കണ്ണൂർ- ഏറെ കോളിളക്കം സൃഷ്ടിച്ച, നാറാത്ത് ആയുധ പരിശീലന കേസിൽ ശിക്ഷിക്കപ്പെട്ട അഞ്ചുപേർ ജയിൽ മോചിതരായി. മുഴുവൻ പ്രതികളും ശിക്ഷാകാലാവധി കഴിഞ്ഞ് നവംബർ പകുതിയോടെ ജയിൽ മോചിതരാകും.
പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ 21 പ്രതികളിൽ മൂന്നാം പ്രതി നാറാത്ത് സ്വദേശി കെ.കെ. ജംഷീർ, നാലാം പ്രതി ടി.പി. അബ്ദുസ്സമദ്, അഞ്ചാം പ്രതി മുഹമ്മദ് സംവ്രീത്, ആറാം പ്രതി സി.നൗഫൽ, ഏഴാം പ്രതി സി.റിക്കാസുദ്ദീൻ എന്നിവരാണ് പൂജപ്പുര സെൻട്രൽ ജയിൽനിന്ന് പുറത്തിറങ്ങിയത്. കേസിൽ ശിക്ഷിക്കപ്പെട്ട രണ്ടാം പ്രതി പി.സി.ഫഹദ് പൂജപ്പുര ജയിലിലും മറ്റുള്ളവർ കണ്ണൂർ, വിയ്യൂർ സെൻട്രൽ ജയിലുകളിലുമാണ് കഴിയുന്നത്. ഇവർ നവംബർ പകുതിയോടെ ജയിൽ മോചിതരാകുമെന്നാണ് ലഭിക്കുന്ന വിവരം.
2013 ഏപ്രിൽ 23 ന് കണ്ണൂർ നാറാത്ത് തണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ മറവിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ആയുധ പരിശീലനം നടത്തിയെന്നാണ് കേസ്.യു.എ.പി.എ ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ പ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തത്. തുടർന്ന് ഒന്നാം പ്രതിക്ക് ഏഴു വർഷവും മറ്റുള്ളവർക്ക് അഞ്ചു വർഷവും നിയമ വിരുദ്ധ പ്രവർത്തനം തടയൽ നിയമ (യു.എ.പി.എ) പ്രകാരം ഐ.എൻ.ഐ കോടതി ശിക്ഷ വിധിച്ചു. പിന്നീട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് യു.എ.പി.എ, മതസ്പർധ വളർത്തൽ, ദേശവിരുദ്ധ പ്രവർത്തനം സംബന്ധിച്ച ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പുകൾ എന്നിവ ഒഴിവാക്കി. കൂടാതെ, എല്ലാവരുടെയും ശിക്ഷ ആറു വർഷമാക്കി ക്രമീകരിക്കുകയും ചെയ്തു. യു.എ.പി.എ ഒഴിവാക്കിയതിനെതിരേ എൻ.ഐ.എ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. 22 ാം പ്രതി എ. കമറുദ്ദീനെ കുറ്റക്കാരനല്ലെന്നു കണ്ട് എൻ.ഐ.എ കോടതി വെറുതെ വിട്ടിരുന്നു. കമറുദ്ദീന്റെ പൂട്ടിക്കിടക്കുന്ന വീട്ടിൽ നിന്നാണ് ആയുധങ്ങളും മറ്റും പിന്നീട് കണ്ടെടുത്തത്.
