കൊടുങ്ങല്ലൂർ- മുൻ നക്‌സൽ നേതാവും പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനുമായ നജ്മൽ ബാബു (ടി.എൻ ജോയ്-69) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രി എട്ടോടെ കൊടുങ്ങല്ലൂർ മെഡി കെയർ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. ഇക്കഴിഞ്ഞ ദിവസം വരെ പൊതു പ്രവർത്തന രംഗത്ത് സജീവമായിരുന്നു. കൊടുങ്ങല്ലൂർ സ്വദേശിയായ നജ്മൽ ബാബു തൈവാലത്ത് നീലകണ്ഠ ദാസൻ-ദേവയാനി ദമ്പതികളുടെ മകനാണ്. 1970 കാലഘട്ടത്തിൽ നക്‌സൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അദ്ദേഹം അടിയന്തരാവസ്ഥ കാലത്ത് അറസ്റ്റ് ചെയ്യപ്പെട്ടു. തടവറയിൽ ക്രൂരമായ മർദനങ്ങൾക്ക് ഇരയായി. നക്‌സലൈറ്റുകളിലെ ബുദ്ധിജീവി വിഭാഗത്തിലെ പ്രമുഖൻ. കെ.വേണു, സച്ചിദാനന്ദൻ, അജിത, ഭാസുരേന്ദ്ര ബാബു എന്നിവരോടൊത്ത് പ്രവർത്തിച്ചു. അടിയന്തരാവസ്ഥ തടവുകാർക്ക് പെൻഷൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരങ്ങളുടെ മുന്നണി പോരാളിയായിരുന്നു.
അവിഭക്ത സിപിഐ(എം.എൽ) സംസ്ഥാന സെക്രട്ടറിയായിരുന്ന അദ്ദേഹം 2015 ഏപ്രിലിൽ ഇസ്‌ലാം സ്വീകരിച്ചു. ഫാസിസത്തിന്റെ ഒന്നാമത്തെ ഇര മുസ്്‌ലിംകൾ ആയതിനാൽ അവർക്കൊപ്പം നിൽക്കുക എന്നതാണ് സത്യസന്ധമായ നിലപാടെന്ന് പ്രഖ്യാപിച്ചായിരുന്നു ഇസ് ലാം മതം സ്വീകരിച്ചത്. ജാതീയതക്കെതിരായ പോരാട്ടത്തിന്റെ തുടർച്ചയാണ് തന്റെ മത പരിവർത്തനമെന്നും നജ്മൽ ബാബു പ്രഖ്യാപിച്ചു. മലയാളം ന്യൂസിലെ സ്ഥിരം എഴുത്തുകാരനായിരുന്നു.
ഇന്ന് രാവിലെ ഒമ്പത് മുതൽ കൊടുങ്ങല്ലൂർ മേത്തല ഹെൽത്ത് സെന്ററിൽ പൊതുദർശനത്തിന് വയ്ക്കുന്ന മൃതദേഹം ഉച്ചതിരിഞ്ഞ് 3 മൂന്ന് മുതൽ പോലീസ് സ്‌റ്റേഷൻ മൈതാനത്ത് പൊതുദർശനത്തിന് വയ്ക്കും. സഹോദരങ്ങൾ: ടി.എൻ കുമാരൻ, ടി.എൻ ജയചന്ദ്രൻ (ഐ.എ.എസ്), ടി.എൻ.പ്രേമൻ, ടി.എൻ.മോഹനൻ.