റിയാദ്- അല്‍നഫ്ല്‍ ഡിസ്ട്രിക്ടില്‍ അഗ്നിബാധയുണ്ടായ വൈദ്യുതി നിലയത്തില്‍ എണ്ണ ടാങ്കുകള്‍ തണുപ്പിക്കുന്ന ജോലികള്‍ സിവില്‍ ഡിഫന്‍സ് തുടരുന്നു. അഗ്നിബാധയെ തുടര്‍ന്ന് എണ്ണ ടാങ്കുകളിലെ താപനില ഉയര്‍ന്നിരുന്നു. ഇതു മൂലം വീണ്ടും അഗ്നിബാധയുണ്ടാകുന്നതിനുള്ള സാധ്യത കണക്കിലെടുത്താണ് ടാങ്കുകള്‍ സിവില്‍ ഡിഫന്‍സ് തണുപ്പിച്ചത്.
വൈദ്യുതി നിലയത്തിലെ ട്രാന്‍സ്‌ഫോര്‍മറുകളില്‍ പടര്‍ന്നുപിടിച്ച തീ അണക്കുന്നതിന് ശ്രമിച്ചതോടൊപ്പം തന്നെ സാങ്കേതിക നടപടികളും സിവില്‍ ഡിഫന്‍സ് കൈക്കൊണ്ടിരുന്നു. അഗ്നിശമന പ്രവര്‍ത്തനങ്ങള്‍ സുരക്ഷിതമായി നടത്തുന്നതിന് സാഹചര്യമൊരുക്കുന്നതിന് ഹൈടെന്‍ഷന്‍ വൈദ്യുതി വിച്ഛേദിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തുകയും സിവില്‍ ഡിഫന്‍സ് അധികൃതര്‍ക്ക് സുരക്ഷിതമായി പ്രവേശിക്കുന്നതിന് സാധിക്കുന്നതിന് സംഭവസ്ഥലത്ത് താപനില കുറക്കുന്നതിന് നടപടികളെടുക്കുകയും ചെയ്തു.
സൗദി ഇലക്ട്രിസിറ്റി കമ്പനിക്കു കീഴിലെ വൈദ്യുതി നിലയത്തില്‍ അഗ്നിബാധയുണ്ടായതായി തിങ്കളാഴ്ച വൈകിട്ട് മൂന്നു മണിക്കാണ് സിവില്‍ ഡിഫന്‍സ് കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചത്. 500 കെ.വിയുടെ രണ്ടു ട്രാന്‍സ്‌ഫോര്‍മറുകളിലാണ് തീ പടര്‍ന്നു പിടിച്ചത്. സംഭവ സമയത്ത് ഇവയില്‍ ഒന്നേകാല്‍ ലക്ഷം ലിറ്റര്‍ എണ്ണ വീതമുണ്ടായിരുന്നു.