഹമ്മദ് അൽസവാത് ആവശ്യപ്പെട്ടു.