മുംബൈ - ഉജ്വലമായ എവേ ജയത്തോടെ ജാംഷഡ്പൂർ എഫ്.സി അഞ്ചാമത് ഐ.എസ്.എല്ലിൽ കുതിപ്പ് തുടങ്ങി. മുംബൈ സിറ്റി എഫ്.സിയെ അവർ എതിരില്ലാത്ത രണ്ടു ഗോളിന് തോൽപിച്ചു. ആദ്യ പകുതിയിൽ മാരിയൊ അർക്വേസിന്റെ ഹെഡറിലൂടെ മുന്നിലെത്തിയ സന്ദർശകർ അവസാന മിനിറ്റുകളിൽ പാബ്‌ലൊ മോർഗാദൊ നേടിയ ഗോളിൽ വിജയമുറപ്പിച്ചു.
ആദ്യ പകുതിയിൽ കളം നിറഞ്ഞു കളിച്ച അർക്വേസ് ഇരുപത്തെട്ടാം മിനിറ്റിലാണ് ഐ.എസ്.എൽ അരങ്ങേറ്റത്തിൽ ഗോളടിച്ചത്. ഇഞ്ചുറി ടൈമിലായിരുന്നു മോർഗാദൊ സ്‌കോർ ചെയ്തത്.
ഗോൾകീപ്പർ അമരീന്ദർ സിംഗാണ് മുംബൈ സിറ്റിയെ നയിച്ചത്. ഇന്ത്യൻ താരം സുഭാശിഷ് ബോസ് അരങ്ങേറി. ഓസ്‌ട്രേലിയൻ താരം ടിം കഹീലും ഗോൾകീപ്പർ സുബ്രതപോളും സസ്‌പെൻഷനിലായതിനാൽ ഇന്ത്യൻ താരം സുമീത് പാസിയാണ് ജാംഷഡ്പൂരിനെ നയിച്ചത്. ടീമിലെ നാല് സ്പാനിഷ് കളിക്കാരും സ്റ്റാർടിംഗ് ഇലവനിലുണ്ടായിരുന്നു.
സമർഥമായ നീക്കത്തിനൊടുവിലാണ് ആദ്യ ഗോൾ പിറന്നത്. ആർക്വേസിന്റെ ഡയഗണൽ ക്രോസ് ബോക്‌സിൽ കാർലോസ് കാൽവൊ നിയന്ത്രണത്തിലാക്കി. അപ്പോഴേക്കും ആർക്വേസ് ബോക്‌സിലേക്ക് പാഞ്ഞെത്തിയിരുന്നു. കാൽവോയുടെ പാസ് ആർക്വേസിന് ഹെഡ് ചെയ്യാൻ പാകത്തിലായിരുന്നു.
ഗോൾ വീണിട്ടും മുംബൈ ഉണർന്നില്ല. രണ്ടാം പകുതിയിലും ജാംഷഡ്പൂർ തന്നെയാണ് ആധിപത്യം പുലർത്തിയത്. സ്പാനിഷ് കളിക്കാരുടെ അതിവേഗ പ്രത്യാക്രമണത്തിൽ നിന്നായിരുന്നു അവരുടെ രണ്ടാം ഗോൾ. സെർജിയൊ സിഡോഞ്ഞ വെട്ടിത്തിരിഞ്ഞ് വലതു വിംഗിൽ പാബ്‌ലോക്ക് പന്ത് കൈമാറി. ഏതാനും ടച്ചുകളിലൂടെ പന്ത് നിയന്ത്രിച്ച ശേഷം പാബ്‌ലൊ പന്ത് ഗോളിയെ കടത്തി വലയിലേക്ക് പായിച്ചു.