കണ്ണൂർ ഡിവൈ.എസ്.പിയായിരുന്ന പി.സുകുമാരന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് നാറാത്ത് ആയുധ പരിശീലന കേന്ദ്രം കണ്ടെത്തിയത്. പിന്നീട് ഈ കേസ് എൻ.ഐ.എയുടെ ഹൈദരാബാദ് ടീമാണ് അന്വേഷിച്ചത്. ശിവപുരം സ്വദേശി പുതിയ വീട്ടിൽ പി.വി.അസീസ് (39), ഏച്ചൂരിലെ ആയിഷാ കോട്ടേജിൽ പി.സി.ഫഹദ് (27), മുഴപ്പിലങ്ങാട് പുതിയപുരയ്ക്കൽ അബ്ദുസമദ് (28), തോട്ടട കിഴുന്ന കാഞ്ഞങ്ങാട്ടെ പള്ളിക്കു സമീപം ഷുക്കൂർ ഹൗസിൽ മുഹമ്മദ് സംറീദ് (25), തലശ്ശേരി പുരക്കായി വീട്ടിൽ നൗഫൽ (23), എടക്കാട് ബീച്ച് റോഡിൽ ജമീലാ മൻസിലിൽ എ.ജെ.ഫൈസൽ (21), മുഴപ്പിലങ്ങാട് ആയിഷാ ഹൗസിൽ പി.ജംഷീർ (20), മുഴപ്പിലങ്ങാട് മറീനാ മൻസിലിൽ ഷഫീക്ക് (25), മുഴപ്പിലങ്ങാട് ബൈത്തുൽ റാഹയിൽ സി.റിയാസ് (23), നാറാത്ത് കുമ്മായക്കടവ് വീട്ടിൽ കെ.കെ.ജംഷീർ (26), എടക്കാട് ബീച്ച് റോഡിൽ ബൈത്തുൽ ഹദിൽ എ.പി. മിസാജ് (25), മുഴപ്പിലങ്ങാട് ഷിജിൻസിൽ വി.ഷിജിൻ (23), തലശേരി നെട്ടൂർ കുന്നോത്ത് ജുമാ മസ്ജിദിനു സമീപം ശരീഫാ മൻസിലിൽ മുഹമ്മദ് അബ്‌സീർ (20), കോയ്യോട് സുബൈദാ മൻസിലിൽ സി. അജ്മൽ (21), വെട്ടായി കണിയാന്റവിടെ കെ.സി. ആഷിം (24), എരുവട്ടി കോവൂരിലെ ബൈത്തുൽ അലീമയിൽ സി.പി.നൗഷാദ് (32), മുഴപ്പിലങ്ങാട് ഷർമിനാസിൽ ഇ.കെ.റാഷിദ് (21), മുഴപ്പിലങ്ങാട് സുഹറാ മൻസിലിൽ എ.കെ. സുഹൈൽ (22), എടക്കാട് മർവാ മൻസിലിൽ പി.എം.അജ്മൽ (20), കോട്ടൂർ അസ്ഫാ മൻസിലിൽ ഒ.കെ.ആഷിക് (26), മുഴപ്പിലങ്ങാട് റുബൈദ് വില്ലയിൽ കെ.പി.റബാഹ് (27) എന്നിവരാണ് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും സഹിതം പിടിയിലായത്. തണൽ എന്ന ചാരിറ്റബിൾ സംഘടനയുടെ കെട്ടിടത്തിലായിരുന്നു റെയ്ഡ്.
പിടിയിലായവരിൽ നിന്നും 12 ഓളം എ.ടി.എം കാർഡുകൾ പിടിച്ചെടുത്തിരുന്നു. ഇവരിൽ ഫഹദിന്റെ പേരിൽ മാത്രം എട്ട് എ.ടി.എം കാർഡുകളുണ്ടായിരുന്നു. ഇന്ത്യൻ മുജാഹിദീൻ എന്ന നിരോധിത സംഘടനയ്ക്കു സാമ്പത്തിക സഹായം നൽകി വരുന്ന മംഗലാപുരം ബട്കൽ സ്വദേശിയുടെ അക്കൗണ്ടിൽ നിന്നടക്കം ഈ അക്കൗണ്ടുകളിലേക്കു പല തവണ പണമെത്തിയിട്ടുണ്ടെന്ന് പോലീസ് അന്വേഷണത്തിൽ വിവരം ലഭിച്ചിരുന്നു.
പ്രതികൾക്കെതിരെ തീവ്രവാദ നിരോധന നിയമമനുസരിച്ചാണ് കേസെടുത്തിരുന്നത്. കണ്ണൂരിൽ ആദ്യമായി യു.എ.പി.എ ചുമത്തിയ കേസാണിത്. അറസ്റ്റിലായതു മുതൽ പ്രതികളെല്ലാവരും ജയിലിലായിരുന്നു. ഒരു ഘട്ടത്തിലും ജാമ്യം ലഭിച്ചിരുന്നില്ല.