ബാഴ്‌സലോണ - ബാഴ്‌സലോണാ ക്യാപ്റ്റൻ ലിയണൽ മെസ്സിയും വെറ്ററൻ ഡിഫന്റർ ജെറാഡ് പിക്വെയും തമ്മിലുള്ള ബന്ധം പൂർണമായും ശിഥിലമായതായി റിപ്പോർട്ട്.
സ്പാനിഷ് ലീഗിൽ തുടർച്ചയായ മൂന്നു കളികളിൽ ബാഴ്‌സലോണക്ക് തിരിച്ചടിയേറ്റതാണ് കാരണം. പിക്വെ നേതൃത്വം നൽകുന്ന പ്രതിരോധം വളരെ മോശം പ്രകടനമാണ് കാഴ്ചവെക്കുന്നത്. ടീം പ്രതിസന്ധി നേരിടുമ്പോൾ മെസ്സി മാധ്യമങ്ങളെ നേരിടുന്നില്ലെന്നും അർജന്റീനയിലായിരിക്കുമ്പോഴേ മാധ്യമങ്ങളോട് സംസാരിക്കാൻ തയാറാവുന്നുള്ളൂ എന്നും പിക്വെക്കും പരാതിയുണ്ട്.
കഴിഞ്ഞ അഞ്ച് സ്പാനിഷ് ലീഗ് മത്സരങ്ങളിലും ബാഴ്‌സലോണ ഗോൾ വഴങ്ങിയിരുന്നു. പ്രത്യേകിച്ചും പിക്വെ നിരന്തരം പിഴവ് വരുത്തി. പിക്വെയും മെസ്സിയും ബാഴ്‌സലോണയുടെ ലാ മാസിയ അക്കാദമിയുടെ ഉൽപന്നങ്ങളാണ്. പിക്വെ പിന്നീട് കുറച്ചുകാലം മാഞ്ചസ്റ്റർ യുനൈറ്റഡിലായിരുന്നു. ഒരുമിച്ച് അവർ ഏഴ് തവണ സ്പാനിഷ് ലീഗ് കിരീടം നേടിയിട്ടുണ്ട്. മൂന്നു തവണ ചാമ്പ്യൻസ് ലീഗും സ്വന്തമാക്കി. ആന്ദ്രെസ് ഇനിയെസ്റ്റ കഴിഞ്ഞ സീസണിനൊടുവിൽ ക്ലബ് വിട്ടതോടെയാണ് മെസ്സി ക്യാപ്റ്റനായത്.