കൊച്ചി- കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന മുന്‍ ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജാമ്യം അനുവദിക്കപ്പെട്ടാല്‍ അന്വേഷണത്തെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നും അന്വേഷണം നിര്‍ണായക ഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ ജാമ്യം അനുവദിക്കാനാവില്ലെന്നും വ്യക്തമാക്കിയാണ് ഹര്‍ജി കോടതി തള്ളിയത്. സാക്ഷികളെയടക്കം സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന പരാതിയില്‍ മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇത് കോടതി ഗൗരവത്തിലെടുത്തു. ഉന്നത സ്വാധീനമുള്ള വ്യക്തിയായ പ്രതിക്ക് ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിച്ചേക്കാമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
പോലീസ് ഹാജരാക്കിയ കേസ് ഡയറിയും തെളിവുകളും കോടതിയി പരിശോധിച്ചാണ് ബിഷപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി വ്യക്തമാക്കിയത്. പീഡനം നടന്ന കുറവിലങ്ങാട് മഠത്തിലെ അഞ്ച് കന്യാസ്ത്രീകളടക്കമുള്ളവരുടെ രഹസ്യ മൊഴി രേഖപ്പെടുത്താനുണ്ട്. അന്വേഷണം നിര്‍ണായക ഘട്ടത്തിലെത്തിയിരിക്കുന്ന ഈ സമയത്ത് ജാമ്യം നല്‍കുന്നത് കേസ് അട്ടിമറിക്കപ്പെടാന്‍ ഇടയാക്കുമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രൊസിക്യൂഷന്റെ വാദം കോതി അംഗീകരിക്കുകയായിരുന്നു.