കാസർകോട്- ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ നഗ്‌നചിത്രം കാട്ടി പീഡിപ്പിച്ച കേസിലെ മുഖ്യ പ്രതി ബദിയടുക്കയിലെ സുഹറാബി (38) പോലീസിൽ കീഴടങ്ങി. കാസർകോട് ഡിവൈ.എസ്.പി ഓഫീസിലെത്തിയാണ് സുഹറാബി അന്വേഷണ ഉദ്യോഗസ്ഥനായ ബദിയടുക്ക എസ്.ഐ മെൽവിൻ ജോസിന് മുമ്പാകെ കീഴടങ്ങിയത്. അഭിഭാഷകനോടും ബന്ധുക്കൾക്കുമൊപ്പമാണ് സുഹറാബി ഡിവൈ.എസ്.പി ഓഫീസിലെത്തിയത്. കീഴടങ്ങുന്ന വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് എസ്.ഐ കാസർകോട്ടെത്തിയത്. ചോദ്യം ചെയ്യൽ നടപടികളും മറ്റും പൂർത്തിയാക്കി ബുധനാഴ്ച രാവിലെ സുഹറാബിയെ കാസർകോട് കോടതിയിൽ ഹാജരാക്കുമെന്ന് എസ്.ഐ മെൽവിൻ ജോസ് പറഞ്ഞു. സുഹറാബി ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളുകയും പ്രതിയോട് അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ കീഴടങ്ങാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. കേസിൽ പ്രതിയായ സുഹറാബിയുടെ ഭർത്താവ് അബൂബക്കർ ഗൾഫിലാണ്. ഇയാളെ നാട്ടിലെത്തിക്കാനും പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. സുഹറാബി ബംഗളൂരുവിലും നാട്ടിലുമായാണ് ഒളിവിൽ കഴിഞ്ഞിരുന്നത്.